piyush-mishra-priya-narayan

TOPICS COVERED

വ്യക്തിജീവിതത്തെ പറ്റിയും വിവാഹജീവിതത്തിലെ വീഴ്ചകളെ പറ്റിയും നടനും ഗായകനുമായ പീയൂഷ് മിശ്ര നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വൈറല്‍. വിവാഹജീവിതത്തിലെ വീഴ്ചകളെക്കുറിച്ചും വിവാഹേതര ബന്ധങ്ങളെക്കുറിച്ചും ആത്മകഥയായ ‘തുമാരി ഔകാത് ക്യാ ഹേ പീയൂഷ് മിശ്ര’ എന്ന പുസ്തകത്തിലാണ് അദ്ദേഹം വിശദീകരിച്ചത്. ഈയിടെ ഒരു അഭിമുഖത്തില്‍ പീയുഷ് മിശ്ര ഇക്കാര്യങ്ങള്‍ ഭാര്യയോട് വെളിപ്പെടുത്തിയ സന്ദര്‍ഭത്തെ പറ്റിയും സംസാരിച്ചു. 1995-ലാണ് പീയൂഷ് മിശ്രയും പ്രിയ നാരായണനും വിവാഹിതരായത്. ജോഷ്, ജയ് എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്.

 

താനിപ്പോള്‍ നല്ലൊരു ഭര്‍ത്താവാണെന്നും മുന്‍പ് അങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'അക്കാലത്ത് ഉത്തരവാദിത്ത ബോധം കുറവായിരുന്നു. വിവാഹം വലിയ ഉത്തരവാദിത്വമാണ്. 20-ാം വയസില്‍ ഒരാളോട് പ്രണയം തോന്നിയാല്‍ അതില്‍ യുക്തിയുണ്ടാകില്ല, അതാണ് അതിന്‍റെ ഭംഗി. എന്നാല്‍ 35 വയസിന് ശേഷം നിങ്ങളോടൊപ്പം വാര്‍ധക്യത്തിലും ഉണ്ടാകുന്നൊരാളെയാണ് സ്നേഹിക്കുക, എന്നോടൊപ്പം പ്രായമാകാന്‍ അവള്‍ തയ്യാറായി, അവള്‍ എന്നെ സ്വീകരിച്ചു', എന്നാണ് പീയുഷ് പറഞ്ഞത്. 

 

പ്രിയ എന്റെ ഭാര്യയാണെന്ന് തിരിച്ചറിയാൻ പോലും എനിക്ക് 10 മുതൽ 15 വർഷം വരെ എടുത്തെന്നും പീയുഷ് പറഞ്ഞു. എനിക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന, കുട്ടികളെ നോക്കുന്ന ഒരു സ്ത്രീ മാത്രമായിട്ടാണ് പ്രിയയെ കണ്ടത്. അവളോട് പ്രത്യേക വികാരങ്ങളൊന്നും തോന്നിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയോട് തന്‍റെ വിവാഹേതര ബന്ധങ്ങളെ പറ്റി തുറന്നുപറഞ്ഞ സന്ദര്‍ഭത്തെ പറ്റിയും അദ്ദേഹം സംസാരിച്ചു. 

 

'എന്‍റെ തെറ്റുകളെ തിരിച്ചറിഞ്ഞപ്പോള്‍ അവളെ അടുത്തിരുത്തി എല്ലാം പറഞ്ഞു. ഞങ്ങൾ രണ്ടുപേരും അന്ന് ഒരുപാട് കരഞ്ഞു, പരസ്പരം കെട്ടിപ്പിടിച്ചു. അതോടെ മനസിലെ ഭാരം ഇല്ലാതായി. നീയും ഞാനും തെറ്റുകൾ ചെയ്തിട്ടുണ്ട്, നീ കുറച്ച് കൂടുതൽ ചെയ്തു എന്ന് മാത്രം, നമുക്കിത് ഇവിടെ അവസാനിപ്പിക്കാം എന്നാണ് പ്രിയ പറഞ്ഞത്', ഇതോടെ നമ്മുടെ ധാരണ ശക്തമായതായി അദ്ദേഹം പറഞ്ഞു. 

 

ഇക്കാര്യങ്ങളറിഞ്ഞിട്ടും പ്രിയ തനിക്കൊപ്പം നില്‍ക്കുന്നതിന്‍റെ കാരണവും പീയുഷ് പറഞ്ഞു. അവള്‍ എനിക്കു വേണ്ടി വീട്ടില്‍ നിന്നും ഇറങ്ങി വന്നവളാണ്. രക്ഷിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് എന്നെ വിവാഹം കഴിച്ചു. അവള്‍ ഒരുപാട് ത്യജിച്ചു. എന്തുതന്നെ സംഭവിച്ചാലും ‍ഞാന്‍ നിന്നെ ഡിവോഴ്സ് ചെയ്യില്ല. നിനക്ക് എന്തു വേണമെങ്കിലും ചെയ്യാമെന്നും ഞാന്‍ നിന്നെ പിരിയില്ലെന്നുമാണ് അവള്‍ പറഞ്ഞത് എന്നും പീയുഷ് പറഞ്ഞു. 

ENGLISH SUMMARY:

Piyush Mishra's candid confessions about his personal life and marital struggles are currently going viral. In his autobiography, 'Tumhari Aukad Kya Hai Piyush Mishra', he detailed his marital failures and extramarital affairs. He recently spoke in an interview about revealing these matters to his wife.