Image Credit: X/trishtrashers
അടുത്തിടെ നടി തൃഷ അഭിനയം നിര്‍ത്തുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയെ ശക്തമായി വിമര്‍ശിച്ച് തൃഷ രംഗത്തെത്താറുണ്ട്. ഇത്തവണയും പരിഹാസവുമായാണ് തൃഷ രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കിംവദന്തികളോടുള്ള തൃഷയുടെ പ്രതികരണം.
‘ഞാൻ സിനിമ ഉപേക്ഷിച്ചു. ഒരു ധനികനായ ബിസിനസുകാരനെ വിവാഹം കഴിച്ചു, ഇന്നലെ വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് വയസ്സ് തികഞ്ഞ നാല് കുട്ടികളെ വളർത്തുകയും ചെയ്യുന്നുണ്ട്! ഇനി മറ്റെന്തെങ്കിലും ഞാൻ ചേർക്കേണ്ടതുണ്ടോ? അതോ ഇന്നത്തേക്കുള്ള ക്വാട്ട നമ്മൾ കഴിഞ്ഞോ?’ എന്നാണ് തൃഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തന്നെ കുറിച്ച് പ്രചരിക്കുന്ന ഒന്നിലധികം കിംവദന്തികളെയാണ് തൃഷ ഒറ്റ പോസ്റ്റുകൊണ്ട് തച്ചുടച്ചത്.
ഇതാദ്യമായല്ല തൃഷയുടെ വ്യക്തി ജീവിതത്തെ കുറിച്ച് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. മുന്‍പ് ഛത്തീസ്ഗഡില്‍ നിന്നുള്ള ഒരു വ്യവസായിയെ തൃഷ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അന്ന് തന്‍റെ ജീവിതം പ്ലാന്‍ ചെയ്യുന്നവര്‍ ഹണിമൂണ്‍ കൂടി ഷെഡ്യൂള്‍ ചെയ്യണമെന്നായിരുന്നു തൃഷയുടെ പ്രതികരണം. ശരിയായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുമെന്നും എന്നാല്‍ സമയമായിട്ടില്ലെന്നുമാണ് വിവാഹം സംബന്ധിച്ച് തൃഷ എന്നും പറഞ്ഞിരുന്നത്. 2015 ല്‍ വ്യവസായിയായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും പിന്നീട് പിരിയുകയായിരുന്നു. വിവാഹ ശേഷം അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവരും തമ്മില്‍ പിരിയാന്‍ കാരണമെന്നാണ് വിവരം.
അതേസമയം, അടുത്തിടെ നടനും ടിവികെ സ്ഥാപകനുമായ വിജയ്‌ക്കൊപ്പം ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത് മുതല്‍ തൃഷ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെയാണ് തൃഷയും വിജയ്‌യും പൊതുവേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇത് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുടെ ആക്കം കൂട്ടി.
അതിനിടെ പ്രണയവുമായി ബന്ധപ്പെടുത്തി ഇന്നലെയും തൃഷ ഒരു സ്റ്റോറി പങ്കുവച്ചിരുന്നു. ‘പ്രണയം പരമമല്ല, എന്നാൽ അതില്ലാത്തതെല്ലാം അർഥശൂന്യവുമാണ്’ എന്നാണ് തൃഷ സ്റ്റോറിയില്‍ പങ്കിട്ടത്. തർക്കിക്കാൻ വരുന്നവരോട് പ്രതികരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലല്ല എന്ന് വ്യക്തമാക്കുന്ന മറ്റൊരു സ്റ്റോറിയും തൃഷ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ ഷെയർ ചെയ്തിരുന്നു.