sajitha

സിനിമ മേഖലയിലെ ലൈംഗിക അതിക്രമണങ്ങളിൽ സംഘടനകളുടെ പതിവ് ന്യായീകരണങ്ങളെ ട്രോളി സജിത മഠത്തിൽ. ചർച്ചയിൽ പ്രമുഖർ പറയുന്ന ന്യായീകരണങ്ങളെ പരിഹസിച്ചുകൊണ്ടാണ് സജിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഞാനും നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു, അവൾ ഐസിയിൽ പരാതി കൊടുത്തില്ല തുടങ്ങിയ പതിവ് ന്യായീകരണ കമന്റുകളെയാണ് സജിത ചൂണ്ടിക്കാട്ടുന്നത്.

ഇത് ഗൂഡാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാൻ അറിയില്ലന്നേ, പറഞ്ഞു വിട്ടു അവൻ, അതിനാ..., ഞങ്ങൾ പുറത്താക്കിയല്ലോ തുടങ്ങിയ കേട്ടുപഴകിയ ന്യായീകരണങ്ങളെയും സജിത രൂക്ഷമായി വിമർശിക്കുന്നു. പക്ഷേ ഇനിയും ശക്തമായി തിരിച്ചു വന്നു ചേട്ടന്മാർ സിനിമ എടുക്കും. കേസ് കൊടുത്തവൾ എക്കാലത്തും പുറത്തായിരിക്കും. കൂടെ നിൽക്കുന്നവരെ സിനിമ ലോകം കാണിക്കില്ല എന്നും സജിത കുറിച്ചു.

കാരവനുള്ളിൽ വച്ച് കടന്നുപിടിച്ചെന്ന യുവനടിയുടെ പരാതിയിലാണ് സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായത്. അതിക്രമം ഉണ്ടായപ്പോൾ കാരവനിൽ നിന്ന് ഇറങ്ങിയോടിയ നടി വിവരം സെറ്റിലുള്ളവരോട് പറയുകയും അവർ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തതായി പൊലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. പൊലീസിന്റെ കസ്റ്റഡി അപേക്ഷയും രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും കോടതി ശനിയാഴ്ച പരിഗണിക്കും. രഞ്ജിത്തിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സജിത മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

'ചർച്ചയിൽ പ്രമുഖർ 

ഞാനും നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു 

അവൾ ഐസിയിൽ പരാതി കൊടുത്തില്ല!

ഞങ്ങൾ പുറത്താക്കിയല്ലോ 

കേസ് കോടതിയിൽ ആയതിനാൽ ആ വിഷയം സംസാരിക്കണ്ട 

പിന്നെ ഒരു രഹസ്യം പറയാം.. ഇത് ഗൂഡാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാൻ അറിയില്ലന്നേ.. പറഞ്ഞു വിട്ടു അവൻ .. അതിനാ...

അപ്പൊ കൂടുതൽ ചർച്ചയില്ല. 

പിന്നെ...അവൾക്കൊപ്പം തന്നെ 

(പക്ഷേ ഇനിയും ശക്തമായി തിരിച്ചു വന്നു ചേട്ടന്മാർ സിനിമ എടുക്കും! കേസ് കൊടുത്തവൾ എക്കാലത്തും പുറത്തേക്ക്... കൂടെ നിൽക്കുന്നവരെ സിനിമ ലോകം കാണിക്കില്ല!! ) 

ENGLISH SUMMARY:

Sajitha Madathil criticizes common excuses made in Malayalam cinema regarding sexual harassment. Her Facebook post satirizes typical justifications used when allegations of assault arise in the film industry.