നിര്‍മാതാവ് മുരളി കുന്നുംപുറത്തിനെതിരെ 'നദികളിൽ സുന്ദരി യമുന', 'സുമതി വളവ്' ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍. സുമതി വളവിന് വലിയ ബജറ്റ് ആകുമെന്ന് അറിയിച്ചിരുന്നുവെന്നും ഒരു താരത്തിനും പണം പൂര്‍ണമായും നല്‍കിയിട്ടില്ലെന്നും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞു. നഷ്ടം വന്നെന്ന് പറയുന്ന സമയത്തും വെളളം സിനിമ തമിഴില്‍ റീമേക്ക് െചയ്യാന്‍ അഡ്വാന്‍സ് നല്‍കി. പി.ആര്‍ വര്‍ക്കിലൂടെ തന്നെ ആക്രമിക്കുകയാണെന്നാണ് അഭിലാഷിന്‍റെ ആരോപണം. 'നദികളിൽ സുന്ദരി യമുന', 'സുമതി വളവ്' അടക്കമുള്ള സിനിമകളുടെ പരാജയം കടക്കാരനാക്കി എന്നായിരുന്നു മുരളിയുടെ ആരോപണം.  

മാളികപ്പുറം സിനിമയെപ്പോലെ, 100 കോടി കളക്ഷൻ കിട്ടുമെന്ന് മുരളി കുന്നുംപുറത്ത് പ്രതീക്ഷിച്ചിരുന്നതായി അഭിലാഷ് പറഞ്ഞു. ''മുരളി കുന്നുംപുറം ആത്മഹത്യ ചെയ്യാൻ തയ്യാറല്ലായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം സുഖമായി വീട്ടിൽ ഉറങ്ങുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച മുരളി വെള്ളം തമിഴിൽ റീമേക്ക് ചെയ്യാൻ നായകന് ചെന്നെയിൽ പോയി അഡ്വാൻസ് നൽകി. വിവാദം ഉണ്ടായതിനുശേഷം വലിയ മാനിസിക വിഷമമാണ് താൻ അനുഭവിക്കുന്നത്. കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ കുടുംബത്തെയും, കരിയറിനെയും ബാധിക്കും'' അഭിലാഷ് ആരോപിച്ചു. 

സംവിധാനം ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന തന്നെ, എന്തിനാണ് സുമതി വളവ് രണ്ടാം ഭാഗം ചെയ്യാനായി വിളിക്കുന്നതെന്ന് സംവിധായകൻ വിഷ്ണു ശശി ശങ്കര്‍ ചോദിച്ചു. അഭിലാഷ് പിള്ള, സംവിധായകന്‍ വിഷ്ണു ശശിശങ്കർ, നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ എന്നിവരാണ് വാര്‍ത്ത സമ്മേളനം നടത്തിയത്. 

സുമതി വളവിന് വലിയ ബജറ്റ് ആകുമെന്ന് നിർമാതാവിനെ ആദ്യം തന്നെ അറിയിച്ചിരുന്നു. മുരളി കുന്നുംപുറം മാത്രമല്ലായിരുന്നു ചിത്രത്തിന്‍റെ നിര്‍മാതാവ്. മറ്റു പലരും പണം മുടക്കിയിട്ടുണ്ട്.  ഏഴു കോടി ചെലവ് വരുമെന്ന് പറഞ്ഞിട്ടില്ലെന്നും 14 കോടി എന്നു തന്നെയാണ് പറഞ്ഞതെന്നും അഭിലാഷ് പറഞ്ഞു. 

അച്ഛന്‍റെ ഹൃദയ ശാസ്ത്രക്രിയയ്ക്കുള്ള  പണം മുരളി കുന്നുംപുറത്തിനു കടമായ നൽകിയിട്ടുണ്ട്. ഇതുവരെ തിരികെ നൽകിയിട്ടില്ല. പല ആളുകളുടെയും കയ്യിൽ നിന്നും പണം വാങ്ങി പടം സ്വയം പൊട്ടിക്കുകയാണ്. നഷ്ടത്തിന്‍റെ കണക്ക് മുരളി കുന്നുംപുറം പുറത്തുവിടണം.സമഗ്രമായ അന്വേഷണം നടക്കണമെന്നും  നിയമപരമായി മുന്നോട്ടുപോകുമെന്നും അഭിലാഷ് പിള്ള പറഞ്ഞു. 

ENGLISH SUMMARY:

Controversy involving producer Murali Kunnumpurath and the crew of the films 'Nadikalil Sundari Yamuna' and 'Sumathi Valavu'. Scriptwriter Abhilash Pillai has made serious allegations against the producer, including financial mismanagement and a deliberate attempt to damage careers.