'വാഴ 2' വില്‍ ശ്രദ്ധ നേടിയ കോമ്പോ ആയിരുന്നു അലനും വേദ ശങ്കറും. അലന്‍റെ പെങ്ങളായിരുന്നു വേദ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തില്‍ പല്ലു തേക്കുന്നതിനിടയില്‍ വേദ അലന്‍റെ മുഖത്ത് തുപ്പുന്ന രംഗമുണ്ടായിരുന്നു. ഇത് ചിത്രീകരിച്ചതിന് പിന്നിലെ കഥ പറയുകയാണ് വേദ. അലന്‍റെ ഐഡിയ ആയിരുന്നു ആ രംഗമെന്നും ഒറ്റ ഷോട്ടിലാണ് എടുത്തതെന്നും വേദ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
'ബ്രഷും പേസ്റ്റും ഉണ്ടായിരുന്നു അവിടെ. അലന്‍ ചേട്ടന്‍ പറഞ്ഞു, നമുക്ക് പേസ്റ്റ് തുപ്പി ചെയ്തുനോക്കിയാലോ എന്ന്. അത് വേണോ എന്ന് ഞാന്‍ ചോദിച്ചു. തുപ്പണോ എന്നൊക്കെ ആലോചിക്കുവായിരുന്നു. മുഖത്ത് ഒറ്റ തുപ്പായിരുന്നു. കണ്ണ് നീറിയിട്ട് അലന്‍ ചേട്ടന്‍ ഒറ്റ ഓട്ടമായിരുന്നു. കണ്ണ് നീറിയിട്ട് ഇനി എടുക്കില്ലെന്ന് അലന്‍ ചേട്ടന്‍ പറഞ്ഞു. അത് ഒറ്റ ഷോട്ടായിരുന്നു,' വേദ പറഞ്ഞു.
അതേസമയം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് വാഴ 2. 124 കോടി നേടിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. റിലീസായി നാലാം വാരത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കേരളത്തില്‍ ടോപ്പ് കളക്ടഡ് മലയാളം ചിത്രങ്ങളില്‍ ഒന്നാമതായി 'വാഴ 2'. കല്യാണി പ്രിയദര്‍ശന്‍റെ 'ലോക; ചാപ്റ്റര്‍ വണ്‍ ചന്ദ്ര'യെ മറികടന്നാണ് 'വാഴ 2'വിന്‍റെ നേട്ടം. ഈ റെക്കോര്‍ഡില്‍ 'ലോക'ക്കൊപ്പം 'തുടരും', '2018', 'എമ്പുരാന്‍' എന്നീ ചിത്രങ്ങളേയും 'വാഴ 2' പിന്നിലാക്കി.