വാഴ 2 തിയേറ്ററുകളില്‍ തരംഗമായി കുതിപ്പ് തുടരുകയാണ്. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്‍, അജിന്‍, വിനായക് എന്നിവര്‍ അഭിനയിച്ച ചിത്രത്തിന് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. പിന്നാലെ ചിത്രത്തിന്‍റെ തിരക്കഥാകൃത്തും നിര്‍മാതാവും കൂടിയായ വിപിന്‍ ദാസ് വാഴ 3 പ്രഖ്യാപിച്ചിരുന്നു. പെണ്‍കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിന്‍റെ പേര് 'വാഴ 3; ബയോപിക് ഓഫ് ബില്യണ്‍ ഗേള്‍സ്' എന്നാണ്.
എന്നാല്‍ മൂന്നാം ഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു കൂട്ടര്‍ അസ്വസ്ഥതയുമായി രംഗത്തെത്തിയിരുന്നു. മൂന്നാം ഭാഗം ബോംബായിരിക്കുമെന്നും മൂഡ് സ്വിങ്സും പിരീഡ്സുമായിരിക്കും എന്നൊക്കെയാണ് കമന്‍റുകള്‍. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും മഞ്ജു പിള്ളയുടെ മകളുമായ ദയ സുജിത്ത്. വ്യാജ അക്കൗണ്ടുകളില്‍ നിന്നും ഇത്ര പ്രകോപനപരമായി കമന്‍റിടുന്നവര്‍ വീട്ടില്‍ എങ്ങനെയായിരിക്കും പെരുമാറുക എന്ന് ദയ ചോദിച്ചു.
'രണ്ട് കാര്യങ്ങൾ പറയാനുണ്ട്. ആ പോസ്റ്റർ വന്നതിനുശേഷം കുറേ ആണുങ്ങൾക്ക് പ്രകോപനുമുണ്ടായി. എല്ലാവരുമല്ല, പിന്തുണച്ചവരുമുണ്ട്. പക്ഷേ ചിലർക്ക് ട്രിഗറായി. ട്രോമ ഉള്ളവർക്കാകും പ്രകോപനുമുണ്ടായത്. ഇതിന്റെ ഏറ്റവും മോശമായ അവസ്ഥ, ഇതെല്ലാം ഒരു സ്പാം അക്കൗണ്ടിൽ നിന്നാണ് വരുന്നത്. പക്ഷേ ഇത് ആരാണെന്ന് നമുക്കാർക്കുമറിയില്ല, അത് ഭയപ്പെടുത്തുന്നതാണ്. ഇക്കാര്യത്തിൽ ഇവർ ഇത്രയും പ്രകോപിതര്‍ ആകുന്നുണ്ടെങ്കിൽ വീട്ടിലോ സമൂഹത്തിലോ അവർ എങ്ങനെയായിരിക്കും. ഇവരോടൊക്കെ ഇത്രയേ പറയാനുള്ളൂ, എടാ നീ നിന്റെ മുഖം കാണിക്കാതെ സ്പാം അക്കൗണ്ട് തുടങ്ങി വന്ന് കമന്റ് ഇടാനുള്ള ധൈര്യമുണ്ടല്ലോ, അത് സമ്മതിക്കണം. നീ നിന്റെ വീട്ടിലെ അമ്മയ്ക്ക് ചമ്മന്തി ഉണ്ടാക്കാൻ തേങ്ങ ചിരണ്ടി കൊടുക്ക്. അല്ലെങ്കിൽ നിന്റെ ചോറിന്റെ മത്തിക്കറിയുടെ വേസ്റ്റ് കൊണ്ടുപോയി കളയുവോ, പൂച്ചയ്ക്ക് കൊടുക്കുകയോ ചെയ്യ്,' ദയ പറഞ്ഞു.