joy-mathew-ranjith

TOPICS COVERED

യുവനടി നല്‍കിയ പരാതിയില്‍ ലൈംഗികാതിക്രമ കേസ് നേരിടുന്ന രഞ്ജിത്തിനെ പിന്തുണച്ച് നടന്‍ ജോയ് മാത്യു. തെറ്റ് ചെയ്​തിട്ടുണ്ടോ എന്ന് കോടതി തെളിയിക്കട്ടെ എന്നും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തന്നെ താനത് പൊറുക്കാനും അവനെ ചേർത്തു നിർത്താനും ഇഷ്ടപ്പെടുന്നുവെന്നും ജോയ് മാത്യു പറഞ്ഞു. താന്‍ രഞ്ജിത്തിനൊപ്പമാണെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു. 

'സത്യത്തിൽ നമ്മുടെ നിയമ വ്യവസ്ഥയിൽ തന്നെയുള്ള വലിയ പഴുതാണ് ഒരു സ്ത്രീ, അല്ലെങ്കിൽ ഒരു നടി താൻ പീഡിപ്പിക്കപ്പെട്ടു എന്നു പരാതി കൊടുത്താൽ ഉടനെ കേസെടുക്കുക എന്നത്. പക്ഷേ മറുഭാ​ഗത്തുള്ള ആളുടെ വാദം കേൾക്കാനോ ന്യായം കേൾക്കാനോ കോടതി സമയം അനുവദിക്കുന്നില്ല. രഞ്ജിത്ത് പറയുന്നതെന്താണെന്ന് ഇതുവരെ എനിക്ക് കാണാനോ കേൾക്കാനോ പറ്റിയിട്ടില്ല. പക്ഷേ രഞ്ജിത്ത് കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും അവനെന്‍റെ കൂടപ്പിറപ്പിനെപ്പോലെയാണ്. നമ്മുടെ സുഹൃത്ത് ഒരു തെറ്റ് ചെയ്തു എന്നു വിചാരിച്ച്, നമ്മൾ അയാളെ പടി അടച്ച് പിണ്ഡം വയ്ക്കുകയല്ല. ഒരു വീട്ടിൽ ഒരുപാട് കുട്ടികളുണ്ട്. അതിൽ പല കുട്ടികളും മോശം വഴിക്കുപോയാൽ അച്ഛനമ്മമാർ അവരെ തള്ളിപ്പറയുന്നില്ല, ചേർത്തുനിർത്തുകയാണ്

തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തന്നെ ഞാനത് പൊറുക്കാനും അവനെ ചേർത്തു നിർത്താനും ഇഷ്ടപ്പെടുന്നു. അല്ലാതെ എല്ലാവരെയും പോലെ അതിജീവിതയോടൊപ്പം, അതിജീവിതയോടൊപ്പം എന്ന് പറയുന്നില്ല. അതിജീവിതയാണോ അല്ലയോ എന്നത് കോടതി തെളിയിക്കട്ടെ, അപ്പോൾ ഞാൻ പറയാം. അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റുകാരനാണെന്നു തന്നെ നമ്മൾ വിലയിരുത്തും. അതേസമയം ഒരു ചങ്ങാതി എന്ന നിലയിൽ ഞാൻ ചേർത്തു നിർത്തും. 

നിങ്ങൾ ഇര ഇര എന്ന് ആരോപിക്കുകയല്ലേ, നമ്മുടെ നിയമവ്യവസ്ഥയുടെ പഴുതെന്ന് പറയുന്നത്, നിങ്ങൾക്ക് മറുവശം കേൾക്കാനുള്ള സൗകര്യമില്ല. ഒരു മധ്യമപ്രവർത്തകയുടെ തോളില്‍ കൈ വച്ചതിനല്ലേ നിങ്ങളെല്ലാം സുരേഷ് ഗോപിയെ കുരിശിന്മേൽ തറച്ചത്. രഞ്ജിത്ത് വിഷയത്തിൽ ഗൂഢാലോചന ഉണ്ടോ എന്ന് അറിയില്ല, ഇതിപ്പോൾ സെറ്റിൽ സംഭവിക്കുന്ന കാര്യമാണ്. സാക്ഷികൾ ഇല്ലല്ലോ.

സാക്ഷികൾ ഇല്ലാത്ത കാര്യത്തിൽ നമുക്കൊന്നും വിധികൽപ്പിക്കാൻ പറ്റില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇതൊക്കെ തീരുമാനിക്കപ്പെടുക. എന്‍റെ മനസാക്ഷിക്ക് അനുസരിച്ച് നിൽക്കുന്നതുകൊണ്ടാണ് പറയുന്നത് ഞാൻ അവനോടൊപ്പമാണ്. ഇനി അവൻ തെറ്റുകാരനാണെങ്കിൽ ആ കുട്ടിക്കുവേണ്ടിയും വാദിക്കും, അവനെ ചേർത്തു നിർത്തുകയും ചെയ്യും,' ജോയ് മാത്യു പറഞ്ഞു. 

ENGLISH SUMMARY:

Actor Joy Mathew has expressed his support for actor Ranjith amidst sexual assault allegations. He stated that the court should prove guilt, and even if Ranjith made a mistake, he wishes to forgive and stand by him.