parvathy-thiruvoth

അമ്മയാവാതിരിക്കുന്നതാണ് എന്‍റെ അമ്മത്വം എന്ന നടി പാര്‍വതി തിരുവോത്തിന്‍റെ പരാമര്‍ശം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഐ, നോബഡി എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പരാമര്‍ശങ്ങള്‍. 

'കുഞ്ഞ് വേണ്ട എന്ന് തീരുമാനിക്കുന്നതും ഒരു തരത്തില്‍ അമ്മ എന്ന നിലയ്​ക്ക് എടുക്കാവുന്ന മികച്ച തീരുമാനമാണ്. മറ്റൊരു മനുഷ്യന് എന്‍റെ ജീവിതത്തില്‍ എത്രത്തോളം സ്ഥാനം കൊടുക്കാം എന്ന് എനിക്കറിയാം. ഒരു കുഞ്ഞിനെ ഇപ്പോള്‍ എന്‍റെ ജീവിതത്തിലേക്ക് സ്വീകരിക്കാനാവില്ല. അമ്മ എന്ന നിലയ്​ക്ക് എനിക്ക് എടുക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച തീരുമാനമാണത്. ചിലപ്പോള്‍ ഒരു കുഞ്ഞിനെ ഭാവിയില്‍ ദത്തെടുത്തേക്കാം,' എന്നാണ് പാര്‍വതി പറഞ്ഞത്. 

പിന്നാലെ പാര്‍വതിയെ പരിഹസിച്ച് ഒരു വിഭാഗം രംഗത്തെത്തി. സ്വന്തം അമ്മക്ക് ഇങ്ങനെ തോന്നിയിരുന്നെങ്കില്‍ ഇന്ന് പാര്‍വതി ഉണ്ടാകുമായിരുന്നോ എന്നാണ് ചിലര്‍ ചോദിച്ചത്. അതൊക്കെ പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമാണ്, വീണ്ടും എയറിലേക്ക് പോവുകയാണോ എന്നൊക്കെ ചോദിച്ച് പരിഹാസ കമന്‍റുകള്‍ ഉയര്‍ന്നിരുന്നു. 

എന്നാല്‍ ഇപ്പോള്‍ ഇതിന് മറുപടി പറഞ്ഞും പാര്‍വതിയെ പിന്തുണച്ചും വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ഞ് വേണ്ട എന്നത് പാര്‍വതിയുടെ ചോയിസാണെന്നും ചോദ്യം ചെയ്യാന്‍ നിങ്ങളാരാണെന്നുമാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്. 

'അമ്മ കുട്ടിയെ കൊന്ന വാർത്ത കണ്ടാൽ അതിന്‍റെ താഴെ ചെന്ന് വളർത്താൻ വയ്യെങ്കിൽ പിന്നെ പ്രസവിച്ചത് എന്തിനാ എന്ന് ചോദിക്കും, എന്നിട്ട് ഒരു സ്ത്രീ വന്ന് ഞാൻ പ്രസവിക്കുന്നില്ല എനിക്ക് കുട്ടി വേണ്ട എന്ന് പറഞ്ഞാൽ അതെന്താടി നിനക്ക് പെറ്റാൽ എന്ന് ചോദിക്കും തെറി പറയും എന്നാതാണ് തമാശ' എന്നാണ് ഒരു കമന്‍റ്. '25 കഴിയുമ്പോഴേ കല്യാണം 2 വർഷത്തിനുള്ളിൽ  കുട്ടികള്‍  എന്ന് ചിന്തിക്കുന്ന പ്രാകൃത മനുഷ്യർക്ക് ഉൾക്കൊള്ളാൻ പാടായിരുക്കും,' എന്ന് മറ്റൊരാള്‍ കുറിച്ചു. 

പേരന്‍റിങ് ഒരു ഈസി പ്രോസസ് അല്ലെന്നും അതിന് റെഡി അല്ലെങ്കിൽ അതിൽ നിന്ന് വിട്ട് നിൽക്കുക എന്നത് ബഹുമാനം കൊടുക്കേണ്ട കാര്യം ആണെന്നും അഭിപ്രായങ്ങളുയര്‍ന്നു. പേരന്‍റ്  ആകാൻ ആഗ്രഹിക്കാത്തവരും, കുട്ടികളെ ഇഷ്ടമില്ലാത്തവരും നമുക്ക് ചുറ്റുമുണ്ട്.. അവരെ പ്രെഷർ ചെയ്തു കുട്ടികളെ ഉണ്ടാക്കിക്കേണ്ട ചുമതല നമുക്ക് ഇല്ല... അമ്മയാകുമ്പോളാണ് ഒരു സ്ത്രീയുടെ ജീവിതം ധന്യമാകുന്നത് എന്ന് കുത്തി പറയുന്ന സീരിയലിലെ സോ കോൾഡ് അമ്മായിഅമ്മ ആകാതിരിക്കുക എന്നും പാര്‍വതിയെ പിന്തുണച്ചവര്‍ കുറിച്ചു. 

ENGLISH SUMMARY:

Parvathy Thiruvothu's comments about choosing not to be a mother have sparked a debate online. Her statement, made during a promotion for her new film 'I, Nobody', emphasized that deciding not to have children is a valid and significant choice for a woman.