ജയസൂര്യയുടെ 'വെള്ളം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. താന്‍ ചതിയില്‍പ്പെട്ടുവെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയാണെന്നും പറഞ്ഞ് പൊട്ടിക്കരയുന്ന മുരളിയെ വിഡിയോയിൽ കാണാം. 'നദികളിൽ സുന്ദരി യമുന', 'സുമതി വളവ്' അടക്കമുള്ള സിനിമകളുടെ പരാജയത്തെക്കുറിച്ച് മുരളി പറയുന്നുണ്ട്. സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും മുരളി പറയുന്നു.
'എന്നെ എല്ലാവർക്കും അറിയാമെന്ന് വിശ്വസിക്കുന്നു. 'വെള്ളം' സിനിമ കുറെ ആളുകൾ കണ്ടിട്ടുണ്ടാവും. അത് സിനിമയ്ക്ക് വേണ്ടി കാണിച്ചതാണ്, അങ്ങനെയൊന്നുമല്ല എന്റെ യഥാർത്ഥ ലൈഫ്. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. ഇപ്പോൾ ജീവിതം വഴിമുട്ടി നിൽക്കുന്നൊരു അവസ്‌ഥയിലാണ്. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ മുന്നിൽ ഈ വിഡിയോയുമായി വരാൻ കാരണം. ഒരുപാട് ചതികൾ പറ്റി.
ടൈൽസ് ദുബായിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ കയറ്റി അയച്ചിട്ട് മലയാളികൾ വഴി ഒരുപാട് പൈസ കിട്ടാനുണ്ടായി. അങ്ങനെ ബിസിനസ്സിൽ കുറെ പൈസ പോയി. ആൾക്കാരെ വിശ്വസിച്ചു കുറെ പൈസ പോയി. കമ്പനിക്കാർക്ക് കുറെ പൈസ കൊടുക്കാനുണ്ട്. അതിനിടയ്ക്ക് സിനിമ എടുത്തു. 'വെള്ളം'... അതിൽ അവസാനം അതിന്‍റെ പ്രൊഡ്യൂസർ ആയിപ്പോയതാണ്.
രണ്ടാമത് 'നദികളിൽ സുന്ദരി യമുന'. ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ... ഈ രണ്ടാളും കള്ളം പറഞ്ഞിട്ട് എന്‍റെ അടുത്ത് വന്നു. അസിസ്റ്റന്റ് ഡയറക്ടറാണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ ആ സിനിമ എടുത്തു. അതിൽ രണ്ടുകോടി രൂപയുടെ നഷ്ടം വന്നു. പിന്നീടാണ് അറിയുന്നത് ഇവർക്ക് സിനിമയൊന്നും അറിയില്ല, ഇവർ അസിസ്‌റ്റന്റ് ഡയറക്ടർമാരൊന്നും അല്ലായിരുന്നു എന്ന്. ഇതൊക്കെ നമ്മളോട് കള്ളം പറഞ്ഞിട്ടാണ് വന്നത്.
പിന്നെ മൂന്നാമത് 'സുമതി വളവ്'. എല്ലാവരുടെയും വിചാരം സിനിമ വലിയ വിജയമാണെന്നാണ്. എന്‍റെ ജീവിതം ഇന്ന് കൈവിട്ടു പോയിരിക്കുകയാണ്. എന്റെ മക്കളുടെയും ഭാര്യയുടെയും കൂടെ ജീവിച്ചിട്ട് മതിയായിട്ടില്ല, കൊതി തീർന്നിട്ടില്ല. പക്ഷേ ഈ സിനിമ കാരണം ഏഴ് കോടിയോളം രൂപ നഷ്ടം വന്നു. എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. ഒരുപാട് കടങ്ങൾ ഓൾറെഡി ഉണ്ട്, അതിന്റെ കൂടെ ഇതും. അതുകൊണ്ട് ഞാൻ പോവുകയാണ്. എനിക്ക് ജീവിച്ച് കൊതി തീർന്നിട്ടില്ല.
കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. അഭിലാഷ് പിള്ള, വിഷ്ണു.. അഭിലാഷ് പിള്ളയോടൊക്കെ.. അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്. വിഷ്ണു... അവന് ഡയറക്ഷൻ ഒന്നും അറിയില്ല. എല്ലാവരും കള്ളന്മാരാണ്. എല്ലാവരും ഈ സത്യം അറിയണം. എന്നെ പറ്റിച്ചതാണ് ഇവരൊക്കെ കുടി. എല്ലാവരും കൂടി എന്നെ പറഞ്ഞു പറ്റിച്ചു. എന്റെ നല്ലൊരു ജീവിതം ഈ സിനിമാക്കാർ എല്ലാവരും കൂടി കളഞ്ഞു. വിജേഷ് പാണത്തൂർ, ഉണ്ണി, അഭിലാഷ് പിള്ള, വിഷ്ണു ഇവരെല്ലാം ജീവിതം കളഞ്ഞു.
ദൈവം അവർക്ക് മാപ്പ് കൊടുക്കാൻ പാടില്ല. അവരിപ്പോൾ ഭാര്യയുടെയും മക്കളുടെയും കൂടെ സുഖമായി ജീവിക്കുന്നു. എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ, എനിക്ക് വേറെ വഴിയില്ല. എല്ലാവർക്കും മാപ്പ്. ഞാൻ കാരണം ഒരുപാട് ആളുകൾ ബുദ്ധിമുട്ടിയിട്ടുണ്ട്. നിങ്ങളാരും ഒരിക്കലും കുടിക്കരുത്. എന്റെ അവസ്‌ഥ ഇങ്ങനെയൊക്കെ ആയിപ്പോയി. മാപ്പ് സുഹൃത്തുക്കളേ മാപ്പ്' - മുരളിയുടെ വാക്കുകൾ. സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്‌ത വിഡിയോ പിന്നീട് മുരളി തന്നെ നീക്കം ചെയ്തു.