തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പാർവതി കൃഷ്ണ. ഫെയ്‌സ് യോഗയുടെ പേരില്‍ എന്ത് തട്ടിപ്പാണ് താൻ നടത്തുന്നതെന്ന് വിമർശകർ പറയണമെന്ന് പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ആവശ്യപ്പെട്ടു. ഒരിടത്ത് പഠിച്ച് സർട്ടിഫിക്കറ്റ്  നേടിയാണ് ഫെയ്‌സ് യോഗ ക്ലാസുകൾ എടുക്കുന്നതെന്നും പാർവതി വ്യക്തമാക്കി. 

'ഞാൻ, ഇപ്പൊ കുറച്ച് നാളായിട്ട് ഫെയ്‌സ് യോഗ ക്ലാസുകൾ എടുക്കുന്നുണ്ട്. 'ഹൗസ് ഓഫ് ബ്യൂട്ടി' യിൽ നിന്ന് ഫെയ്‌സ് യോഗയിൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. എനിക്ക് എന്‍റെ ഫെയ്‌സിൽ ബോട്ടോക്‌സോ ഫില്ലേഴ്‌സോ ഒന്നും ചെയ്യാനുള്ള താല്പര്യം ഇല്ലാതിരുന്നതുകൊണ്ട് സ്വാഭാവികമായി എന്ത് ചെയ്യാൻ പറ്റും എന്ന് ആലോചിച്ചപ്പോഴാണ് ഫെയ്‌സ് യോഗയെ പറ്റി കേൾക്കുന്നതും പഠിക്കുന്നതും' പാർവതി പറഞ്ഞു. 

'ഡൽഹിയിൽ പോയി, പഠിച്ച് പരീക്ഷ എഴുതിയാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. എട്ട് മാസമായിട്ട് ഞാൻ ആയിരക്കണക്കിന് ആളുകൾക്ക് ക്ലാസ് എടുക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ഒരു ആഴ്‌ച മുതല്‍  ഇതുവരെ ഇല്ലാത്ത തരത്തിൽ എന്‍റെ ഫെയ്‌സ് യോഗ ക്ലാസുകൾക്കെതിരെ വിമർശനം ഉയരുന്നു. ചന്ദ്രശേഖർ രമേശ് എന്ന് പറഞ്ഞ ഒരാൾ ആദ്യം ഒരു വിഡിയോ ചെയ്യുകയും അതിനു പിന്നാലെ  ഒരുപാടുപേര്‍ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു.'

'അത് അവരുടെ ജോലിയുടെ ഭാഗമായിട്ടായിരിക്കും. പക്ഷേ എന്ത് തട്ടിപ്പാണ് ഞാൻ നടത്തുന്നത് എന്നാണ് എനിക്കറിയേണ്ടത്. സർട്ടിഫിക്കറ്റ് ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് പറയാമായിരുന്നു, തട്ടിപ്പാണ് ഉടായിപ്പാണ്‌ എന്നൊക്കെ. പക്ഷെ അങ്ങനെയല്ല. അപ്പോൾ എന്തിന്‍റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് അല്ലെങ്കിൽ ഉടായിപ്പ് എന്ന രണ്ട് വാക്കുകൾ നിങ്ങള് ഉപയോഗിക്കുന്നത് എന്നൊന്ന് അറിയണം'.

'ഞാൻ മാത്രമല്ല കേരളത്തിൽ ഫെയ്‌സ് യോഗയുടെ ക്ലാസ് എടുക്കുന്നത്. പിന്നെ എന്തുകൊണ്ട് എന്നെ മാത്രം ടാർഗെറ്റ് ചെയ്യുന്നു. തട്ടിപ്പാണെങ്കിൽ ലോകത്തുള്ള എല്ലാ ഫെയ്‌സ് യോഗ ക്ലാസുകളും എല്ലാവരും നിർത്തട്ടെ. എന്നെ പഠിപ്പിച്ച വിഭൂതി ആര്യവർധരാൻ, ലക്ഷക്കണക്കിന് ആൾക്കാരെ പഠിപ്പിച്ചിട്ടുണ്ട്. അവരെല്ലാം നിർത്തട്ടെ. മുംബൈ, ഡൽഹിയിലൊക്കെ യോഗയുടെ ഭാഗമായി ഫെയ്‌സ് യോഗയും പഠിപ്പിക്കുന്നുണ്ട്. യോഗയിൽ തന്നെ തന്നെ ഫേഷ്യൽ എക്സർസൈസ് ചെയ്യിപ്പിക്കുന്നുണ്ട്'.

'എന്തിന് നിങ്ങൾ എന്നെ ഇത്രയും നിങ്ങള് സൈബർ അറ്റാക്ക് ചെയ്യുന്നു, ഇവിടെ എനിക്കെന്തെങ്കിലും സംഭവിച്ചാലും അതിന്‍റെ ഉത്തരവാദി, നിങ്ങൾ ആയിരിക്കും. പക്ഷേ അവിടെ നഷ്ടപ്പെടുന്നത് എന്‍റെ കുടുംബത്തിന്  മാത്രമാണ്. നിങ്ങൾ മാനസികമായി ഒരാളെ ഉപദ്രവിക്കുമ്പോൾ നിങ്ങൾക്കെന്താണ് കിട്ടുന്നത്?' കയ്യിൽ ഒരു ഫോൺ ഉണ്ടെന്ന് കരുതി എന്ത് തോന്നിയാലും എഴുതാം എന്നുള്ള കാര്യം ഇനി നടക്കില്ല. നിയമപരമായി നേരിടാനാണ് തീരുമാനം. ഇനിയും ആവശ്യമില്ലാതെ ഒരു പോസ്റ്റ് വന്നാൽ അതിനെതിരെ ഏതറ്റം വരെയും പോകും. എല്ലാത്തിനും ഒരു പരിധിയുണ്ട്. എല്ലാവരും ആ പരിധി മറികടന്നുവെന്നും പാർവതി കൂട്ടിച്ചേർത്തു. 

ENGLISH SUMMARY:

Parvathy Krishnan is responding to accusations of running a face yoga scam. She clarified that she has obtained a certificate from 'House of Beauty' and has been teaching face yoga for eight months to thousands of people.