അഡ്ഹോക് കമ്മിറ്റി ഇക്കഴിഞ്ഞ രണ്ടാം തീയതി യോഗം ചേര്‍ന്നപ്പോഴായിരുന്നു പുതിയ പ്രതിസന്ധി ഉടലെടുത്തത്. നിലവിലെ ഭരണസമിതി രേഖാമൂലം രാജിവച്ചതുമില്ല, അഡ്ഹോക് കമ്മിറ്റി ഉണ്ടാക്കുകയും ചെയ്തു. ഫലത്തില്‍ അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലാതെയായി. പിന്നെങ്ങനെ യോഗം ചേരും. എങ്ങനെ തീരുമാനങ്ങള്‍ കൈക്കൊള്ളും. താരസംഘടനയില്‍പോലും അതിന്റെ അധികാരവിഷയങ്ങളില്‍പോലും വമ്പന്‍ ട്വിസ്റ്റുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ റീലുകള്‍ക്കപ്പുറം റിയലായി അരങ്ങേറിയത്. പരസ്പരം പഴിചാരി. ചെളിവാരിയെറിഞ്ഞു. പക്ഷങ്ങളായി നിന്ന് തുടരെ തുടരെ വാര്‍ത്താസമ്മേളനങ്ങള്‍ നടന്നു. സൗഹൃദത്തിന്റെ പുറത്തെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് കരിവാരിതേക്കാനും മേല്‍ക്കോയ്മ നേടാനുമുള്ള പരിപാടികളുമുണ്ടായി. അതിനിടയില്‍ കോടതിയിലെത്തിയ കേസുകള്‍, കോടതി നിര്‍ദേശങ്ങള്‍, മൊഴിയെടുക്കലുകള്‍, പൊലീസിന്റെ അനാസ്ഥ... അങ്ങനെ താരസംഘടന യാതൊരുവിധ താരപരിവേഷങ്ങളുമില്ലാതെ വെറും മനുഷ്യരായി തെരുവില്‍ പരസ്പരം പോരടിക്കുന്ന കാഴ്ച.
അമ്മ ഭരണസമിതി രാജിവച്ചുവെന്ന് പറഞ്ഞ് രൂപീകരിച്ച അഡ്ഹോക്ക് സമിതിയുടെ മൂന്നാമത്തെ യോഗമായിരുന്നു അന്ന് കൊച്ചിയിൽ ചേർന്നത്. എന്നാൽ ഈ യോഗത്തിന് നിയമസാധുതയില്ലെന്ന് സംഘടനയിലുള്ളവർ തന്നെ അഡ്ഹോക്ക് സമിതിയെ ധരിപ്പിച്ചിരുന്നു. ശ്വേത ഉൾപ്പെടെ പഴയ ഭരണസമിതിയിലെ ഭൂരിപക്ഷവും രാജി എഴുതി നൽകിയിട്ടില്ല. ഭരണസമിതി രാജിവച്ചാൽ തന്നെ അഡ്ഹോക്ക് സമിതി രുപീകരിക്കാൻ അമ്മ ബൈലോയിൽ പറയുന്നുമില്ല. ശ്വേതയുടെ രാജി കിട്ടിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു അഡ്ഹോക്ക് സമിതി കൺവീനർ രമേഷ് പിഷാരടി.
സംഘടനയുടെ ബൈലോയിൽ അഡ്ഹോക് സമിതി എന്നത് പ്രത്യേകമായി പറയേണ്ടതില്ലെന്നും, സംഘടനയുടെ അന്തിമ തീരുമാനം ജനറൽ ബോഡിയുടേതാണെന്നും രമേഷ് പിഷാരടി പറഞ്ഞു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളിൽ നിരപരാധിത്വം തെളിയിക്കാതെ അമ്മ പ്രസിഡൻ്റ് സ്ഥാനം ഒഴിയില്ലെന്ന് ശ്വേത മേനോൻ. അഡ്ഹോക്ക് കമ്മിറ്റി നിയമവിരുദ്ധമാണെന്നും ശ്വേത ആരോപിച്ചു. കുറ്റാരോപിതരായ ചിലർ സംഘടനയെ തട്ടിയെടുക്കാൻ അനുവദിക്കില്ലെന്നും താൻ അമ്മയുടെ പ്രസിഡൻ്റാണെന്ന് പറഞ്ഞാണ് ഫെയ്സ്ബുക്ക് കുറിപ്പിൽ ശ്വേത വ്യക്തമാക്കിയത്.
താൻ ജനങ്ങളെ വഞ്ചിച്ചെന്ന ആരോപണം പൂർണമായി തള്ളിയാണ് ശ്വേതയുടെ പ്രതികരണം. ജൂൺ 21-ന് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ ഭരണസമിതിയെപുറത്താക്കാൻ മുൻകൂട്ടി തയാറാക്കിയ അജണ്ടയുമായാണ് ചിലർ എത്തിയതെന്ന് ശ്വേത ആരോപിച്ചു. യോഗത്തിൽ വിതരണം ചെയ്ത പ്രമേയത്തിന് ബൈലോ പ്രകാരം ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തിനാൽ അതിന് നിയമസാധുതയില്ല.
അമ്മയുടെ ബൈലോയിൽ അഡ്ഹോക്ക് കമ്മറ്റി എന്നൊരു സംവിധാനമില്ലെന്നും ഒരു കമ്മിറ്റി രാജിവെച്ചാൽ പുതിയ തിരഞ്ഞെടുപ്പ് വരെ പഴയ ഭരണസമിതി തന്നെ തുടരണമെന്നാണ് നിയമമെന്നം ശ്വേത വിശദീകരിക്കുന്നു. ജൂലൈ ഒന്നിന്റെ കൈനീട്ടവും ഇൻഷുറൻസും ഉൾപ്പെടെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നുണ്ടെന്നും ശ്വേത വ്യക്തമാക്കി. അഡ്ഹോക്ക് കമ്മറ്റി അംഗങ്ങളെ വഴിതെറ്റിക്കുകയാണെന്ന് ആരോപിച്ച ശ്വേത, സംഘടനയെ കൈക്കലാക്കാൻ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പും നൽകി. ഇതിനൊക്കെ പിന്നാലെ താരസംഘടനയില്‍ നിന്ന് വീണ്ടും രാജിയുമുണ്ടായി. നടന്‍ കൈലാഷും ജയന്‍ ചേര്‍ത്തലയുമാണ് രാജിവച്ചത്.
സമൂഹമാധ്യമത്തിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോകൾ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് അൻസിബ ഹസൻ കോടതിയിലെത്തിയത്. ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെ നൽകിയ പരാതിയിലാണ് കോടതിയെ സമീപിച്ചത്. പാലാരിവട്ടം പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിരുന്നില്ലെന്നാണ് സ്വകാര്യ അന്യായത്തിലെ ആരോപണം. പരാതിയിൽ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. അൻസിബ മദ്യപാനിയാണെന്നും, റൂമിൽ മറ്റൊരു പുരുഷനൊപ്പം മുഖം മറച്ച് താമസിച്ചുവെന്നുമായിരുന്നു ലക്ഷ്മി പ്രിയയുടെ ആരോപണം. തൻ്റെ അന്തസ്സിനെയും മര്യാദയെയും പൊതുമധ്യത്തിൽ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് അൻസിബ പറയുന്നു. നടി ശ്വേതാ മേനോനും ലക്ഷ്മി പ്രിയയും ചേർന്ന് തന്നെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് അൻസിബയുടെ ആരോപണം. വിഡിയോ റിപ്പോര്‌ട്ട് കാണാം.