jayalalitha-trisha

തമിഴ്‌നാട്ടില്‍ നടി തൃഷയുടെ പേരിൽ തിരുനെൽവേലിയിലെ ഒരുകൂട്ടം ആരാധകര്‍ ഒരു സംഘടന രൂപീകരിച്ചു. പേര് ‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’. തമിഴകത്തിന്റെ പുരട്ചി തലൈവി ജയലളിതയെ ഓര്‍മ്മിപ്പിക്കുന്ന പേര്. അതുവഴി ജയലളിതയ്ക്ക് പകരം ഇനി തൃഷ എന്ന ചര്‍ച്ച സജീവമാക്കാനാണ് ടിവികെയുടെ ശ്രമം എന്നാണ് ഡിഎംകെ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ചിന്ത. ഈ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ ? വിജയ് അധികാരത്തിലെത്തിയ കാലം മുതല്‍ കേള്‍ക്കുന്ന എംജിആര്‍– ജയലളിത (വിജയ്–തൃഷ) കോംബോ ആവര്‍ത്തിക്കുമോ? 

എംജിആര്‍ – വിജയ് 

കന്നിയങ്കത്തില്‍ത്തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായ എംജിആറിന്റെയും വിജയ്‌യുടെയും അധികാരത്തിലേക്കുള്ള യാത്രയ്ക്ക് സമാനതകളുണ്ട്. ഇരുവരും ആദ്യം സിനിമയില്‍ താരങ്ങളായി. സിനിമയില്‍ നിന്ന് ലഭിച്ച ജനപ്രീതി വോട്ടാക്കി മാറ്റി അധികാരത്തിലേറി. കരുണാനിധി–എംജിആര്‍ സുഹൃദ് ബന്ധത്തിലെ ഉലച്ചിലായിരുന്നു എംജിആറിന്റെ രാഷ്ട്രീയ യാത്രയ്ക്ക് ഇന്ധനമായതെങ്കില്‍, വിജയ്ക്ക് അത് കൃത്യമായ ആസൂത്രണത്തോടെ, വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തില്‍ നേടിയെടുത്ത സ്വപ്ന പദവി തന്നെയാണ്. 

വളരെ ചെറുപ്പത്തില്‍ രജനീകാന്തിനോടുള്ള ആരാധനയാണ് വിജയ്‌യെ സിനിമയിലെത്തിച്ചതെങ്കില്‍ രാഷ്ട്രീയത്തില്‍ റോള്‍ മോഡല്‍ എംജിആര്‍ തന്നെയെന്ന് പലകുറി വിജയ്‌യുടെ വാക്കുകളില്‍ നിന്ന് വ്യക്തമായതാണ്. രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയത്തിലേക്കുള്ള വിജയ്‌യുടെ യാത്ര തുടങ്ങിയതാകട്ടെ സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം, വായനശാല എന്നിങ്ങനെയുള്ള എംജിആറിന്റെ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചും. 

ജയലളിത 

തമിഴകം കണ്ട ഏറ്റവും കരുത്തുറ്റ ഭരണാധികാരിയാണ് ജയലളിത, അവരുടെ രാഷ്ട്രീയ ജീവിതമാകട്ടെ ഏറ്റവും സങ്കീര്‍ണവും. കരുണാനിധി–എംജിആര്‍ കൂട്ടുകെട്ടിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ അതിഥിയായിരുന്നു ജയലളിത. പതിയെ ഉറ്റ സുഹൃത്തുക്കളായിരുന്ന എംജിആറും കരുണാനിധിയും വിരുദ്ധചേരികളിലേക്ക് നീങ്ങുന്നത് തമിഴകം കണ്ടു. ഡിഎംകെ നേതൃത്വത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച എംജിആറിനെ കരുണാനിധി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എംജിആര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. വാക്ചാതുരി കൊണ്ട് ജനങ്ങളെ കൈയിലെടുക്കുന്ന കരുണാനിധിയെ അതേ നാണയത്തില്‍ നേരിടാന്‍ എംജിആര്‍ കണ്ടെത്തിയ വജ്രായുധമായിരുന്നു ജയലളിത. പക്ഷേ എംജിആറിന്റെ മരണശേഷമാണ് ജയലളിത എന്ന കരുത്തയായ ഭരണാധികാരിയുടെ ജനനം.

1989 മാര്‍ച്ച് 25. പതിമൂന്നു വര്‍ഷത്തിന് ശേഷം  അധികാരത്തിലെത്തിയ ഡിഎംകെ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം. ബജറ്റ് പ്രസംഗം തടസപ്പെടുത്താന്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം തീരുമാനിച്ചു. അതിന്റെ തലേദിവസം ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രതിഷേധിച്ച് ജയലളിത എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതായി സ്പീക്കര്‍ക്ക് കത്ത് നല്‍കി. രാജി അംഗീകരിച്ച് സ്പീക്കര്‍ വിജ്ഞാപനവും ഇറക്കി. പിന്നാലെ നിലപാട് മാറ്റിയ ജയലളിത സ്പീക്കറെ കണ്ട് വിജ്ഞാപനം പിന്‍വലിപ്പിച്ചു. ഇത് സഭയില്‍ ഉന്നയിക്കപ്പെടാതെ നോക്കുകയായിരുന്നു ബജറ്റ് തടയല്‍ വഴി പ്രതിപക്ഷത്തിന്റെ ലക്ഷ്യം. 

ബജറ്റ് അവതരിപ്പിക്കാന്‍ എഴുന്നേറ്റ മുഖ്യമന്ത്രി കരുണാനിധിയെ ജയലളിത ക്രിമിനലെന്ന് വിളിച്ചു. ആ വിളിയെ കരുണാനിധി പ്രതിരോധിച്ച രീതി ജയലളിതയെ കൂടുതല്‍ പ്രകോപിതയാക്കി. എംജിആറിനെതിരെ ജയലളിത പാര്‍ട്ടി നേതൃത്വത്തിന് എഴുതിയ കത്തും എംഎല്‍എ സ്ഥാനം രാജിവച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതും കരുണാനിധി സഭയില്‍ ഉന്നയിച്ചു. പാര്‍ട്ടിക്കാരെത്തന്നെ ജയലളിതയ്ക്കെതിരെ തിരിക്കുകയായിരുന്നു കരുണാനിധിയുടെ ലക്ഷ്യം. പക്ഷേ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കരുണാനിധിയുടെ കൈയില്‍ നിന്നും ബജറ്റ് പ്രസംഗം പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഉന്തുംതള്ളുമായി. ഡിഎംകെ എംഎല്‍എമാര്‍ ജയലളിതയുടെ സാരി വലിച്ചു കീറി. 

സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത ഡിഎംകെയ്ക്ക് ഒപ്പം സഭയില്‍ ഇരിക്കില്ലെന്ന് പറഞ്ഞ ജയലളിത മുഖ്യമന്ത്രിയായി മാത്രമേ ഇനി ഈ പടവുകള്‍ കയറൂവെന്ന് പ്രഖ്യാപിച്ചു. അഴിഞ്ഞ മുടിയും കീറിയ സാരിയുമായി പടികളിറങ്ങിയ ജയലളിതയുടെ ചിത്രം തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതാന്‍ പോന്നതായിരുന്നു . എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്ന് തള്ളിയിറക്കപ്പെട്ട ജയലളിതയെ എംജിആറിന്റെ പിന്‍ഗാമിയായി സ്വീകരിക്കണോ വേണ്ടയോ എന്ന സംശയമുണ്ടായിരുന്ന തമിഴകത്തിന് അവര്‍ അതിനുശേഷം ‘അമ്മ’യായി. 

ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കാന്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയ ജയലളിത കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി. 2 വര്‍ഷത്തിനുള്ളില്‍ ഡിഎംകെ സര്‍ക്കാരിനെ കോണ്‍ഗ്രസ് നയിച്ച കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. 1991 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് 234 ല്‍ 225 സീറ്റും ജയിച്ച് പുരട്ച്ചി തലൈവിയായാണ് ജയലളിത നിയമസഭയില്‍ തിരിച്ചെത്തിയത്. സിനിമയെ വെല്ലുന്ന മാസ് തിരിച്ചുവരവ്! പിന്നീടങ്ങോട്ട് കരുണാനിധി–ജയലളിത യുദ്ധമാണ് തമിഴകം കണ്ടത്. 

ട്വിസ്റ്റുകള്‍ നിറഞ്ഞ തിരക്കഥയും മാസ് സംഘടന രംഗങ്ങളും അതിന് കൊഴുപ്പുകൂട്ടി. കരുണാനിധിയുടെ മരണം വരെ ആ ശത്രുത തുടര്‍ന്നു. കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമം ഒരുക്കണമെന്ന കുടുംബത്തിന്റെയും പാര്‍ട്ടിയുടേയും ആഗ്രഹം പോലും കോടതി ഇടപെടലിലൂടെയാണ് സഫലമായത്. സിനിമയിലും രാഷ്ട്രീയത്തിലും എംജിആറിന്റെ നിഴല്‍പോലെ കൂടെയുണ്ടായിരുന്ന ജയലളിത എംജിആറിന്റെ മരണശേഷം മാത്രമാണ് ആദ്യമായി നിയമസഭയിലെത്തിയത് എന്നതും ചരിത്രം.

അസാധ്യ ഭാഷാ പരിജ്ഞാനവും കുറിക്ക് കൊള്ളുന്ന മറുപടിയും ജയയെ മറ്റ് നേതാക്കളില്‍ നിന്ന് വേറിട്ടുനിര്‍ത്തി. അനുഭവങ്ങളായിരുന്നു ജയലളിതയുടെ പാഠവും പാഠശാലയും. അധികാരത്തിന്റെ ഇടനാഴിയില്‍ ജയലളിതയ്ക്ക് കാലിടറിയതെല്ലാം അഴിമതിയുടെ പേരിലും ശശികലയുടെ കൂട്ടുകെട്ടിന്റെ പേരിലും മാത്രമായിരുന്നു. അപ്പോഴും തമിഴകം ഇന്നും സ്നേഹവായ്പ്പോടെ ഓര്‍ത്തിരിക്കുന്ന പേരാണ് ജയലളിത, അമ്മ, പുര്ടച്ചി തലൈവി. 

തൃഷ

സിനിമ താരമെന്നത് മാത്രമാണ് തൃഷയെ ജയലളിതയ്ക്കൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന ഘടകം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അഭിമുഖങ്ങളില്‍ പലതിലും മുഖ്യമന്ത്രി ആവണമെന്ന ആഗ്രഹം ചിരിച്ചുകൊണ്ട് പറഞ്ഞതൊഴിച്ചാല്‍ തൃഷ നിലപാടിലോ ആശയ വ്യക്തതയിലോ ഒരിക്കലും രാഷ്ട്രീയബോധം പ്രകടിപ്പിച്ച് കണ്ടിട്ടില്ല. മുഖ്യമന്ത്രിയായ ശേഷം വിജയ്ക്കൊപ്പം പതിവായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന തൃഷയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്ന് ഉറപ്പിക്കാനുമാവില്ല. 

തൃഷയുടെ സമ്മതത്തോടെയാണ് സംഘടന രൂപീകരിച്ചതെന്ന് ആരാധകര്‍ പറഞ്ഞുവയ്ക്കുന്നതും സ്റ്റാലിന്റെ മണ്ഡലമായിരുന്ന കൊളത്തൂരില്‍ ടിവികെ സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തയാറെടുക്കുന്നു എന്ന പ്രചാരണവും കര്‍ട്ടന്‍ റെയ്സര്‍ ആവാനുള്ള സാധ്യതയും തമിഴകത്തെ രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. പക്ഷേ അപ്പോഴും തൃഷയെ ജയലളിതയുടെ പിന്‍ഗാമിയായി വാഴിക്കാനുള്ള ആശയമോ ആഗ്രഹമോ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതൊട്ടും എളുപ്പമാവില്ല. സിനിമാതാരമെന്ന ഇമേജോ, വിജയ്‌യുടെ സൗഹൃദമോ മാത്രം മതിയാകില്ല ഇളയ പുരട്ചി തലൈവി എന്ന പദവി തൃഷയ്ക്ക് പേരിനൊപ്പം ചേര്‍ക്കാന്‍.

 

ENGLISH SUMMARY:

recent political discussions surrounding actress Trisha Krishnan's fans forming a new association in Tamil Nadu. The article analyzes whether comparisons to MGR and Jayalalithaa are valid for actor Vijay and Trisha in the current political landscape.