ബീഫ് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി നടനും മോഡലുമായി ഷിയാസ് കരീം. ബീഫ് എന്ന് താന്‍ പറഞ്ഞത് പശുവല്ലെന്നും പോത്താണെന്നും ഷിയാസ് പറ‍ഞ്ഞു. പശുവിന്‍റെ പാല്‍ കുടിച്ചാണ് താനും വളര്‍ന്നതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ ഷിയാസ് പറഞ്ഞു. 

‘രണ്ടു ദിവസമായിട്ട് ഞാനൊന്ന് ബഹിരാകാശത്ത് പോയി. എന്നെ എല്ലാവരും കൂടി പാൻ ഇന്ത്യൻ ബീഫ് സ്റ്റാർ ഷിയാസ് കരീമാക്കി. എനിക്ക് പറയാനുള്ളത് ബീഫ് എന്ന് പറഞ്ഞാൽ ഞാൻ ഉദ്ദേശിച്ചത് പശുവിറച്ചി അല്ലട്ടോ. എന്റെ വീട്ടിലൊക്കെ പശുവിനെ വളർത്തി പാല് കുടിച്ച് ജീവിച്ച ആൾക്കാരാണ്. അത് ആദ്യം മനസിലാക്കുക.

നമ്മളിങ്ങനെ അയല്പക്കത്തെ വീട്ടിലൊക്കെ പോയി പശുവിന്റെ പാലൊക്കെ കുടിച്ച് വളർന്നതാണ്. ബീഫ് എന്ന് പറഞ്ഞാൽ പക്ക ബഫല്ലോ, പോത്തിറച്ചി, അത് ഞാൻ കഴിക്കും എന്നാണ് പറഞ്ഞത്. ഞാൻ എന്റെ സഹോദരിയെപ്പോലെ ഉള്ള ഒരു കുട്ടിയോട് കോമഡി ആയി പറഞ്ഞത് വളച്ചൊടിച്ച് ഇങ്ങനെയൊന്നും ആക്കാൻ പാടില്ല,' ഷിയാസ് പറഞ്ഞു. 

സിനിമാതാരം അനുമോളോട് 'ബീഫ് കഴിക്കില്ലേ' എന്ന് ചോദിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഷിയാസിനെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ടത്. ഒരു ചടങ്ങിനിടെ ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു ഷിയാസിന്‍റെ ചോദ്യം. 'ഡയറ്റിലായതുകൊണ്ടാണ് ബീഫ് കഴിക്കാത്തത്' എന്ന് അനുമോള്‍ മറുപടി പറഞ്ഞപ്പോള്‍ 'ഡയറ്റാണോ ബിജെപിയാണോ' എന്നായിരുന്നു ഷിയാസിന്‍റെ മറുചോദ്യം. തൊട്ടുപിന്നാലെ ഷിയാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പോസ്റ്റുകളും റിയാക്ഷന്‍ വിഡിയോകളും പ്രവഹിച്ചു. 

വിവാദം കനത്തതോടെ ഷിയാസ് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ബീഫിന്‍റെ പേരില്‍ പ്രശ്നമുണ്ടാക്കിയത് ബിജെപിക്കാരാണെന്നാണ് താരത്തിന്‍റെ നിലപാട്. അനുമോള്‍ ഡയറ്റിലാണോ എന്ന് പറഞ്ഞപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നോ എന്ന് താന്‍ ചോദിച്ചത് മനപൂര്‍വമാണെന്നും അത് കൂട്ടുകാര്‍ക്കിടയില്‍ പറയുന്ന തമാശയാണെന്നും ഷിയാസ് പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Shiyas Kareem has re-clarified his stance on the recent beef controversy, stating that when he mentioned 'beef,' he was referring to buffalo meat and not cow meat. He emphasized his upbringing with cow's milk and clarified that his comment was a humorous remark made among friends, not intended to stir controversy.