സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ നടന്‍ ബോബി കുര്യനെ എസ്‌ഐടി ചോദ്യം ചെയ്യും. അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയെയും ചോദ്യംചെയ്യാന്‍ വിളിച്ചേക്കും. അറസ്റ്റ് മുന്‍കൂട്ടി കണ്ട് ഇവര്‍ രഞ്ജിത്തിനെ രക്ഷപെടുത്താന്‍ ശ്രമിച്ചെന്നാണ് സംശയം. ഒളിവിൽ പോകാൻ സഹായിച്ചെന്ന് തെളിഞ്ഞാല്‍ ഇവരെ കേസിൽ പ്രതി ചേർക്കുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി വ്യക്തമാക്കിയിരുന്നു. Also Read: രഞ്ജിത്ത് കാരവനില്‍ കയറിയപ്പോള്‍ പുറത്തൊരു സ്ത്രീ കാവല്‍ നിന്നോ?; സംഭവിച്ചത്
യുവനടി പരാതി നൽകിയ വിവരം അറിഞ്ഞതിന് പിന്നാലെ ബോബിയും ശാലിനിയും രഞ്ജിത്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നാണ് പൊലീസിന്റെ നിഗമനം. ബോബി കുര്യനൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യം നടന്ന കാരവന്‍ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
ലൈംഗികാതിക്രമം നടന്ന കാരവന്‍ ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും. കാരവനുള്ളില്‍ വച്ച് രഞ്ജിത്ത് കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി. സിനിമ ലൊക്കേഷനിലേക്ക് കാരവന്‍ വാടകയ്ക്ക് എത്തിച്ചതാണെന്നാണ് വിവരം. ലൊക്കേഷനില്‍ ഉണ്ടായിരുന്നവരുടെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും. അതിക്രമം ഉണ്ടായപ്പോള്‍ കാരവനില്‍ നിന്ന് ഇറങ്ങിയോടിയ നടി വിവരം സെറ്റിലുള്ളവരോട് പറയുകയും അവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.