Image Credit: instagram/Parvathi

Image Credit: instagram/Parvathi

സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതിന് താന്‍ നേരിട്ട കടുത്ത സൈബര്‍ ആക്രമണം തുറന്ന് പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കസബയ്​ക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന് താന്‍ കടുത്ത സൈബര്‍ ആക്രമണവും കൊലവിളിയും ബലാല്‍സംഗ ഭീഷണിയും നേരിട്ടുവെന്നും അന്ന് താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തിരുത്തിപ്പറയാന്‍ ഇന്നും ആഗ്രഹമില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

'ഒരു ഡിസംബറിലാണ് വിവാദം ഉണ്ടായത്. ഫെബ്രുവരിയില്‍ പുരസ്കാരം ലഭിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വലിയ അവാര്‍ഡ് നിശയായിരുന്നു. അവാര്‍ഡ് വാങ്ങുന്നതിനായി ഞാന്‍ സ്റ്റേജിലേക്ക് നടന്ന് കയറിയപ്പോള്‍ ജനങ്ങള്‍ മുഴുവന്‍ കൂവി വിളിക്കാന്‍ തുടങ്ങി. കൂവല്‍ കേട്ടപ്പോള്‍ ഉള്ളില്‍ സ്ലോ ഡൗണ്‍ ആയത് പോലെ തോന്നി. 'പതുക്കെ നടക്കുക, കാലുതട്ടി വീഴരുത്, പ്രസംഗം പൂര്‍ത്തിയാക്കുക' എന്ന് ​ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിച്ചു. പ്രസംഗം പൂര്‍ത്തിയാക്കി. അവിടെ തട്ടി വീണില്ല. സത്യത്തില്‍ ആ ഏഴുമിനിറ്റുകള്‍ എനിക്ക് ഏഴുവര്‍ഷം പോലെയാണ് തോന്നിയത്. അത്രയധികം ആളുകള്‍ ഒന്നിച്ച് കൂകുമ്പോള്‍ നിങ്ങള്‍ തളര്‍ന്ന് ഇല്ലാതെയാകും. അല്ലെങ്കില്‍ നിങ്ങളുടെ മനസ് ഉരുക്കുപോലെ ഉറച്ചതാകും. അന്നത്തെ ആ അനുഭവം എന്‍റെ ഡിഎന്‍എ വരെ മാറ്റിമറിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവിടെ ഞാന്‍ അതിജീവിച്ചു. ആ കുറച്ച് വര്‍ഷങ്ങള്‍ എന്നെ തകര്‍ക്കാന്‍ നോക്കിയെങ്കിലും സത്യത്തില്‍ അവയാണ് ഇന്ന് നിങ്ങള്‍ ഈ കാണുന്ന ഞാന്‍ എന്ന വ്യക്തിയെ രൂപപ്പെടുത്തിയത്– പാര്‍വതി ഷോഷാ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറ‍ഞ്ഞു.

ഐഎഫ്എഫ്കെയില്‍ നടത്തിയ പ്രസ്താവനയ്ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കാര്യങ്ങള്‍ മാറി മറിഞ്ഞു. മമ്മൂട്ടി സാറുമായി ഞാന്‍ സംസാരിച്ചു. മെസേജ് അയച്ചു. അപ്പോഴേക്കും അത് ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ വലിയ പ്രശ്നമായി മാറിക്കഴിഞ്ഞിരുന്നു. അന്ന് പൊങ്കാലയെന്ന വാക്കിന്‍റെ അര്‍ഥം എനിക്ക് അറിയില്ലായിരുന്നു. ക്ഷേത്രത്തിലെ ഉല്‍സവമാണ് പൊങ്കാല. പക്ഷേ കേരളത്തില്‍ ഓണ്‍ലൈന്‍ പൊങ്കാലയെന്നാല്‍ അതിക്രൂരമായി നിങ്ങള്‍ ട്രോള്‍ ചെയ്യപ്പെടുന്നുവെന്നാണ് അര്‍ഥം. എന്‍റെ കഴിവിന്‍റെ പരമാവധി പൊരുതണം എന്നാണ് ഇപ്പോള്‍ എനിക്ക് തോന്നുന്നത്. നാളെ എന്‍റെ പിന്‍ഗാമി വളര്‍ന്നുവരുമ്പോള്‍ അവള്‍ക്ക് എന്നെപ്പോലെ ഇതേ പോരാട്ടങ്ങള്‍ വീണ്ടും നടത്തേണ്ടി വരരുത് എന്നാണ് ആഗ്രഹമെന്നും വഴി തെളിക്കാന്‍ ഇപ്പോള്‍ തന്‍റെ ഭാഗം കൃത്യമായി ചെയ്യണമെന്നാണ് ആഗ്രഹമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

In a candid interview with YouTube channel 'Showsha', actress Parvathy Thiruvothu recalls the intense cyberbullying and public hostility she faced after criticizing misogyny in the film 'Kasaba'. She shared a harrowing experience of being booed by a massive crowd while receiving an award, describing it as a moment that "changed her DNA." Despite rape threats and calls for a boycott, Parvathy remains firm in her stance, stating she wants to pave a smoother way for future female actors in the industry.