lissy

ഏറെ നാളായി മലയാള സിനിമാ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ് കല്യാണിയും പ്രണവും തമ്മിലുള്ള പ്രണയവും വിവാഹവും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടാല്‍ പോലും ഉടന്‍ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെല്ലാം വിരാരമിട്ട് ലിസി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. വിഷുദിനത്തിൽ ലിസി പങ്കുവച്ച ആശംസ പോസ്റ്റിന് താഴെ വന്ന ഒരു ആരാധകന്‍റെ കമന്റിനാണ് താരം നേരിട്ട് മറുപടി നൽകിയത്.

വിഷുദിനത്തിലാണ് താരം ചിത്രം പങ്കുവെച്ചത്. ‘‘എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു! ഏവർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു’’ എന്ന്  അടികുറിപ്പും ഇട്ടിരുന്നു. ഇതിന് താഴെയാണ് കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന് ഒരു ആരാധകൻ കമന്‍റ്  ചെയ്തത്. എന്നാൽ ഒട്ടും വൈകാതെ തന്നെ ‘‘ഇതൊരു തെറ്റായ വാർത്തയാണ്’’ എന്ന് ലിസി മറുപടി നൽകി. അനാവശ്യ ചോദ്യം ഉന്നയിച്ച ആളെ പരിഹസിച്ചുകൊണ്ട് നിരവധി പേർ ലിസിയുടെ മറുപടിക്ക് താഴെ കമന്‍റുകളുമായി  എത്തിയിട്ടുണ്ട്.

'ഹൃദയം', 'വർഷങ്ങൾക്ക് ശേഷം' തുടങ്ങിയ സിനിമകളിലെ ഓൺസ്ക്രീൻ കെമിസ്ട്രി കണ്ട് ആരാധകർ ഏറ്റെടുത്ത താരജോഡികളാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. ഇതിനുമുൻപ് സംവിധായകൻ ആലപ്പി അഷ്‌റഫും വിഷയത്തിൽ പ്രതികരിച്ചിരുന്നു. 'ഞാൻ ഈ വിവരം ലിസിയോട് തുറന്ന് ചോദിച്ചിരുന്നു. അങ്ങനെ അവർക്കൊരു ആഗ്രഹമുണ്ടെങ്കിൽ രണ്ട് കുടുംബത്തിനും സന്തോഷമുളള കാര്യമാണ്. അവർ തമ്മിൽ സഹോദര ബന്ധം മാത്രമാണുളളതെന്നാണ് ലിസി എന്നോട് പറഞ്ഞത്.' എന്നായിരുന്നു ആലപ്പി അഷ്റഫ് കുറിച്ചത്.

നിലവില്‍ കല്യാണി പ്രിയദര്‍ശന്‍ തന്‍റെ സിനിമകളുമായി തിരക്കിലാണ്. ലോക ചാപ്റ്റര്‍ 1 ചന്ദ്ര എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ കല്യാണിക്ക് വലിയ സ്വീകാര്യത  ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളില്‍ എല്ലാം മികച്ച അവസരങ്ങളാണ് കല്യാണിക്ക് ലഭിക്കുന്നത്.

ENGLISH SUMMARY:

Malayala Manorama Online News addresses Kalyani Priyadarshan and Pranav Mohanlal's wedding rumors, with Kalyani's mother, Lizzy, clarifying the false reports. This comes after fan speculation fueled by their on-screen chemistry, which Lizzy has now officially debunked.