സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ടിവികെ സ്ഥാപകന്‍ വിജയ്‌യുടെ അവസാന ചിത്രം എന്ന് പരക്കെ അറിയപ്പെടുന്ന ജനനായകന്‍റെ ഭാഗങ്ങള്‍ റിലീസിന് മുന്‍പ് ഇന്‍റര്‍നെറ്റില്‍. ചിത്രത്തിന്‍റെ ടൈറ്റില്‍ ക്രെഡിറ്റ്സും വിജയ്‌യുടെ ഇന്‍ട്രോയുമടങ്ങുന്ന അഞ്ച് മിനിറ്റോളം വരുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സിനിമയുടെ എഡിറ്റിങ് ടേബിളില്‍ നിന്നാണ് ദൃശ്യം ചോര്‍ന്നതെന്നും അഭ്യൂഹങ്ങളുണ്ട്.

സംഭവത്തിനെതിരെ ഇതിനകം വിജയ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സിനിമയുടെ ഭാഗങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും ഇവ ചോര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനും ചിത്രത്തിന്‍റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിനോട് ആരാധകര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. എക്സില്‍ നിന്നും വിഡിയോയുടെ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ ചോര്‍ന്നതിന് പിന്നില്‍ ഗൂ‍ഢാലോചനയുണ്ടെന്നാണ് ഒരുവിഭാഗം ആരാധകര്‍ പറയുന്നത്. ആരും ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ഭാഗങ്ങള്‍ പങ്കിടരുതെന്നും അങ്ങനെ ചെയ്താല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു.

കഴിഞ്ഞ ജനുവരി 9 നായിരുന്നു ജനനായകന്‍ തിയറ്ററില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജനനായകന്‍റെ സംഭാഷണങ്ങളില്‍ മാറ്റം വരുത്തണമെന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. എന്നാല്‍ ഈ മാറ്റങ്ങള്‍ വരുത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ബോര്‍ഡ് ഇതുവരെയും നല്‍കിയില്ലെന്നാണ് ആക്ഷേപം. നിലവില്‍ സിബിഎഫ്സി റിവൈസിങ് കമ്മിറ്റിയുടെ മുന്‍പാകെയാണ് ചിത്രം. അതേസമയം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരഞ്ഞെടുപ്പിന് ശേഷമേ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ എന്നും അഭ്യൂഹങ്ങളുണ്ട്. 

നടൻ വിജയ്‌യുടെ അവസാന ചിത്രമാണിതെന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാല്‍ പിന്നീട് സിനിമയിലേക്ക് മടങ്ങിവരില്ല എന്ന് താരം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ‘ജന നായകന്‍’ വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടാന്‍ തുടങ്ങിയത്. വിജയ്‌യുടെ 69-ാമത്തെ ചിത്രം കൂടിയാണിത്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. വെങ്കട്ട് കെ നാരായണ ആണ് കെ.വി.എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. അനിരുദ്ധ് ആണ് സംഗീത സംവിധാനം. 500 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്.

ENGLISH SUMMARY:

In a major blow to the makers of 'Jananayakan' (Thalapathy 69), a five-minute footage of the film including the title credits and Vijay’s introduction scene has been leaked on social media. Fans are suspecting a conspiracy as the film faces a deadlock with the CBFC over certification. Directed by H. Vinoth and produced by KVN Productions, this ₹500 crore project features a star-studded cast including Bobby Deol and Pooja Hegde. While the film was originally slated for a January release, it remains pending before the CBFC Revising Committee amidst political speculations in Tamil Nadu.