dhurandhar-pakistan

ബോളിവുഡ് ചിത്രം 'ധുരന്ധർ: ദ റിവഞ്ച്' സിനിമയുടെ ബോക്സ് ഓഫീസ് വരുമാനത്തിന്റെ വിഹിതം ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. വരുമാനത്തിൽ 80 ശതമാനം  പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്കായി നൽകണമെന്നാണ് കറാച്ചിയിലുള്ള ല്യാരി നിവാസികളുടെ ആവശ്യം. രണ്‍വീര്‍ സിങ് നായകനായ ചിത്രം 1,000 കോടി രൂപ നേടി എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത്. 

ല്യാരിയിലെ ക്രിമിനൽ സംഘങ്ങൾക്കിടയിലൂടെ നീങ്ങുന്ന ഒരു ഇന്ത്യൻ ഇന്‍റലിജൻസ് ഓഫീസറുടെ കഥയാണ് ധുരന്ധർ 2 പറയുന്നത്. അതിനാല്‍ ലാഭത്തിന്‍റെ ഒരു ഭാഗം തങ്ങള്‍ക്കും ആവശ്യപ്പെട്ടതായാണ് പ്രദേശവാസികളുടെ അവകാശവാദം. ല്യാരിയുടെ പേരും പശ്ചാത്തലവും സിനിമ ഉപയോഗിക്കുമ്പോള്‍ പ്രദേശവാസികള്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാകണമെന്ന് പ്രദേശവാസികള്‍ പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ഇന്ത്യ പണം നല്‍കുകയാണെങ്കില്‍ റോ‍ഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാം എന്നാണ് ഒരാള്‍ വിഡിയോയില്‍ പറയുന്നത്. 100 കോടി രൂപയോളം ജനങ്ങളുടെ ക്ഷേമത്തിനായി ചെലവാക്കണമെന്നും അഭിപ്രായപ്പെടുന്നവര്‍ വിഡിയോയിലുണ്ട്. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മോശമാണെന്നും സിനിമയുടെ സാമ്പത്തിക വിജയം സമൂഹത്തിന് ഗുണമുണ്ടാക്കണമെന്നും പ്രദേശവാസികള്‍ പറയുന്നു. ലാഭത്തിന്‍റെ 70-80 ശതമാനം ന്യായമായ വിഹിതമായിരിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. ''1000 കോടി സമ്പാദിക്കുന്നുണ്ടെങ്കിൽ, കുറഞ്ഞത് 500 കോടിയെങ്കിലും ലിയാരിയിലെ ആളുകൾക്ക് നൽകുക. വരുമാനത്തിന്റെ പകുതിയെങ്കിലും നൽകിയാൽ പോലും ഈ റോഡുകൾ നന്നാകും'', എന്നാണ് നാട്ടുകാരുടെ വാക്കുകള്‍. 

ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ല്യാരി പശ്ചാത്തലമായാണ് ഒരുക്കിയിരിക്കുന്നത്. അർജുൻ രാംപാൽ, ആർ. മാധവൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, രാകേഷ് ബേദി, സാറ അർജുൻ തുടങ്ങിയ പ്രമുഖ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ചിത്രത്തിന്‍റെ ആദ്യ ഭാഗം 1300 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. രണ്ടാം ഭാഗം ഇതിനോടകം രാജ്യാന്തര തലത്തിൽ 1100 കോടിയിലധികം രൂപയും ഇന്ത്യയില്‍ 750 കോടിയിലധികം രൂപയും നേടി.

ENGLISH SUMMARY:

Bollywood movie Dhurandhar The Revenge is facing a demand for a share of its box office revenue from Pakistan, specifically from residents of Lyari in Karachi. They are asserting that 80% of the film's earnings should be allocated for local development initiatives.