Image Credit: Screengrab YT/THR
മലയാളത്തില്‍ പുതു തരംഗം തീര്‍ത്ത സൂപ്പര്‍ഹിറ്റ് ചിത്രം ലോകയില്‍ അഭിനയിച്ചതില്‍ വെളിപ്പെടുത്തലുമായി മമ്മൂട്ടി. കല്യാണിയുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ടും കെട്ടിലും മട്ടിലുമുള്ള പുതുമ കൊണ്ടും പോയ വര്‍ഷത്തെ പണംവാരിപ്പടങ്ങളിലൊന്നായി ലോക മാറിയിരുന്നു. ദുല്‍ഖറായിരുന്നു ചിത്രത്തിന്‍റെ നിര്‍മാതാവ്. സിനിമയില്‍ 'മൂത്തോന്‍' എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് മമ്മൂട്ടിയാണ്. സത്യത്തില്‍ തന്നെ ലോകയുടെ ടീം 'പറ്റിച്ചതാണ്' എന്നും താന്‍ പോലുമറിയാതെയാണ് അഭിനയിപ്പിച്ചതെന്നും രസകരമായി പറയുകയാണ് സൂപ്പര്‍താരം. അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ ഈ വെളിപ്പെടുത്തല്‍.
'ഞാന്‍ ആ ചിത്രത്തിലുണ്ടെന്ന് അവര്‍ പറഞ്ഞില്ല. ദുല്‍ഖറല്ല വന്നതും. അവന്‍റെ മാനേജറാണ് ഒരു വോയിസ് എടുക്കട്ടെ എന്ന് ചോദിച്ചത്. 'വേണ്ട' ആ ഒറ്റ ഡയലോഗാണ് ഞാനാകെ പറഞ്ഞത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന കൈ എന്‍റേതുമല്ല. പക്ഷേ സിനിമ റിലീസായപ്പോളാണ് അത് ഞാനാണെന്നും എന്‍റെ കൈ ആണെന്നും അവര്‍ പറയുന്നത്. അതോടെ ഇനി അഭിനയിക്കുകയെന്നത് എന്‍റെ ഉത്തരവാദിത്തമായി മാറി. അവന്‍മാരെന്നെ സത്യത്തില്‍ പറ്റിക്കുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ ആ സിനിമയില്‍ വന്നത്''- താരം ചിരിയോടെ വെളിപ്പെടുത്തി.
ചിത്രത്തിന്‍റെ അടുത്ത ഭാഗത്തില്‍ അഭിനയിക്കണമെങ്കില്‍ മമ്മൂട്ടിയെ സമ്മതിപ്പിക്കേണ്ടതുണ്ട് എന്ന് മുന്‍പൊരു അഭിമുഖത്തില്‍ ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ 'എന്നെ അങ്ങനെ ചുമ്മാ സമ്മതിപ്പിച്ചാല്‍ മാത്രം പോര, എന്‍റെ ഫീസ് നിങ്ങളും കൂടി സമ്മതിക്കേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്'- എന്നും അദ്ദേഹം പറഞ്ഞു. പ്രേതപ്പടത്തില്‍ അഭിനയിക്കുമോയെന്ന് വീണ്ടും ചോദ്യം ഉയര്‍ന്നതോടെ അതെല്ലാം സസ്പെന്‍സാണെന്നും കാണാമെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. 300 കോടിയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ലോകയുടെ കലക്ഷന്‍. മേയ് ഒന്നിന് തിയറ്ററുകളിലെത്തുന്ന 'പേട്രിയറ്റി'നായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. മോഹന്‍ലാല്‍, ഫഹദ്ഫാസില്‍, നയന്‍താര തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.