ഒടുവില്‍ കരിക്കും ബിഗ് സ്ക്രീനിലേക്ക്. കരിക്ക് ടീമിന്‍റെ സിനിമയുടെ പൂജ നടന്നു. കരിക്കിന്‍റെ ഫൗണ്ടര്‍ നിഖില്‍ പ്രസാദ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോ. അനന്തുവും നിഖിൽ പ്രസാദും ചേർന്നാണ് നിര്‍മാണം.  ഇടുക്കിയിലാണ് ചിത്രീകരണത്തിനു തുടക്കമായത്. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിർമാണത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഡോ അനന്തു പ്രൊഡക്ഷൻസും കരിക്ക് സ്റ്റുഡിയോസും ചേർന്നാണ് ആദ്യ സിനിമ നിര്‍മിക്കുന്നത്. ബേസിൽ ജോസഫിന്‍റെ ആദ്യ നിർമാണ സംരംഭമായ ‘അതിരടി’യുടെ സഹനിർമാതാവാണ് ഡോ അനന്തു പ്രൊഡക്ഷൻസ്.

യൂട്യൂബര്‍മാര്‍ക്ക് വിശാലമായ സാധ്യതകള്‍ തുറന്നുകൊടുത്ത കണ്ടന്‍റ് ക്രിയേറ്ററായിരുന്നു കരിക്ക്. സോഷ്യല്‍ മീഡിയ വഴി പോപ്പുലറായ താരങ്ങളെല്ലാം സിനിമയിലേക്ക് എത്തിയപ്പോഴും കരിക്കിലെ പ്രതിഭാധനരായ താരങ്ങള്‍ സിനിമയിലെത്താതിരുന്നത് ചര്‍ച്ചയായിരുന്നു. ഒടുവില്‍ ഹാഷിറും ടീമും വാഴ 2വിലൂടെ സിനിമയില്‍ തംരഗമായപ്പോഴും ഈ ചര്‍ച്ചയ്​ക്ക് ചൂട് പിടിച്ചിരുന്നു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ കരിക്കും വെള്ളിത്തിരയിലേക്ക് ആദ്യചുവടുകള്‍ വക്കുകയാണ്. 

ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിങ്ങനെ കരിക്കിലെ പ്രധാനതാരങ്ങളെല്ലാം ചിത്രത്തിലുണ്ടാവും. 

ENGLISH SUMMARY:

Karikku, the popular Malayalam YouTube content creators, are finally venturing into the big screen with their first film. The pooja for the Karikku team's movie, directed by founder Nikhil Prasad, has already taken place, marking a significant step for the digital content creators into the film industry.