rashmika-vijay

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത്. ആരാധകര്‍ ഏറെ ആഘോഷിച്ച് വിവാഹത്തിനൊടുവില്‍ രശ്മിക ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് ശ്രദ്ധ നേടുകയാണ്. 'ഇനി ഞങ്ങള്‍ മൂന്ന് പേരാണ്' എന്ന ക്യാപ്ഷനോടെ ഒരു ആനിമേറ്റഡ് വിഡിയോ ആണ് രശ്മിക പങ്കുവച്ചിരിക്കുന്നത്. 

സൂര്യകാന്തി പൂവിനും രശ്മികക്കും ഇടയിലേക്ക് വിജയ് കൂടി എത്തുന്നതാണ് വിഡിയോയിലുള്ളത്. ഇതോടെ പല സംശയങ്ങളുമായി ആരാധകരും കമന്‍റിലെത്തി. 'രശ്മിക അമ്മയാവാന്‍ പോവുകയാണോ?' 'കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുകയാണോ?' എന്നൊക്കെയാണ് കമന്‍റില്‍ പലരും ചോദിക്കുന്നത്. 

എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് അത്തരത്തിലുള്ള ഒരു പോസ്റ്റല്ല. ഈ വിഡിയോക്കൊപ്പം 'രശ്മികാറൂ' എന്നൊരു അക്കൗണ്ട് കൂടി ടാഗ് ചെയ്തിട്ടുണ്ട്. ഇത് രശ്മികയുടെ ഒരു പേഴ്സണൽ ഇൻസ്റ്റാഗ്രാം പേജ് ആണ്.   'എന്‍റെ ഹൃദയത്തിന്‍റെ ചെറിയ ഭാഗം' എന്നാണ് രശ്മിക ഈ പേജിനെ വിശേഷിപ്പിക്കുന്നത്. തന്‍റെ വ്യക്തിപരമായ ചിന്തകള്‍ പങ്കുവക്കാനുള്ള ഒരു ഡിജിറ്റല്‍ ഡയറിയാണ് ഇത്. 

റൂ എന്ന് പേരിട്ടിരിക്കുന്ന ഒരു ആനിമേറ്റഡ് സൂര്യകാന്തി പൂവിനേയും തനിക്കൊപ്പം രശ്മിക പോസ്റ്റ് ചെയ്യാറുണ്ട്. രശ്മികയുടെ വ്യക്തിത്വത്തിൽ നിന്ന് തന്നെ പ്രചോദനം ഉൾക്കൊണ്ടാണ് ഈ കഥാപാത്രത്തെ നിര്‍മിച്ചെടുത്തത്. ഒപ്പം ചേര്‍ന്ന വിജയ് ആണ്  വിഡിയോയില്‍ രശ്മിക പങ്കുവച്ച പുതിയ അതിഥി.

കഴിഞ്ഞ ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു രശ്‌മികയുടെയും വിജയ്​യുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന് ശേഷം ഹൈദരാബാദിൽ വച്ച് സിനിമാ മേഖലയിലുള്ളവർക്കായി ഇവർ വിരുന്നും ഒരുക്കിയിരുന്നു. 

ENGLISH SUMMARY:

Vijay Deverakonda and Rashmika Mandanna's wedding announcement has fans buzzing with excitement. Rashmika Mandanna's recent social media post, captioned 'Now we are three,' has sparked speculation about an impending family addition, but it actually refers to her animated sunflower character and a personal Instagram page.