ആന്‍റണി വര്‍ഗീസ് പെപ്പെ ചിത്രം 'കാട്ടാളന്‍' ട്രെയിലര്‍ പുറത്ത്. മാര്‍ക്കോയ്​ക്ക് ശേഷം ക്യൂബ്സ് എന്‍റര്‍ടെയ്​ന്‍മെന്‍റ്സ് നിര്‍മിക്കുന്ന കാട്ടാളനിലും വയലന്‍സിന് ഒട്ടും കുറവില്ല. രണ്ട് മിനിറ്റ് 11 സെക്കന്‍റ് നീണ്ട്നില്‍ക്കുന്ന ട്രെയിലറിലെ ചോരക്കളിയില്‍ ആനകളെ വച്ചും വയലന്‍സ് രംഗങ്ങളുണ്ട്. പെപ്പെയ്​ക്ക് പുറമേ സുനില്‍, കബീര്‍ ദുഹാന്‍ സിങ്, തുഷാര, ഹനാന്‍ ഷാ എന്നിങ്ങനെ പ്രമുഖതാരങ്ങളുടെയെല്ലാം മാസ് രംഗങ്ങളാല്‍ സമ്പന്നമാണ് കാട്ടാളന്‍ ട്രെയിലര്‍. 

എന്നാല്‍ ശരിക്കും സീന്‍ തൂക്കിയത് സംഗീത സംവിധായകന്‍ രവി ബസ്​റൂറാണ്. ഒരു ട്രെയിലറില്‍ മൂന്ന് കിടിലന്‍ ബിജിഎം ആണ് രവി ബസ്​റൂര്‍ നല്‍കിയരിക്കുന്നത്. ട്രെയിലറിന്‍റെ കമന്‍റിലും ബിജിഎമ്മിനെ പറ്റിയാണ് സംസാരം. രാജ് തിരാണ്ടുസു, പാർഥ് തിവാരി, ജഗദീഷ്, സിദ്ദിഖ്, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. 

നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണത്തിന് തായ്‌ലൻഡിലായിരുന്നു തുടക്കം കുറിച്ചത്. ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആ‍ർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളൻ' ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോങ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ENGLISH SUMMARY:

The trailer for Antony Varghese Pepe's upcoming film 'Kaattalan' has been released, showcasing intense action sequences and powerful background scores. Directed by Paul George, the film promises a high-voltage cinematic experience with contributions from renowned international stunt choreographers.