എട്ട് മണിക്കൂര്‍ ജോലി വിവാദത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണിന് പിന്തുണയുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. പ്രഭാസ് നായകനായ 'സ്പിരിറ്റ്', 'കൽക്കി 2898 എ.ഡി'യുടെ രണ്ടാം ഭാഗം എന്നീ പ്രോജക്റ്റുകളിൽ നിന്ന് ദീപിക പുറത്തായിരുന്നു. കുഞ്ഞ് ജനിച്ച ശേഷം മകൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനായി ഷൂട്ടിങ് സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തണമെന്ന് ദീപിക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.
ഈ സംഭവത്തിലാണ് കങ്കണ ദീപികക്ക് പിന്തുണ പ്രഖ്യാപിച്ചത്. ദീപിക ഇന്ന് നിൽക്കുന്ന സ്ഥാനത്ത് ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ അവര്‍ക്ക് അവകാശമുണ്ടെന്ന് കങ്കണ പറഞ്ഞു. അവൾ ഒരു അമ്മയാണ്, ഒരു മകളുണ്ട്. ഇത്രയും വലിയൊരു നടി എട്ടു മണിക്കൂർ ജോലി ചെയ്യാമെന്ന് പറഞ്ഞാൽ അതിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ല, കങ്കണ എഎൻഐയോട് പറഞ്ഞു.
നമ്മൾ സ്ത്രീകളെ അമിതമായി സമ്മർദത്തിലാക്കുകയാണ്. കുട്ടികളായതോടെ അവർക്ക് ഇരട്ടി ജോലിയാണ് ചെയ്യേണ്ടി വരുന്നത്. വിവാഹബന്ധങ്ങൾ തകരുന്നതിനെക്കുറിച്ചും പ്രത്യുൽപ്പാദന നിരക്ക് കുറയുന്നതിനെക്കുറിച്ചും സംസാരിക്കുന്നവർ, സ്ത്രീകൾക്ക് നൽകുന്ന ഈ അമിതഭാരം കാണുന്നില്ലേ? കരിയറിന്റെ തുടക്കത്തിൽ തങ്ങൾ 12-ഉം 14-ഉം മണിക്കൂർ ജോലി ചെയ്തിരുന്നു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞാൽ കുടുംബത്തിനും വ്യക്തിജീവിതത്തിനും സമയം നൽകേണ്ടത് ആവശ്യമാണെന്നും കങ്കണ കൂട്ടിച്ചേർത്തു.