dhanush-vignesh

നയൻതാരയും ധനുഷുമായുണ്ടായ ചില പ്രശ്നങ്ങൾ സമൂഹ മാധ്യങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നയൻതാരയുടെയും വിഘ്‌നേഷിന്റെയും വിവാഹത്തോടനുബന്ധിച്ച് പുറത്തിറക്കിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ട്രെയിലറുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. നയൻതാരയുമായുള്ള പരസ്യമായ തർക്കത്തിന് പിന്നാലെ, നടൻ ധനുഷുമായുള്ള സൗഹൃദം നഷ്ടപ്പെട്ടതിൽ തനിക്ക് വലിയ വിഷമമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് വിഘ്‌നേഷ്. തന്റെ പുതിയ ചിത്രമായ 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ (Love Insurance Kompany) റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് വിഘ്‌നേഷ് മനസ്സുതുറന്നത്. ധനുഷിനെ ഇപ്പോഴും തന്റെ ജീവിതത്തിലെ പ്രധാന വ്യക്തിയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ധനുഷ് സാറിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ജൂലൈ 28നാണ് അദ്ദേഹത്തിന്റെ ജന്മദിനം. അതേ ദിവസം തന്നെയാണ് എന്റെ അച്ഛൻ മരിച്ചതും. അദ്ദേഹത്തിൽ നിന്നും പിതൃതുല്യമായ ഒരു സാന്നിധ്യമാണ് എനിക്ക് ലഭിച്ചിരുന്നത്. ആ ബന്ധം ഇല്ലാതായതോടെ ആ സാന്നിധ്യവും ഇല്ലതായി. അതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. എനിക്ക് ഇന്നുള്ള ജീവിതത്തില്‍ ധനുഷ് സാർ വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്. എപ്പോളോ എവിടെയോ ഒരു തെറ്റ് സംഭവിച്ചിരിക്കണം. ആ തെറ്റില്‍ എനിക്ക് നാണക്കേട് തോന്നുന്നു’– വിഘ്നേഷ് പറഞ്ഞു.

'വി.ഐ.പിയുടെ ഷൂട്ടിങ് സമയത്ത് ഞാൻ രണ്ട് വർഷം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ചതിനുശേഷം മാത്രമേ ഞാൻ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുള്ളൂ. ചിലപ്പോൾ ആളുകൾക്കിടയിൽ എന്തെങ്കിലും സംഭവിക്കുമ്പോൾ നമുക്ക് സാഹചര്യം മനസ്സിലാകണമെന്നില്ല' വിഘ്നേഷ് പറയുന്നു.

നയന്‍താരയെ കുറിച്ച് നെറ്റ്​ഫ്ലിക്സ് തയാറാക്കിയ ഡോക്യുമെന്‍ററിയായ 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍' എന്ന ഡോക്യുമെന്‍ററിയില്‍ നാനും റൗഡി താന്‍ എന്ന സിനിമയിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇത് തടയണമെന്ന് ആവശ്യപ്പെട്ട് ധനുഷ് രംഗത്തെത്തിയതാണ് വിവാദമായത്. മൂന്ന് സെക്കന്‍റ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് 10 കോടി രൂപയാണ് താരം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. സിനിമ ചിത്രീകരിച്ച സമയത്ത് സംവിധായകന്‍ വിഘ്നേഷിന്‍റെ മുഴുവന്‍ ശ്രദ്ധയും നയന്‍സിലായിരുന്നുവെന്നും ചിത്രീകരണത്തെ അത് ബാധിച്ചുവെന്നും ധനുഷ് തുറന്നടിച്ചിരുന്നു. നയന്‍താരയുടെ നാല്‍പതാം പിറന്നാള്‍ ദിനത്തിലായിരുന്നു ഡോക്യുമെന്‍ററി പുറത്തിറങ്ങിയത്.

ENGLISH SUMMARY:

Vignesh Shivan, hurt by the loss of his friendship with Dhanush, expresses his deep regret. He considers Dhanush a father figure and his relationship with the actor's departure a significant personal loss.