'പേട്രിയറ്റ്' സിനിമയുടെ പ്രസ് മീറ്റില്‍ തമിഴ് നടനും ഇന്‍ഫ്ളുവന്‍സറുമായ എബിസണ്‍ തേവരസയെ പറ്റി മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തനിക്ക് സിനിമയില്‍ അവസരം ലഭിച്ചതിനെ പറ്റി സംസാരിച്ച് എബിസണ്‍ വികാരാധീനനാവുന്നതിനെ പറ്റിയാണ് മമ്മൂട്ടി സംസാരിച്ചത്. സിനിമയില്‍ പുതുമുഖമായ എബിസണ് ഉണ്ടായ അതേ ആഗ്രഹം തനിക്ക് ഇന്നും സിനിമയോട് ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. 

'യൂത്ത് എന്ന് പറയുന്ന ഒരു സിനിമയുടെ സക്സസ് മീറ്റ് കണ്ടു. ഒരുപാട് പിള്ളേര് സംസാരിച്ചു. അതില്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ അതില്‍ സന്തോഷവും വരുന്നു സങ്കടവും വരുന്നു. ഞാന്‍ സിനിമയില്‍ നന്നാവൂല്ല, എനിക്ക് ചാന്‍സ് കിട്ടില്ല, നീ എന്തിനാടാ പോകുന്നേ, നിന്നെ കളിയാക്കും എന്ന് അച്ഛന്‍ പറഞ്ഞു, എന്നിട്ടും ചാന്‍സ് കിട്ടി എന്നൊക്കെ പറഞ്ഞ് ഭയങ്കര ഇമോഷണല്‍ ആയി പോവുന്ന ഒരു മൊമെന്‍റ് ഉണ്ട്. ഞങ്ങള്‍ക്കൊന്നും അങ്ങനെയൊരു മൊമന്‍റേ ഉണ്ടായിട്ടില്ല. ആ എക്സൈറ്റ്മെന്‍റ്, ആ ആര്‍ത്തി, ആ ആഗ്രഹം, ആ ചെറുക്കന് എത്രത്തോളം ആഗ്രഹമുണ്ടോ അത് ഇപ്പോഴും എനിക്കുണ്ട്,' മമ്മൂട്ടി പറ‍ഞ്ഞു. 

മമ്മൂട്ടിയുടെ വിഡിയോ എബിസണും തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ചിന്ന തമിഴ' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് എബിസണ്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. എബിസന്‍റെ വിഡിയോകള്‍ കണ്ടാണ് കെന്‍ കരുണാസ് തന്‍റെ സിനിമയിലേക്ക് വിളിക്കുന്നത്. 'യൂത്തി'ല്‍ എബിസണ്‍ അവതരിപ്പിച്ച നായകന്‍റെ സുഹൃത്തിന്‍റെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. ബോക്സ് ഓഫീസിൽ വലിയ വിജയമാണ് യൂത്ത് നേടിയത്. കുറഞ്ഞ ബജറ്റിൽ നിർമ്മിച്ച ചിത്രം 80 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു. 

ENGLISH SUMMARY:

Mammootty's words about Tamil actor and influencer Abison during the 'Patriot' film press meet are gaining attention. Mammootty spoke about Abison becoming emotional while discussing his opportunity in the film, stating that he still possesses the same desire for cinema that newcomers like Abison do.