janhvi-kapoor

Image Credit : Instagram

പോണ്‍സൈറ്റില്‍ വന്ന തന്‍റെ ഡീപ് ഫെയ്ക് ചിത്രം കണ്ട് ക്ലാസിലെ ആണ്‍കുട്ടികള്‍ ചിരിച്ചത് ഇന്നും വേദനിപ്പിക്കുന്ന ഓര്‍മയെന്ന് ബോളിവുഡ് താരം ജാന്‍വി കപൂര്‍. അഭിനയത്തിന്‍റെ പേരിലും നെപ്പോട്ടിസത്തിന്‍റെ പേരിലും സൗന്ദര്യത്തിന്‍റെ പേരിലുമെല്ലാം ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് നടി ശ്രീദേവിയുടെ മകള്‍ കൂടിയായ ജാന്‍വി കപൂര്‍. സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് രാജ് ഷമാനിയുമായുളള ഒരു അഭിമുഖത്തിനിടെയാണ് ജാന്‍വി വെളിപ്പെടുത്തിയത്. 

ഇന്ന് മോര്‍ഫിങ് എന്താണെന്നും ഡീപ് ഫെയ്ക് എന്താണെന്നും കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്നും എന്നാല്‍ തനിക്ക് ദുരനുഭവം ഉണ്ടായസമയത്ത് എഐ സാങ്കേതിക വിദ്യയൊന്നും സാധാരണക്കാരിലേക്ക് എത്തിയിട്ടില്ലെന്നും ജാന്‍വി കപൂര്‍ പറയുന്നു. ജാന്‍വിയുടെ വാക്കുകള്‍ ഇങ്ങനെ...'15ാം വയസിലാണ് എനിക്ക് ദുരനുഭവം ഉണ്ടായത്. അന്ന് ഞങ്ങള്‍ക്ക് ഐടി ക്ലാസ് ഉണ്ടായിരുന്നു. തമാശയ്ക്ക് ആണ്‍കുട്ടികള്‍ പോണ്‍സൈറ്റിലും മറ്റും കയറാറുണ്ട്. അങ്ങനെ നോക്കിയപ്പോള്‍ അവര്‍ എന്‍റെ രൂപമാറ്റം വരുത്തിയ അശ്ലീല ചിത്രം കണ്ടു. അവര്‍ അത് കണ്ട് ചിരിക്കുന്നത് ഞാനും കണ്ടു. ഇന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമാണത്' ജാന്‍വി പറയുന്നു.

സോഷ്യൽ മീഡിയയിലെ ഇത്തരം പല കാര്യങ്ങളിലും യാതൊരു ധാർമ്മികതയുമില്ല. പല ന്യൂസ് പേജുകളിലും തന്‍റെ എഐ നിര്‍മിത ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ധരിക്കാത്ത തരത്തിലുളള വസ്ത്രങ്ങള്‍, എന്‍റേതല്ലാത പോസുകള്‍ എല്ലാം ചേര്‍ത്തുണ്ടാക്കുന്ന ഇത്തരം വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് ഞാന്‍ കാണാറുണ്ട്. പലപ്പോഴും പരാതിയുമായി പോകണ്ട എന്നാണ് സ്വയം സമാധാനിപ്പിക്കാറെന്നും ജാന്‍വി വെളിപ്പെടുത്തി. ചില ഡീപ് ഫെയ്ക് ചിത്രങ്ങള്‍ കാണുമ്പോള്‍ വല്ലാത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ചില ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഇഷ്ടമല്ലാത്ത കോസ്റ്റ്യൂമിനോട് നോ പറയാന്‍ പോലും ഭയം തോന്നും. കാരണം ഡീപ് ഫെയ്ക് ചിത്രങ്ങള്‍ കാണിച്ച് സംവിധായകര്‍ ചോദിച്ചാലോ ഇതൊക്കെ ധരിക്കാമെങ്കില്‍ എന്തുകൊണ്ട് ഈ വസ്ത്രം ധരിച്ചുകൂടാ...അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെങ്കിലും അങ്ങനെ സംഭവിച്ചാലോ എന്നും ഭയക്കാറുണ്ടെന്നും ജാന്‍വി കപൂര്‍ പറയുന്നു.

കാലഘട്ടത്തിനനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ താന്‍ പഠിച്ചുവെന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു. തന്നെ കൂടാതെ ഗ്ലാമർ ലോകത്തിലെ പല സ്ത്രീകളും ഇത്തരം ഡീപ്‌ ഫെയ്ക് ചിത്രങ്ങൾക്കെതിരെ ശബ്ദമുയർത്തിയിട്ടുണ്ടെന്നും ജാന്‍വി പറയുന്നു. 

ENGLISH SUMMARY:

Janhvi Kapoor's traumatic experience at 15, seeing her altered image on a pornographic website and the boys' laughter, continues to haunt her. This incident, coupled with the rise of AI-generated fake images today, highlights the pervasive issue of cyberbullying and the emotional toll it takes on individuals, especially public figures.