director-ranjith-arrest-kochi

സിനിമ ചിത്രീകരണത്തിനിടെ യുവനടിക്കെതിരെ സംവിധായകന്‍ രഞ്‍ജിത്ത് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കുറ്റകൃത്യം നടന്ന കാരവാന്‍ കണ്ടെത്താനായി അന്വേഷണം ശകതമാക്കി പൊലീസ്. കാരവാനിന്‍റെ ഉള്ളില്‍ വച്ച് രഞ്ജിത്ത് കയറിപ്പിടിച്ചെന്നാണ് യുവതിയുടെ പരാതി. സിനിമ ലൊക്കേഷനിലേക്ക് കാരവാന്‍ വാടകയ്ക്ക് എത്തിച്ചതാണെന്നാണ് സൂചന. സിനിമ സെറ്റില്‍ ഉണ്ടായിരുന്നവരുടെ വിശദമായ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും. സംഭവത്തെക്കുറിച്ച് സെറ്റിലുള്ളവര്‍ക്ക് അറിയാമെന്നും നടി മൊഴി നല്‍കിയിരുന്നു.

ജനുവരി 30 നാണ് കേസിന് ആസ്പദമായ കൃത്യം നടന്നത്. ഫോർട്ടുകൊച്ചി ആസ്പിൻവാളിന് സമീപത്തെ സിനിമ സെറ്റിലെ കാരവനിൽ വെച്ച് കടന്നുപിടിച്ചു എന്നാണ് യുവനടിയുടെ പരാതി. ചൊവ്വാഴ്ച തൊടുപുഴയിൽ നിന്നും അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ ഇന്നലെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്നാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം രഞ്ജിത്തിനെ എറണാകുളം സബ്ജയിലേക്ക് മാറ്റിയിരിക്കുകയാണ്. സമാനമായ രണ്ട് കേസുകൾ രഞ്ജിത്തിനെതിരെ ഉണ്ടായിരുന്നു. രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് അറിയിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും പൊലീസ് വ്യക്തമാക്കി. 

പിന്നാലെ ജാമ്യത്തിനായി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ പരാതി വ്യാജമെന്നും, പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ പറയുന്നത്. എന്നാൽ തുടർ ചോദ്യം ചെയ്യലിനും, കാരവൻ കണ്ടെത്തുന്നതിനുമായി രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്ന് രഞ്ജിത്തിനെ ശനിയാഴ്ച ഹാജരാക്കാനും, കസ്റ്റഡി അപേക്ഷയും, ജാമ്യാപേക്ഷയും അന്ന് പരിഗണിക്കാമെന്നും എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.

ലൈംഗീകാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെ സംസാരിക്കൽ, തടഞ്ഞുവെക്കൽ, ലൈംഗീകാവശ്യം ഉന്നയിക്കൽ എന്നി വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ര‍ഞ്ജിത്തിന്‍റെ അറസ്റ്റ്. 

ENGLISH SUMMARY:

Director Ranjith has been remanded to 14 days of judicial custody following his arrest in a sexual assault case filed by a young actress. The victim alleged that the assault took place inside a caravan during a film shoot in Fort Kochi on January 30. Police are currently tracing the rented caravan and recording statements from film set workers. While Ranjith claims a conspiracy, the prosecution argues his custody is essential for further investigation and to prevent witness tampering.