മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങി വമ്പൻ താരനിരയുമായി എത്തുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'ന് കത്രികവെച്ച് സെൻസർ ബോർഡ്. പൊളിറ്റിക്കൽ ത്രില്ലർ ഴോണറിൽ എത്തുന്ന ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും ഒഴിവാക്കാനാണ് സെൻസർ ബോർഡ് നിർദേശിച്ചത്.
ഒരു രാഷ്ട്രീയനേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുണ്ടെന്നാണ് സൂചന. അത് വിവാദമാകാൻ സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. നിർദ്ദേശം അനുസരിച്ച് അണിയറപ്രവർത്തകർ ചിത്രം റീ-എഡിറ്റ് ചെയ്‌ത് സെൻസർ ബോർഡിന് സമർപ്പിക്കും. കൊച്ചിയിലെ ലാൽ മീഡിയ സ്റ്റുഡിയോയിൽ ചിത്രത്തിന്റെ റീ എഡിറ്റിങ് പൂർത്തിയായിട്ടുണ്ട്.
ഇതടക്കമുള്ള മാറ്റങ്ങളുമായാണ് മെയ് ഒന്നിന് ചിത്രം തിയറ്ററുകളിൽ എത്തുക. നേരത്തെ സംസ്‌ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തിയറ്ററിൽ സിനിമയുടെ കലക്ഷന്റെ നിർമാണ -വിതരണ വിഹിതം നിർമാതാവ് കൂട്ടിചോദിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. പിന്നാലെ ചർച്ചയിൽ വിലക്ക് പിൻവലിച്ചു.
18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്‌റ്റാർ ചിത്രത്തിൽ നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.