നടിയും അവതാരകയുമായ പാർവതി കൃഷ്ണയുടെ ഫെയ്‌സ് യോഗ ക്ലാസിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം രൂക്ഷമാകുന്നു. ഫേസ് യോഗ പരിശീലക കൂടിയായ നടിയുടെ  യോഗയുമായി ബന്ധപ്പെട്ട വിഡിയോകൾ തട്ടിപ്പാണെന്നാണ് വിമർശനം. ഫേസ് യോഗ എന്നത് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാണിച്ചും താരത്തെ വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തുന്നുണ്ട്.

പാർവതി കൃഷ്ണയുടെ ഫേസ് യോഗ ക്ലാസുകൾക്കെതിരെ 'ലൂസി മലയാളം' എന്ന യുട്യൂബ് ചാനലിലൂടെ ചന്ദ്രശേഖർ രമേശ് എന്ന യൂട്യൂബർ  നടത്തുന്ന വിമർശനമാണ് ഇതിൽ ശ്രദ്ധേയം. ശാസ്ത്രീയ പദങ്ങളുപയോഗിച്ച് പ്രേക്ഷകരെ ആകർഷിക്കുന്ന പാർവതി, സത്യത്തിൽ സ്യൂഡോ സയൻസാണ് പ്രചരിപ്പിക്കുന്നതെന്നാണ്  വിമർശനം. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ബഹുമാനിക്കുന്നുവെന്ന് പാർവതി തന്നെ ചന്ദ്രശേഖർ രമേഷിന്‍റെ വിഡിയോയ്ക്ക് കമന്റ് ചെയ്തിരുന്നു. എന്നാൽ ഇത് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളല്ലെന്നും തെളിവുള്ളതും ഇല്ലാത്തതും തമ്മിലുള്ള പോരാട്ടമാണെന്നും ചന്ദ്രശേഖർ പറയുന്നു. 

ഫെയ്‌സ് യോഗയിലൂടെ മുഖത്തിന്‍റെ ആകൃതി മാറ്റിയെടുക്കാനാവുമെന്നും മുഖത്തെ പേശികളുടെ ചലനത്തിലൂടെ ജോ ലൈൻ അഥവാ താടിയെല്ല് ഉണ്ടാക്കിയെടുക്കാനുകുമെന്നുമാണ് പാർവതി തന്റെ വീഡിയോകളിലൂടെ അവകാശപ്പെടുന്നത്. സ്വന്തം മുഖത്തിന്റെ മാറ്റങ്ങൾ തെളിവായി കാണിച്ചുകൊണ്ടാണ് അവർ തന്റെ ഫെയ്‌സ് യോഗ ക്ലാസിലേക്ക് ആളുകളെ ആകർഷിക്കുന്നത്. പാർവതിയുടെ ഇത്തരത്തിലുള്ള വിഡിയോകൾക്ക് മില്യൺ കണക്കിന് വ്യൂസും ലഭിക്കാറുണ്ട്.

എന്നാൽ മുഖത്തെ പേശികളുടെ ചലനത്തിലൂടെ ഒരു മാറ്റം സാധ്യമല്ലെന്നും യോഗയുമായി ഫെയ്‌സ് യോഗയ്ക്ക് ഒരു ബന്ധവും ഇല്ലെന്നും തികച്ചും അശാസ്ത്രീയമാണിതെന്നുമാണ് വിമർശകരുടെ വാദം. അതേസമയം താൻ ആയിരക്കണിക്കിന് ആളുകളെ ഫേസ് യോഗ പരിശീലിപ്പിച്ചിട്ടുണ്ടെന്നും അവർക്കൊക്കെയും റിസൾട്ട് കിട്ടിയിട്ടുണ്ടെന്നുമാണ് പാർവതിയുടെ അവകാശവാദം. എന്നാൽ ഇതൊക്കെയും പാർവതിയുടെ മാത്രം കണ്ടെത്തലാണെന്നും ശാസ്ത്രീയമായ ഒരു തെളിവും ഈ റിസൾട്ടുകൾക്കൊന്നും ഇല്ലെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രീയമായി ഒരു അടിസ്ഥാനവും ഇല്ലാത്ത ഈ കാര്യങ്ങളിൽ പോയി വെറുതെ തല വെക്കാതിരിക്കുക എന്നും പാർവതിയുടെ പ്രേക്ഷകരെ വിമർശകർ ഓർമിപ്പിക്കുന്നു.

ENGLISH SUMMARY:

Parvathy Krishna's face yoga classes are facing severe criticism on social media, with allegations that her videos promoting the practice are a scam. Critics argue that face yoga is unscientific and that the actress is promoting pseudoscience, despite her claims of successful transformations and thousands of trained individuals.