ഇന്ത്യയില്‍ നിന്ന് ഭാവിയില്‍ എന്തെങ്കിലും തരത്തിലുളള ആക്രമണമുണ്ടായാല്‍ കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിൽ കയറി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്‍റെ മുന്നറിയിപ്പ്. സിയാല്‍ക്കോട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഖ്വാജ ആസിഫ് ഇന്ത്യക്കെതിരെ ഭീഷണി ഉയര്‍ത്തിയത്.
ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് ആസൂത്രണം ചെയ്യുന്നതായി സൂചന ലഭിച്ചെന്നും ഖ്വാജ ആസിഫ് ആരോപിച്ചു. ഒരു ഭീകരാക്രമണം നടന്നതായി വരുത്തിത്തീര്‍ക്കാന്‍ ഇന്ത്യ ശ്രമിച്ചേക്കുമെന്നും അതിനായി തടവിലുളള പാക് പൗരന്മാരെ ഉപയോഗിക്കാന്‍ പോലും ഇന്ത്യ മടിക്കില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. സ്വന്തം പൗരന്മാരുടെയോ അല്ലെങ്കില്‍ തടവിലുളള പാക് പൗരന്മാരുടെയോ മൃതദേഹങ്ങള്‍ ഉപയോഗിച്ച് ഒരു വ്യാജ ഭീകരാക്രമണം സൃഷ്ടിക്കാന്‍ ഇന്ത്യ ശ്രമിച്ചേക്കുമെന്നും ഖ്വാജ ആസിഫ് ആരോപിച്ചു. അതേസമയം ഈ പ്രസ്താവനകള്‍ ശരിവയ്ക്കുന്ന തെളിവുകളൊന്നും തന്നെ അദ്ദേഹം ഹാജരാക്കിയതുമില്ല.
ഇന്ത്യയുടെ ഏത് ആക്രമണത്തിനും പാക്കിസ്ഥാന്‍റെ പ്രതികരണം വേഗമേറിയതും, നിര്‍ണായകവുമായിരിക്കുമെന്നും ഖ്വാജ ആസിഫ് പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ വലിയ അപമാനമായിരിക്കും ഇത്തവണ ഇന്ത്യയെ കാത്തിരിക്കുന്നതെന്നും ഖ്വാജ ആസിഫ് പറഞ്ഞു. യുദ്ധമുണ്ടായാൽ അത് കേവലം 200-250 കിലോമീറ്റർ ചുറ്റളവിൽ മാത്രം നില്‍ക്കില്ല. ഇന്ത്യൻ മണ്ണിൽ കയറി വീടുകൾക്കുള്ളിൽ വരെ പ്രഹരമേൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അയൽരാജ്യത്തുനിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും നിലവിലെ സാഹചര്യത്തിൽ അഭൂതപൂർവവും നിർണായകവുമായ നടപടി ഉണ്ടാകുമെന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പരാമർശങ്ങൾക്ക് മറുപടിയായിരുന്നു ഖ്വാജ ആസിഫിന്‍റെ പ്രതികരണം.