ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ വിഷയത്തിൽ സോഷ്യല്‍ മീഡിയ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഞാൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? ഭാഗ്യലക്ഷ്മി സെലക്ടീവ് ആണോ? എന്ന പ്രതികരണങ്ങള്‍ താന്‍ കണ്ടിരുന്നുവെന്നും വാർത്താ ചാനലുകളിൽ വന്ന് സംസാരിക്കുന്നില്ല എന്നാൽ അതിനർഥം തനിക്ക് അതിൽ അഭിപ്രായമില്ല എന്നല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്, അഭിപ്രായം എപ്പോഴും സമൂഹത്തിനു മുമ്പിലും ചാനലിനു മുമ്പിലും വന്നിരുന്നു പറഞ്ഞുകൊള്ളണം എന്ന് അത്യാവശ്യമൊന്നുമില്ലല്ലോ. എന്റെ ഇഷ്ടമല്ലേ സംസാരിക്കണോ വേണ്ടയോ എന്നുള്ളത്, തന്‍റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയില്‍ ഭാഗ്യലക്ഷ്മി ചോദിച്ചു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍
ഇങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ തന്നെ ആ പെൺകുട്ടിയെ വിളിച്ചു. വിളിച്ചപ്പോൾ ആ കുട്ടി ഫോൺ എടുത്തില്ല, നമുക്ക് മനസ്സിലാകും, കാരണം എല്ലാ ചാനലുകളും ബ്രേക്കിങ് ന്യൂസ് ആയി ഇത് വളരെ ആവേശത്തോടുകൂടി കാണിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു പിന്നിൽ വേദനിക്കുന്ന ഒരു പെൺകുട്ടി ഉണ്ട് എന്നുള്ളത് എല്ലാവരും മറന്നു പോകുന്നു. അവർക്ക് അതൊരു ബ്രേക്കിങ് ന്യൂസ് മാത്രമാണ്. ആ കുട്ടിയുടെ ആ വേദന മനസ്സിലാകുന്നത് കൊണ്ട് ഞാൻ പിന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല. ഉടനെ തന്നെ ഒരു മെസ്സേജ് അയച്ചു, ‘മോളെ വാർത്ത കണ്ടു, ധൈര്യമായിരിക്കൂ എന്നും ഒപ്പം ഉണ്ടാകും’ എന്ന്. അത്രയും മതി യഥാർഥത്തിൽ.ഒപ്പമുണ്ട് എന്ന് പറഞ്ഞാൽ, അവളോടൊപ്പം എന്ന് പറയുന്നുണ്ടെങ്കിൽ അതൊരു വെറും വാക്കല്ല. അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. കാരണം അങ്ങനെ നിലപാട് എടുത്തിട്ടുള്ളവരോടൊപ്പം ഞാൻ നിന്നിട്ടുള്ള ഒരാളാണ്.
കന്യാസ്ത്രീയുടെ വിഷയം വന്ന സമയത്ത് അവർക്ക് വേണ്ടി എറണാകുളത്ത് സമരപ്പന്തലിൽ ചെന്ന ഒരാളാണ്. കേരളത്തിലെ ഇങ്ങനെയുള്ള വിഷയങ്ങളിൽ ഞാൻ ചാനലുകളിൽ ഇരുന്ന് സംസാരിച്ചിട്ടുള്ള ഒരാളാണ്. അതുകൊണ്ടുതന്നെ അതിനി ആർക്ക് വേണ്ടിയാണെങ്കിലും എനിക്ക് പറയാനുള്ള അഭിപ്രായങ്ങൾ ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷേ ഇവിടെ ഇപ്പോൾ നിങ്ങളോട് പറയാൻ വന്നിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം, ഞാൻ എടുത്തിരിക്കുന്ന ഒരു തീരുമാനമാണ്. ആ തീരുമാനം എടുക്കാനുണ്ടായ സാഹചര്യം പറയാം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതി വിധി വരുന്ന ദിവസം. എന്തായിരിക്കും കോടതി വിധി വരാൻ പോകുന്നതെന്ന് നമുക്ക് ഏകദേശം ഒരു ഊഹം ഒക്കെ ഉണ്ടല്ലോ.
അതുകൊണ്ടുതന്നെ ഞാൻ അങ്ങോട്ട് വരുകയാണ് എന്ന് പറഞ്ഞിട്ടാണ് അവളോടൊപ്പം അവിടെ പോയി ഇരുന്നത്. വരാൻ പോകുന്ന സത്യം ഫേസ് ചെയ്യാനായി കുറെ ദിവസങ്ങളോളം അവളെ ഇങ്ങനെ പറഞ്ഞു, പറഞ്ഞു, പറഞ്ഞു ധൈര്യം കൊടുക്കുന്നുണ്ടായിരുന്നു. എന്നിട്ട് പോലും അവൾക്ക് അത് താങ്ങാൻ പറ്റിയില്ല. താങ്ങാൻ പറ്റിയില്ല എന്ന് പറയുമ്പോൾ ഈ കേസിനോടൊപ്പം 2017 മുതൽ സഞ്ചരിച്ച ഒരു വ്യക്തിയാണ് ഞാൻ. എന്റെ സുഹൃത്ത് ഒന്നുമല്ല ആ കുട്ടി. ആ കുട്ടിയും ഞാനുമായി അടുത്തിരുന്ന് സംസാരിക്കുന്നത് തന്നെ ഈ കേസ് വന്നതിനു ശേഷമാണ്. അതിനുമുമ്പ് ഞങ്ങൾ തമ്മിൽ കാണുകയും സംസാരിക്കുകയും ഒന്നും ഉണ്ടായിട്ടില്ല. അവർ ഒരു നടി ഞാൻ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് അത്രയേ ഉള്ളൂ.
പക്ഷേ ഇങ്ങനെ ഒരു സംഭവം നടന്നപ്പോൾ ഓടി അവരുടെ വീട്ടിലേക്ക് ചെന്ന്, അവരോടൊപ്പം ഇരുന്ന്, അവരെ ആശ്വസിപ്പിച്ച് ഒന്ന് ചേർത്തുപിടിച്ച്, ‘ഞാൻ കൂടെയുണ്ട്, ഞാൻ കൂടെയുണ്ട് കേട്ടോ എപ്പോഴും’ എന്നു പറയുന്നത് അവരെ സംബന്ധിച്ചിടത്തോളം ആശ്വാസം തരുന്ന കാര്യമാണ്. ചാനലിൽ വന്നിരിക്കുമ്പോൾ സമൂഹത്തിനു മുൻപിൽ എന്റെ നിലപാട് പറയുക എന്നുള്ളതല്ല. ഇത് അനുഭവിക്കുന്ന പെൺകുട്ടികൾക്ക്, എന്നോടൊപ്പം ഇവരൊക്കെ ഉണ്ടല്ലോ എന്ന ധൈര്യം വരും. എനിക്ക് വേണ്ടി അവർ സംസാരിക്കും, എനിക്ക് പറയാനുള്ളതാണ് അവർ പറയുന്നത് എന്ന് ഓരോ സർവൈവറും ഓർക്കും. അപ്പോൾ കിട്ടുന്ന ഒരു ധൈര്യം ഉണ്ടല്ലോ അതിനുവേണ്ടിയാണ് നമ്മൾ ഈ ചാനലിൽ പോയിരുന്നു സംസാരിക്കുന്നത്.
എല്ലാ കാലവും പലർക്കു വേണ്ടിയും ഞാൻ സംസാരിക്കാറുണ്ട്. പിന്നെ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഒരൽപം അധികം സംസാരിക്കാൻ കാരണം, എതിർ നിൽക്കുന്നത് ഏറ്റവും ഉന്നതനും സ്വാധീനമുള്ള വ്യക്തിയായതു കൊണ്ടാണ്. അപ്പോൾ നമുക്ക് സംസാരിക്കാൻ കുറെ കൂടി കാര്യങ്ങൾ ഉണ്ടാകും. ഈ കേസിന്റെ ട്രയൽ സമയത്ത് അവൾ നേരിട്ട് വല്ലാത്ത ദുരനുഭവം, എല്ലാം നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്. നിങ്ങളിൽ പലരും വാർത്തകളിൽ കൂടെ കാര്യങ്ങൾ അറിയുന്നെങ്കിൽ നമ്മൾ നേരിട്ട് ഇവരിൽ നിന്നാണ് ഈ കാര്യങ്ങളൊക്കെ അറിയുന്നത്. അപ്പോൾ ഇതിൽ ഉണ്ടായിട്ടുള്ള എല്ലാ കാര്യങ്ങളും എനിക്ക് വ്യക്തമായി അറിയാവുന്നതുകൊണ്ട് തന്നെ നമ്മുടെ ഇടപെടലുകൾ കുറച്ചു കൂടുതൽ കാണിച്ചു എന്നുള്ളത് സത്യമാണ്. അത് എന്റെ ആവശ്യമാണ്, അത് ആരെയും ബോധ്യപ്പെടുത്താൻ അല്ല. എല്ലാവരും അയാളോടൊപ്പം എന്ന് പറയുമ്പോൾ അവളോടൊപ്പം വളരെ വിരളമായ ആളുകളെ ഉണ്ടായിരുന്നുള്ളൂ.
ഞാൻ ഈ കേസിനൊപ്പം ഇത്രയും കാലം സഞ്ചരിച്ച ഒരാളായതുകൊണ്ട് തന്നെ കുറച്ച് ഇമോഷനൽ ആകുന്നുണ്ടായിരുന്നു. എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. ഈ വിധി വന്ന ദിവസം അവളുടെ നിരാശയും അവളുടെ ദുഃഖവും ഇതെല്ലാം കൂടി കണ്ടപ്പോൾ അവൾ എത്രമാത്രം അപ്സെറ്റ് ആയോ അത്രത്തോളം ഞാനും അപ്സെറ്റ് ആയി. അന്ന് പത്രസമ്മേളനം നടത്തിയപ്പോൾ പോലും എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. അതെല്ലാം കഴിഞ്ഞ് വീട്ടിൽ വന്നിട്ടും എനിക്ക് എന്റെ ദേഷ്യവും സങ്കടവും കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല. അതാണ് എല്ലാ ദേഷ്യവും വച്ച് സംഘടനകളിൽ നിന്ന് ഇറങ്ങി പോകുന്നു എന്ന് പറയാൻ കാരണംഅത് കഴിഞ്ഞിട്ടും എനിക്ക് അതിൽ നിന്ന് ഒരു മോചനം ഉണ്ടായിരുന്നില്ല. വീട്ടിൽ വന്നിട്ടും ഞാൻ ഇങ്ങനെ ടെൻഷൻ അടിച്ചുകൊണ്ട് വല്ലാത്ത ഒരു ഡിപ്രഷൻ മൂഡിലേക്ക് പോയി. എന്താണ് എനിക്ക് എന്താണ് സംഭവിക്കുന്നതെന്നോർത്ത് എനിക്ക് തന്നെ അത്ഭുതം തോന്നി.
വല്ലവരും കണ്ടാൽ വിചാരിക്കും, ഇവർ ഇത്തിരി ഓവർ അല്ലേ എന്ന്. പക്ഷേ അത് എന്റെ ഒരു ബേസിക് നേച്ചർ ആണ്. എനിക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും ദേഷ്യം വന്നാലും വളരെ അമിതമായി പ്രകടിപ്പിക്കുന്ന ഒരാളാണ്. അത് എന്നെ തന്നെ എന്റെ മനസ്സിനെ സന്തോഷത്തെ സമാധാനത്തെ എല്ലാം ഇല്ലാതെയാക്കുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്. പക്ഷേ എനിക്ക് ഇതിൽ നിന്ന് എന്താണ് ഞാൻ ചെയ്യുന്നതെന്ന് അറിയുന്നില്ലായിരുന്നു.അപ്പോഴാണ് എന്റെ മൂത്ത മകൻ എന്നോട് പറഞ്ഞത്, അമ്മ ഈ ചാനലുകളിൽ ചെന്നിരുന്ന് സംസാരിക്കുമ്പോൾ അമ്മ അമ്മയുടെ നിലപാടുകൾ, അഭിപ്രായങ്ങൾ പറയാൻ വേണ്ടിയാണ് അവിടെ പോയി ഇരിക്കുന്നത്. പക്ഷേ അതിനെ അമ്മയുടെ നിലപാട് ആയോ അമ്മയുടെ അഭിപ്രായമായോ കാണുന്നതിനേക്കാളും, അവർക്ക് നന്നായിട്ട് അറിയാം അമ്മയെ എങ്ങനെ പ്രകോപിപ്പിക്കണം എന്ന്. അങ്ങനെ പ്രകോപിപ്പിക്കുമ്പോൾ അമ്മ വളരെ വയലന്റ് ആകുന്നതുപോലെ ദേഷ്യത്തിൽ ഉറക്കെ ഒച്ച വച്ച് സംസാരിക്കും. അവർക്ക് ആവശ്യം അതാണ്. ആ ഒച്ചയും ബഹളവും എല്ലാം കൂടെയാണ് അവർക്ക് ആവശ്യം. അല്ലാതെ നിങ്ങൾ വളരെ സാത്വികതയോടുകൂടി സംസാരിച്ച് ചർച്ചയ്ക്ക് വന്നിരിക്കാൻ അവരാരും വിളിക്കില്ല, അപ്പോൾ നിങ്ങളെ പ്രൊവോക്ക് ചെയ്യുക, നിങ്ങൾ പ്രൊവോക്ക്ഡ് ആവുക ഇതാണ് അവരുടെ ആവശ്യം. ഇതുകൊണ്ട് ആർക്കാണ് നഷ്ടം സംഭവിക്കുന്നത് അമ്മയ്ക്ക്. ആർക്കാണ് ഗുണം ഉണ്ടാകുന്നത് അവർക്ക്.
ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് തോന്നി ശരിയാണ്. അപ്പോൾ ഞാൻ ആലോചിച്ചു എനിക്ക് ഒരാളെ ചേർത്തു പിടിക്കണമെങ്കിൽ, നേരിട്ട് അവരുടെ അടുത്തേക്ക് എത്തിയാൽ പോരെ, അവരോട് സംസാരിച്ചാൽ പോരെ. അത് സമൂഹത്തെയും മാധ്യമങ്ങളെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം എന്താണ്. ഇന്നല്ല നാളെയല്ല ഇനി ഏതു കാലത്താണെങ്കിലും ഞാൻ അതിജീവിതമാരോടൊപ്പം തന്നെ ആയിരിക്കും. അതിന് ഏത് ഉന്നതനാണെങ്കിലും ഏത് സുഹൃത്താണെങ്കിലും ഇനി ആരൊക്കെ തന്നെയാണെങ്കിലും എന്റെ നിലപാട് ഇങ്ങനെ തന്നെയായിരിക്കും.
ഇന്ന് വന്നിരിക്കുന്ന ഈ കുട്ടിയാണെങ്കിലും നടി ആണെങ്കിലും കന്യാസ്ത്രീ ആണെങ്കിലും ഇതത്രം സാഹചര്യങ്ങളിൽ പോയ സ്ത്രീകൾ കുട്ടികൾ എല്ലാവരും തന്നെ നിയമ നടപടികളുമായി മുൻപോട്ടു പോകുമ്പോൾ നമ്മൾ തീർച്ചയായിട്ടും അത് അംഗീകരിക്കണം. കാരണം സമൂഹത്തിൽ പലരുടെയും പരിഹാസവും പലരുടെയും കുത്തുവാക്കുകളും ഒക്കെ സഹിച്ചുകൊണ്ടാണ് അവർ നിയമ നടപടികളുമായിട്ട് മുൻപോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ അവരോടൊപ്പം ആ പെൺകുട്ടികളോടൊപ്പം നിൽക്കുക എന്നുള്ളത് ഓരോരുത്തരുടെയും കടമയാണ്. നമ്മളെല്ലാവരും അത് ചെയ്യേണ്ടവരാണ്, എന്നെ സംബന്ധിച്ച് ഞാൻ അങ്ങനെ തന്നെയായിരിക്കും. . ഇനി അത് ആരാണ് ഈ പ്രതിസ്ഥാനത്ത് നിൽക്കുന്നതെങ്കിലും ഞാൻ ആ പെൺകുട്ടിയോടൊപ്പം തന്നെയായിരിക്കും.
തീർച്ചയായിട്ടും ആ പെൺകുട്ടി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ മാനസിക സംഘർഷങ്ങൾ എല്ലാം മാറ്റിവച്ചുകൊണ്ട് തന്നെ ധൈര്യത്തോടുകൂടി ഈ വിഷയം കൈകാര്യം ചെയ്യണമെന്നും നിയമപരമായി ഇത് മുൻപോട്ട് ശക്തമായി തന്നെ മുൻപോട്ട് പോകണം. തീർച്ചയായിട്ടും ഞാൻ അവളോടൊപ്പം തന്നെയാണ് എന്നാണ് എനിക്ക് പറയാനുള്ളത്. ഇനി എന്റെ മാനസിക സംഘർഷം കൂട്ടാൻ വേണ്ടി ഞാൻ ചാനൽ ചർച്ചകളിൽ പോയിരിക്കാൻ ഉദ്ദേശിക്കുന്നില്ല.