IMAGE: X

IMAGE: X

വാശിയേറിയ തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യം വോട്ട് രേഖപ്പെടുത്താനെത്തിയവരില്‍ തന്നെ ആദ്യമെത്തിയത്് തല അജിത് ആയിരുന്നു. രാവിലെ തന്നെ വെളുത്ത കോട്ടും സ്യൂട്ടും ധരിച്ചാണ് അജിത് വോട്ട് രേഖപ്പെടുത്താനെത്തിയത്. കാറില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ ആരാധകര്‍ അദ്ദേഹത്തെ വളയുന്ന കാഴ്ചയും കാണാനായി. എങ്കിലും വലിയൊരു ജനക്കൂട്ടം ഒഴിവാക്കാനും തമിഴ് ജനതയെ പോളിങ് ബൂത്തിലേക്കെത്തിക്കാനുമുള്ള സന്ദേശം കൂടിയായാണ് നടന്റെ പ്രവൃത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 

വിജയ് മത്സരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ അജിത് ആദ്യം വോട്ട് രേഖപ്പെടുത്താനെത്തിയതും  ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. നേരത്തേ തന്നെ അജിതിന്റെ പിന്തുണ വിജയ്ക്കെന്ന തരത്തിലൊക്കെ വാര്‍ത്തകള്‍ പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയ തലയുടെ നീക്കം ചര്‍ച്ചയാകുന്നത്. ‘തല’ പോട്ടുരിച്ച്, ഇനി നമ്മ പോട്ടലാം’ എന്ന തരത്തില്‍ ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ അജിതിന്റെ വിഡിയോക്ക് താഴെ കമന്റുകള്‍ നിറയ്ക്കുന്നുണ്ട്. 

രാജ്യാന്തര റേസിങ് പരിശീലനങ്ങള്‍ക്കും മത്സരങ്ങള്‍ക്കുമിടെ ഇന്നലെയാണ് അജിത് ബെല്‍ജിയത്തില്‍ നിന്നും ചെന്നൈയിലേക്ക് വോട്ട് രേഖപ്പെടുത്താനെത്തിയത്. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. തമിഴ്നാട്ടില്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. 234 മണ്ഡലങ്ങളിലായി 4,834 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചു കോടി 73 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 75,032 പോളിങ് ബൂത്തുകൾ സജീകരിച്ചിട്ടുണ്ട്. പ്രമുഖരെല്ലാം ഉച്ചയ്ക്ക് മുൻപായി വോട്ട് രേഖപ്പെടുത്തും. 

മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തേനാംപേട്ടിലും പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസാമി എടപ്പാടിയിലും വോട്ട് ചെയ്യും. ടി.വി.കെ അധ്യക്ഷൻ വിജയ്, നീലാങ്കരയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. പോളിങ് ദിനത്തിലെ സുരക്ഷയ്ക്കായി 300 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. 83,875 പൊലീസുകാരും സുരക്ഷയ്ക്കായി അണിനിരക്കും.  

Tamil Nadu Election: Ajith Kumar Casts Early Vote Amidst Fan Frenzy:

Tamil Nadu election is underway, with initial voter turnout driven by prominent figures like actor Ajith. His early vote, amidst fan excitement, is being interpreted as a message to encourage broader participation in the polling process.