റിതേഷ് ദേശ്മുഖ് നായകനാവുന്ന രാജ ശിവജി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മുംബൈയിൽ വെച്ച് നടന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ ജെനീലിയയും റിതേഷ് ദേശ്‌മുഖും വികാരാധീനരായി പൊട്ടിക്കരഞ്ഞ വിഡിയോ സോഷ്യലിടങ്ങളില്‍ വൈറലാവുകയാണ്.
ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതകഥ സിനിമയാക്കാൻ പത്തുവർഷമായി നടത്തിയ കഠിനാധ്വാനവും കാത്തിരിപ്പും പറഞ്ഞാണ് റിതേഷ് വികാരാധീനനായത്. 2016-ലാണ് താൻ ഈ പ്രോജക്റ്റ് ആലോചിച്ചതെന്നും കൊവിഡ് ഉൾപ്പെടെയുള്ള തടസ്സങ്ങൾ കാരണം അത് നീണ്ടുപോയെന്നും റിതേഷ് പറഞ്ഞു. റിതേഷിന്‍റെ വാക്കുകള്‍ കേട്ട് ജനീലിയയും കണ്ണീരണിഞ്ഞു.
ഒപ്പം കരിയറില്‍ ജനീലിയ നല്‍കിയ പിന്തുണയെ പറ്റിയും റിതേഷ് പറഞ്ഞു. 'ആർക്കും സ്വപ്നങ്ങൾ കാണാം, പക്ഷേ ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കൂടെ നിൽക്കുന്ന ഒരു പങ്കാളിയെ ലഭിക്കുക എന്നത് വലിയൊരു അനുഗ്രഹമാണ്,' റിതേഷിന്‍റെ വാക്കുകള്‍ കേട്ട് ജനീലിയ പൊട്ടിക്കരഞ്ഞു.
മെയ് 1-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിതേഷ് ദേശ്‌മുഖ്, ജെനീലിയ, സഞ്ജയ് ദത്ത്, അഭിഷേക് ബച്ചൻ, വിദ്യാ ബാലൻ എന്നിവര്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അജയ്-അതുൽ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.