വ്യാഴാഴ്ച്ച പുറത്തിറങ്ങിയ പൃഥ്വിരാജ്-പാർവതി തിരുവോത്ത് ചിത്രം 'ഐ നോബഡി'യുടെ വ്യാജപതിപ്പുകൾ തടയാൻ മദ്രാസ് ഹൈക്കോടതി നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ പ്രത്യേക അനുമതിക്കായി കാത്തുനിൽക്കാതെ വെബ്‌സൈറ്റുകളും ലിങ്കുകളും ഉടനടി ബ്ലോക്ക് ചെയ്യാൻ പൊലീസിനും ഇന്റർനെറ്റ് സേവനദാതാക്കൾക്കും അനുമതി നൽകുന്ന 'ജോൺ ഡോ' ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.

എന്താണ് 'ജോൺ ഡോ' ഉത്തരവ് ?- കേസിലെ പ്രതികളുടെയോ, എതിർ കക്ഷികളുടെയോ പേരോ വ്യക്തിത്വമോ അറിയാത്ത സാഹചര്യത്തിൽ, അജ്ഞാതനായ ആ വ്യക്തിക്കോ, വ്യക്തികൾക്കോ എതിരെ കോടതി പുറപ്പെടുവിക്കുന്ന പ്രത്യേക ഇടക്കാല ഉത്തരവാണ് ജോൺ ഡോ ഉത്തരവ് (John Doe Order). ഇന്ത്യയിൽ ഇത് സാധാരണയായി "അശോക് കുമാർ ഉത്തരവ്" എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

ഭൗതിക സ്വത്തവകാശവുമായി ബന്ധപ്പെട്ടാണ് സാധാരണയായി 'ജോൺ ഡോ' ഉത്തരവ് പുറപ്പെടുവിക്കാറുള്ളത്. ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ തന്റെ അവകാശങ്ങൾ ലംഘിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കാണിച്ച് കോടതിയെ സമീപിക്കാം. എന്നാൽ അത് ചെയ്യുന്നവരുടെ പേരോ മറ്റ് വിവരങ്ങളോ അറിയില്ലെന്ന് ബോധ്യപ്പെടുത്തിയാൽ അജ്ഞാതരായ പ്രതികൾക്കെതിരെയും ബാധകമാകുന്ന വിധത്തിൽ കോടതി ഉത്തരവ് നൽകും. പിന്നീട് ഇത്തരക്കാരെ കണ്ടെത്തുമ്പോൾ ഉത്തരവ് അവരുടെ മേൽ ബാധകമാകും. ഇതാണ് ജോൺ ഡോ ഉത്തരവ്.

'ജോൺ ഡോ' ഉത്തരവ് ഉപയോഗിക്കുന്നത് എവിടെയൊക്കെ?- സിനിമകളുടെ പൈറസി, കോപ്പിറൈറ്റ്, ട്രേഡ് മാർക്ക് ലംഘനങ്ങൾ, വ്യാജ ഉൽപന്നങ്ങളുടെ വിൽപ്പന, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ അനധികൃത പ്രക്ഷേപണങ്ങൾ എന്നിവ തടയാനാണ് 'ജോൺ ഡോ' ഉത്തരവ് ഉപയോഗിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയാനും ഈ ഉത്തരവ് ഉപയോഗിക്കാം.

'ജോൺ ഡോ' എന്ന പേര് വന്ന വഴി- "ജോൺ ഡോ" എന്ന പേര് പഴയ ഇംഗ്ലീഷ് നിയമസംവിധാനത്തിൽ നിന്നാണ് വരുന്നത്. യഥാർത്ഥ പേര് അറിയാത്ത ഒരാളെ സൂചിപ്പിക്കാൻ കോടതികൾ സാങ്കൽപ്പികമായി ജോൺ ഡോ (പുരുഷൻ), ജെയ്ൻ ഡോ (സ്ത്രീ) എന്നീ പേരുകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് അമേരിക്കയിലും കോമൺ ലോ രാജ്യങ്ങളിലുമെല്ലാം ഈ രീതി വ്യാപകമായി പ്രചാരത്തിലായി. ഇന്ത്യയിലും 'ജോൺ ഡോ ഉത്തരവ്' എന്ന ആശയം ഇംഗ്ലീഷ് കോമൺ ലോയിൽ നിന്നാണ് സ്വീകരിച്ചത്. എന്നാൽ നമ്മുടെ രാജ്യത്തെ കോടതികളിൽ ഇത് "അശോക് കുമാർ ഉത്തരവ്"എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇന്ത്യൻ സിവിൽ നടപടിക്രമത്തിൽ പേരറിയാത്ത പ്രതികൾക്കെതിരെ കേസ് നൽകുമ്പോൾ "അശോക് കുമാർ" എന്ന സാങ്കൽപ്പിക പേരാണ് ഉപയോഗിച്ചിരുന്നത്. അങ്ങനെ ഇന്ത്യയിൽ ജോൺ ഡോ, അശോക് കുമാറായി. 2002ൽ ഡൽഹി ഹൈക്കോടതിയിലെ താജ് ടെലിവിഷൻ ലിമിറ്റഡ് വേഴ്‌സസ് രാജൻ മണ്ഡാൽ കേസിന് ശേഷമാണ് ഇത്തരം ഉത്തരവുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. തുടർന്ന് സിനിമ റിലീസിന് മുമ്പ് പൈറസി തടയാൻ നിർമ്മാതാക്കൾ പതിവായി ഇത്തരം ഉത്തരവുകൾ തേടാൻ തുടങ്ങി.

ജോൺ ഡോ ഉത്തരവ് ഹർജിക്കാരന് ഗുണം ചെയ്യുമോ?- ഭൗതിക സ്വത്തവകാശ ലംഘനത്തിലൂടെ ഹർജിക്കാരനുണ്ടാകുന്ന നഷ്ടം സിവിൽ നിയമവ്യവഹാരത്തിലൂടെ നഷ്ടപരിഹാരമായി ഈടാക്കാൻ ഉതകുന്നതാണ് ജോൺ ഡോ ഉത്തരവ്. പലപ്പോഴും ഈ ഉത്തരവിനെക്കുറിച്ച് പകർപ്പാവകാശം ലംഘിക്കുന്നവർ അറിഞ്ഞിരിക്കണമെന്നില്ല. അറിയുകയാണെങ്കിൽ നിയമലംഘത്തിൽ നിന്ന് പലരും പിന്മാറും. അതുകൊണ്ടുതന്നെ നിയമലംഘനത്തിന് തയ്യാറെടുക്കുന്നവരെ പിന്തിരിപ്പിക്കാൻ ഉത്തരവിലൂടെ കഴിയുമെന്നാണ് കരുതുന്നത്.

നിയമത്തിന്റെ ദുരുപയോഗം- ആകാശത്തേക്ക് വെയ്ക്കുന്ന വെടിയാണ് ജോൺ ഡോ ഉത്തരവെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊണ്ടാൽ കൊണ്ടു. ഇല്ലെങ്കിൽ ഇല്ല. ജോൺ ഡോ ഉത്തരവുകൾക്കെതിരെ വ്യാപക വിമർശനങ്ങളും പലപ്പോഴും ഉയർന്നിട്ടുണ്ട്. നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ് പ്രധാന ആക്ഷേപം. ഇത്തരം ഉത്തരവുകൾ നിയമാനുസൃതമായ ഉള്ളടക്കവും തടയാൻ ഇടയാക്കുമെന്നാണ് പ്രധാന വിമർശനം. സ്വതന്ത്രമായ ഇൻറർനെറ്റ് ഉപയോഗത്തെയും, അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇത്തരം ഉത്തരവുകൾ ബാധിക്കാമെന്നും ആശങ്കയുണ്ട്. അതിനാൽ തന്നെ കോടതികൾ ഇത്തരം ഉത്തരവുകൾ നൽകുമ്പോൾ അവയുടെ പരിധി വ്യക്തമായി നിശ്ചയിക്കാനും, ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കൂടുതൽ ശ്രദ്ധ പുലർത്താറുണ്ട്

ENGLISH SUMMARY:

The John Doe order, a significant directive from the Madras High Court, aims to curb the spread of pirated content, including unauthorized versions of films like 'I Nobody'. This order allows police and internet service providers to promptly block websites and links upon noticing criminal activity without waiting for special permission.