janvi-sridevi

 അമ്മയെ നഷ്ടപ്പെട്ട കാലത്തെക്കുറിച്ചും അമ്മ തന്നെ എത്രത്തോളം നന്നായി മനസ്സിലാക്കിയിരുന്നു എന്നതിനെക്കുറിച്ചും മനസ്സ് തുറന്ന് ബോളിവുഡ് താരം ശ്രീദേവിയുടെയും ബോണി കപൂറിന്‍റെയും മകളും നടിയുമായ ജാന്‍വി കപൂര്‍. അമ്മയുടെ മരണശേഷം കുടുംബത്തിന് നേരെയുണ്ടായ ആരോപണങ്ങള്‍ ഒറ്റയ്ക്ക് നേരിടേണ്ടിവന്നത് എത്രത്തോളം ആഘാതം സൃഷ്ടിച്ചു എന്നും ജാന്‍വി പറഞ്ഞു. അത്തരമൊരു ഘട്ടത്തില്‍ ഉള്ളിലെ അസ്വസ്ഥതകള്‍ മറയ്ക്കാന്‍ താന്‍ എടുത്ത തെറ്റായ തീരുമാനങ്ങളും അത് മറ്റുള്ളവര്‍ ചൂഷണം ചെയ്തതും താരം വെളിപ്പെടുത്തി. അമ്മയുടെ മരണം അച്ഛനിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും ശ്രീദേവി ജീവിച്ചിരുന്നപ്പോള്‍ നേരിട്ട അപവാദങ്ങളെക്കുറിച്ചുമൊക്കെ ജാന്‍വി കപൂര്‍ വികാരാധീനയായാണ് സംസാരിച്ചത്. രാജ് ഷമണിയുമായുള്ള അഭിമുഖത്തിലാണ് ജാന്‍വി അമ്മയുടെ വേര്‍പാട് കുടുംബത്തെ എങ്ങനെ ബാധിച്ചു എന്ന് തുറന്ന് പറഞ്ഞത്.

‘അമ്മയെ നഷ്ടപ്പെട്ട വേദനയിൽ നിന്ന് കരകയറാൻ എനിക്ക് കഴിയില്ല. ഞാൻ വളരെ ആശ്രയിക്കുന്ന ഒരു മകളായിരുന്നു. അവരെപ്പോലെ മറ്റാരുമില്ല. അമ്മയുടെ തമാശകളും അവര്‍ ഒപ്പമുള്ളപ്പോള്‍ എന്നെയും അച്ഛനെയും സഹോദരിയെയും എങ്ങനെയാണ് നോക്കിയിരുന്നത് എന്നതുമൊക്കെ വല്ലാതെ മിസ് ചെയ്യുന്നു. എനിക്ക് നഷ്ടമായത് ഒരു രക്ഷിതാവിനെ മാത്രമല്ല, അമ്മ ഉണ്ടായിരുന്നപ്പോഴുള്ള അച്ഛനെക്കൂടിയാണ്.’ എന്നായിരുന്നു ജാന്‍വിയുടെ വാക്കുകള്‍. ആ സമയത്ത് താന്‍ ചില തെറ്റായ തീരുമാനങ്ങൾ എടുത്തതായും  അടുത്തുണ്ടാകാൻ പാടില്ലാത്ത ചിലരെ ജീവിതത്തിലേക്ക് സ്വീകരിച്ചതായും അവർ തന്നെ ചൂഷണം ചെയ്തതായും ജാന്‍വി വെളിപ്പെടുത്തി. ‘എന്നെ ഒരു സുരക്ഷിതമായ ഇടത്തല്ലായിരുന്നു ഞാൻ നിർത്തിയിരുന്നത്.’ അമ്മയെ നേരത്ത വേണ്ടവിധം മനസ്സിലാക്കാന്‍ തനിക്ക് സാധിക്കാത്തതില്‍ വിഷമുണ്ടെന്നും ജാന്‍വി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അമ്മയെ കൂടുതല്‍ മനസ്സിലാക്കാന്‍ തനിക്ക് സാധിക്കുന്നു. അമ്മ പ്രഫഷണലായും സാമ്പത്തികമായും കാര്യങ്ങള്‍ കൈകാര്യം ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് കുട്ടിയായിരുന്നപ്പോള്‍ താന്‍ കാര്യങ്ങള്‍ കണ്ടിരുന്നത്. ‘നാല് വയസുമുതല്‍ ജോലി ചെയ്യാന്‍ തുടങ്ങിയവളാണ് അമ്മ. പക്ഷേ അവരുടെ പോരാട്ടങ്ങളുടെ കഥയൊന്നും അവര്‍ ഞങ്ങളോട് പറഞ്ഞിരുന്നില്ല. സന്തോഷത്തിന്‍റെ കഥകള്‍ മാത്രമാണ് പങ്കുവെച്ചത്. ശ്രീദേവിയുട പഴയ അഭിമുഖം കണ്ടതും ജാന്‍വി ഓര്‍ത്തു. അന്ന് അതില്‍ അവര്‍ തന്‍റെ പരാധീനതകളെക്കുറിച്ചും ചലച്ചിത്രമേഖലയെ ഗൗരവമായി എടുക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു. 

‘അമ്മ ജീവിച്ചിരുന്നപ്പോള്‍ ആളുകള്‍ അവരോട് അത്ര ദയയുള്ളവരായിരുന്നില്ല. ‘കുടുംബം തകര്‍ക്കുന്നവള്‍’ എന്നെല്ലാം വിളിച്ചു. അത് അമ്മയെ വളരെയേറെ വേദനിപ്പിച്ചിരുന്നു. പക്ഷേ മരിച്ചുപോയവരോട് ചരിത്രം ദയ കാണിക്കുന്നു. ഇപ്പോള്‍ എല്ലാവരും അമ്മയെ സ്നേഹത്തോടെ ഓര്‍ക്കുന്നു.’  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായിരുന്ന ശ്രീദേവി 1996ലാണ് ബോണി കപൂറിനെ വിവാഹം ചെയ്തത്. ആ സമയത്ത് വിവാഹിതനായിരുന്ന ബോണി കപൂര്‍ മോന ഷൂരിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയശേഷമാണ് ശ്രീദേവിയെ ഭാര്യയാക്കിയത്. ആദ്യവിവാഹത്തില്‍ ബോണി കപൂറിന് അര്‍ജുന്‍ കപൂര്‍, അൻഷുല കപൂർ എന്നീ മക്കളുണ്ടായിരുന്നു. ശ്രീദേവിയുമായുള്ള ബന്ധത്തിൽ ജാൻവി കപൂർ, ഖുഷി കപൂർ എന്നീ മക്കളുമുണ്ടായി. 2018 ഫെബ്രുവരിയിൽ ദുബായിലെ ഒരു ഹോട്ടലിൽ വെച്ചുണ്ടായ ശ്രീദേവിയുടെ ആകസ്മിക മരണം സിനിമാമേഖലയെയും ആരാധകരെയും ഒന്നാകെ നടുക്കിയിരുന്നു. ജാൻവിയുടെ ആദ്യ ചിത്രം തിയേറ്ററിലെത്തുന്നതിന് മാസങ്ങൾക്ക് മുന്‍പായിരുന്നു ശ്രീദേവിയുടെ വേർപാട്.

Janhvi Kapoor's Heartfelt Tribute to Mother Sridevi:

Janhvi Kapoor opens up about the immense grief and emotional toll of losing her mother, Sridevi, and how the family faced accusations alone. She reveals the wrong decisions she made during that difficult time and how others exploited her vulnerability