നടന്‍ വിജയ്‍യുടെ വിടവാങ്ങല്‍ ചിത്രമായ ജനനായകന്‍റെ പതിപ്പ് ഓണ്‍ലൈനിലൂടെ ചോര്‍ന്ന സംഭവത്തെ ശക്തമായി അപലപിച്ച് തമിഴ് സിനിമാ രംഗത്തെ പ്രമുഖര്‍. രജനീകാന്ത്, കമല്‍ഹാസന്‍,സൂര്യ തുടങ്ങിയ പ്രമുഖര്‍ തങ്ങളുെട സമൂഹമാധ്യമ പേജുകളിലൂടെയാണ് പ്രതികരിച്ചത്. തമിഴ് സിനിമാ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും പൈറസി തടയാനുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. നടന്‍ വിജയ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിനു മുന്നോടിയായി അദ്ദേഹത്തിന്‍റെ അവസാന സിനിമയായി വ്യാഖ്യാനിക്കപ്പെട്ട ചിത്രമാണ് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനനായകന്‍. ഈ ചിത്രത്തിന്‍റെ പതിപ്പാണ് ഓണ്‍ലൈനിലൂടെ വ്യാപകമായി പ്രചരിച്ചത്. 

സംഭവം വേദനിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന് രജനീകാന്ത് എക്സില്‍ കുറിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കരുതെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇത്തരത്തില്‍ സിനിമകള്‍ ചോരുന്നത് സിസ്റ്റത്തിന്‍റെ പരാജയമാണെന്നായിരുന്നു കമന്‍ഹാസന്‍റെ പ്രതികരണം. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസത്തെയും കമല്‍ രൂക്ഷമായി വിമര്‍ശിച്ചു. സിബിഎഫ്സിയുമായി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ദീര്‍ഘകാലമായി നിയമ യുദ്ധത്തിലാണെന്നും ഇത്തരം കാലതാമസങ്ങള്‍ നിയമ വിരുദ്ധമായ നടപടികളിലേക്ക് കടക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഹൃദയഭേദകവും അന്യായവുമാണ് ഇത്തരം വ്യാജ പതിപ്പുകള്‍ ഇറങ്ങുന്നതെന്നായിരുന്നു നടന്‍ സൂര്യ കുറിച്ചത്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകരുടെയും അധ്വാനത്തെ ഇത്തരം പ്രവര്‍ത്തികള്‍ നശിപ്പിച്ച് കളയുകയാണെന്നും അഭിപ്രായപ്പെട്ടു. സിനിമകളുടെ വ്യാജപതിപ്പുകള്‍ ഒരുകാരണവശാലും കാണുകയോ പങ്കുവയ്ക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും താരം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വിജയ് ദേവരക്കൊണ്ട, ചിരഞ്ജീവി, ശിവകാര്‍ത്തികേയന്‍, ജീവ തുടങ്ങിയവരും സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. 

അതിനിടെ ജനനായകന്‍ സിനിമയോ, ലീക്ക് ആയ ഭാഗങ്ങളൊ ഡൗണ്‍ലോഡ് ചെയ്യുകയോ ഫോര്‍വേഡ് ചെയ്യുകയൊ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചിത്രത്തിന്‍റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് മുന്നറിയിപ്പു നല്‍കി. സിനിമ ലീക്ക് ആയ സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്താനായി ഫൊറന്‍സിക് നടപടികള്‍ ഉള്‍പ്പെടെ സ്വീകരിച്ചെന്നും കെവിഎന്‍ പ്രൊഡക്ഷന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ജനനായകന്റെ പ്രധാന ഭാ​ഗങ്ങൾ ഉൾപ്പടെയുള്ളവ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. ചിത്രത്തിന്റെ ഇൻട്രോ സീൻ, ടൈറ്റിൽ കാർഡ്,  'ദളപതി കച്ചേരി' എന്ന പാട്ടിന്റെ ചില ഭാഗങ്ങൾ എന്നിവയാണ് ഓണ്‍ലൈനായി പ്രചരിച്ചത്. 2026 ജനുവരി 9-ന് പൊങ്കൽ റിലീസായാണ് സിനിമ ജനങ്ങളിലേക്ക് എത്തേണ്ടിയിരുന്നത് എങ്കിലും സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിൽ നേരിട്ട കാലതാമസവും വിവാദങ്ങളുമാണ് റിലീസ് അനിശ്ചിതത്വത്തിലാക്കിയത്. 

ENGLISH SUMMARY:

The online leak of the pirated version of 'Genanayakan,' actor Vijay's farewell film, has drawn strong condemnation from prominent figures in the Tamil film industry, including Rajinikanth, Kamal Haasan, and Suriya. They have voiced their concerns through social media, emphasizing that such incidents damage the credibility of the Tamil film industry and calling for stringent measures to curb piracy.