പ്രസവത്തെക്കുറിച്ചുള്ള അഖിൽ മാരാരുടെ വിവാദ പരാമർശങ്ങൾക്ക് മറുപടിയുമായി കുണ്ടറയിലെ എൻഡിഎ സ്ഥാനാർഥി ഡോ. റോബിൻ രാധാകൃഷ്ണൻ. പ്രസവം എന്നത് സ്ത്രീകൾ ആസ്വദിച്ചിരുന്ന ഒന്നാണെന്ന അഖിൽ മാരാരുടെ വാദത്തെ തള്ളിയ റോബിൻ, ഒരു സ്ത്രീയായി ജീവിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്നും പ്രസവവേദന എന്നത് വിവരിക്കാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ ചാനലിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എൻഡിഎ സ്ഥാനാർഥികളായിരുന്ന ഇരുവരും തമ്മിലുള്ള ഈ അഭിപ്രായവ്യത്യാസം ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. 

പ്രസവസമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്നത് പത്തുമുതൽ ഇരുപതുവരെ എല്ലുകൾ ഒടിയുന്നതിന് തുല്യമായ വേദനയാണെന്ന് റോബിൻ ഓർമ്മിപ്പിച്ചു. ഗർഭാവസ്ഥയുടെ തുടക്കം മുതൽ ഉറക്കക്കുറവ്, മൂഡ് സ്വിങ്സ്, ഹോർമോൺ വ്യതിയാനങ്ങൾ എന്നിങ്ങനെ നിരവധി ശാരീരികവും മാനസികവുമായ വെല്ലുവിളികളിലൂടെയാണ് ഓരോ സ്ത്രീയും കടന്നുപോകുന്നത്. ആണുങ്ങൾക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയുന്ന ഒന്നല്ല ഇതെന്നും, പിരീഡ്‌സ് സമയത്ത് പോലും കടുത്ത വേദന അനുഭവിക്കുന്നവരാണ് സ്ത്രീകളെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികൾ പ്രസവത്തെ കച്ചവടമാക്കുന്നു എന്ന അഖിൽ മാരാരുടെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കവേ, ആശുപത്രികളുടെ കാര്യങ്ങൾ മറ്റൊരു വിഷയമാണെന്നും എന്നാൽ സ്ത്രീകൾ അനുഭവിക്കുന്ന വേദനയെ നമ്മൾ ബഹുമാനിക്കണമെന്നും റോബിൻ കൂട്ടിചേർത്തു. അമ്മമാർ അനുഭവിച്ച കഷ്ടപ്പാടുകൾ കൊണ്ടാണ് ഓരോ മനുഷ്യനും ഈ ലോകത്തേക്ക് വന്നതെന്നും ആ നന്ദി ജീവിതകാലം മുഴുവൻ അമ്മമാരോട് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ, പ്രസവം പഴയകാലത്ത് സ്ത്രീകൾ ആസ്വദിച്ചിരുന്ന ഒന്നായിരുന്നുവെന്നും പിന്നീട് ആശുപത്രികൾ ഇടപെട്ട് അത് സങ്കീർണ്ണമാക്കി മാറ്റിയതാണെന്നുമായിരുന്നു അഖിൽ മാരാരുടെ വിഡിയോ. ഇത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യപ്രവർത്തകൻ കൂടിയായ ഡോ. റോബിൻ രാധാകൃഷ്ണൻ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

ENGLISH SUMMARY:

Dr. Robin Radhakrishnan hits back at Akhil Marar's controversial statement regarding childbirth. Robin emphasized that labor pain is unimaginable for men and equivalent to breaking 20 bones, countering Marar's claim that women used to enjoy childbirth.