കേരളം ബൂത്തിലേക്ക് പോകുമ്പോള്‍ നടിയും അവതാരകയുമായ മീനാക്ഷി പങ്കുവച്ച് പോസ്റ്റ് ശ്രദ്ധ നേടപകയാണ്. വോട്ട് ചെയ്യേണ്ടിന്‍റെ പ്രധാന്യത്തെ പറ്റിയും രാഷ്​ട്രീയം ചര്‍ച്ച ചെയ്യേണ്ടതിനെ പറ്റിയും മീനാക്ഷി സംസാരിച്ചു. ജനാധിപത്യത്തിന്റെ ഈ മാമാങ്കത്തിൽ പങ്കു ചേരാം .. എന്തിനാണ് വോട്ട് .. ഞാൻ ചെയ്താലെന്ത് .. ഞാൻ ചെയ്തില്ലങ്കിലെന്ത്? എന്ന് ചിന്തിക്കുന്ന കുറച്ച് പേരെങ്കിലും ഉണ്ടാവും. പക്ഷേ ഒരാധുനിക പൗരന്റെ കടമ തന്നെയാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാവുക എന്ന് മീനാക്ഷി പറയുന്നു. 

ഓരോ പൗരന്റെയും ജീവിതത്തിൽ എപ്പോഴും തന്നെ ഇടപെടുന്ന ഒന്നാണ് രാഷ്ട്രീയം. തനിക്ക് രാഷ്ട്രീയമില്ല എന്നോ നിഷ്പക്ഷ രാഷ്ട്രീയമാണ് എന്നൊക്കെ പറയാമെങ്കിലും ഒരാൾ ചിന്തിക്കുന്നതിലും പറയുന്നതിലും ഇടപെടുന്നതിലും ഒക്കെ രാഷ്ട്രീയമുണ്ടാവാം. അത് പക്ഷേ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗമായി നിന്ന് കൊടി പിടിച്ച് പക്ഷം പറയുന്ന, വേണ്ടി വന്നാൽ അടിപിടിക്കുന്ന ഒരു സംഗതി എന്നല്ല, മറിച്ച് ഒരാള്‍ക്ക് പൊതുവായി ഒരഭിപ്രായം പറയേണ്ടി വരുമ്പോൾ അതങ്ങിനെയായിരുന്നില്ല എന്റെ അഭിപ്രായത്തിൽ ഇങ്ങനെയായിരുന്നു വേണ്ടിയിരുന്നത് എന്നതിൽ ഒക്കെയും രാഷ്ട്രീയമുണ്ടെന്ന് മീനാക്ഷി പറയുന്നു. 

നമ്മൾ ന്യൂസിൽ നിന്നെടുത്ത റീലുകളിലും മറ്റും കണ്ടിട്ടുണ്ട്, ഒന്ന് രണ്ട് ആളുകളോട് എന്തോ സമരത്തെപ്പറ്റിയോ മറ്റോ ചോദിച്ചപ്പോൾ അവർ രസകരമായി പറയുന്ന ഒരു മറുപടിയുണ്ട് .. ‘സമരം രാഷ്ട്രീയക്കാർക്ക് ഗുണമുണ്ടാവും ഞാൻ പണിയെടുത്താലെനിക്ക് ഗുണവും’ പെട്ടെന്ന് നമുക്ക് ഇവർ പറഞ്ഞതാണ് ഹീറോയിസം എന്ന് തോന്നുമെങ്കിലും അവർക്ക് പണിയെടുക്കാനുള്ള ഇടവും സാഹചര്യവും കൂലിയുമൊക്കെ തീരുമാനിക്കപ്പെട്ടതിൽ രാഷ്ട്രീയത്തിന്റെ പങ്ക് കാണാതെ പോവുന്നിടത്താണ് കുഴപ്പം.

രാഷ്ട്രീയത്തിൽ നിങ്ങൾ ഇടപെട്ടില്ലെങ്കിലും നിങ്ങളുടെ ജീവിതത്തിൽ രാഷ്ട്രീയമിടപ്പെടും എന്നത് ഒരു ചെറിയ ഉദാഹരണം വഴി മനസ്സിലാക്കാനുമാവും.. മരടിലെ പൊളിച്ച ഫ്ലാറ്റുകളിലെ താമസക്കാർ മിക്കവരും തന്നെ ഇടത്തരക്കാർക്ക് മുകളിലുള്ളവരായിരുന്നിരിക്കാം. അവരാരും തന്നെ രാഷ്ട്രീയവുമായി നേരിട്ട് ഇടപെടുകയോ സമരങ്ങളിൽ പങ്കെടുക്കുകയാ ചെയ്തിട്ടുള്ളവരുമായിരിക്കില്ല. പക്ഷേ ഫ്ലാറ്റ് പൊളിക്കും എന്ന അവസ്ഥയിൽ അവരൊരു പക്ഷമായി നിന്ന് സമരം ചെയ്യേണ്ടുന്ന അവസ്ഥ വന്നു ചേരുകയുമുണ്ടായി..

ചുരുക്കത്തിൽ നമുക്കും രാഷ്ട്രീയത്തിൽ ജനാധിപത്യത്തിൽ പങ്കു ചേരാം. അത് പക്ഷേ മറുപക്ഷത്തെയോ മറ്റൊരു രാഷ്ട്രീയത്തെയോ ശത്രുക്കളായിക്കണ്ട് ഗോത്ര ബോധത്തോടെ അക്രമാസക്തരാകുവാനോ സൈബർ ഇടങ്ങളിൽ നിങ്ങളുടെ പക്ഷമല്ലാത്തവരുടെ മേൽ മോശം പദപ്രയോഗങ്ങൾ നടത്തിക്കൊണ്ടോ.. വ്യക്തിഹത്യ നടത്തിക്കൊണ്ടോ സൈബർ ബുളളിങ്ങ് നടത്തിക്കൊണ്ടോ അല്ല മറിച്ച് തന്നെപ്പോലെ പ്രധാനമാണ് അപ്പുറത്തുള്ളയാളും.. എന്റെ ശരികൾ പോലെ പ്രധാനമാണ് അപ്പുറത്തുള്ളയാളുകളുടെ ശരികളും എന്ന ആധുനിക പൗരബോധത്തിലും കൂടുതൽ ശരികളുടെ പക്ഷത്താൽ ഭരിക്കപ്പെടും.

അപ്പോഴും വിമർശന ബുദ്ധിയോടെ വേണ്ടിവന്നാൽ നിങ്ങളുടേതല്ലാത്ത പക്ഷങ്ങളെ ജനാധിപത്യപരമായ രീതിയിൽ എതിർക്കുകയുമാവാം... ജനാധിപത്യം എന്ന ഒന്നിൽ ഓരോ പൗരന്റെയും സാമൂഹിക പ്രതിബദ്ധതയാണ് തന്റെ സമ്മതിദാനവകാശം വിനിയോഗിക്കുക എന്നത് നിങ്ങളുടെ താത്പര്യമനുസരിച്ച് നിങ്ങളുമായി യോജിക്കുന്ന പക്ഷത്തിന്.. പാർട്ടിക്ക് ... നമ്മൾ ഓരോരുത്തരും പങ്കെടുക്കുക എന്നതിലാണ് കാര്യം,' സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ മീനാക്ഷി പറഞ്ഞു. 

ENGLISH SUMMARY:

Meenakshi's recent social media post about the importance of voting and engaging in political discussions is gaining significant attention as Kerala goes to the polls. She emphasizes that participating in the democratic process is a duty of every modern citizen, regardless of individual involvement.