vazha-two

TOPICS COVERED

സോഷ്യല്‍ മീഡിയ ആകെ ട്രെന്‍ഡിങ് ആയിരിക്കുകയാണ് ഹാഷിര്‍ ആന്‍ഡ് ടീമിന്‍റെ വാഴ 2. റീല്‍സിലൂടെ മലയാളികള്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയ നാല്‍വര്‍ സംഘത്തിന്‍റെ സിനിമയിലെ അരങ്ങേറ്റവും ഗംഭീരമായിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. തുടക്കക്കാരുടെ യാതൊരു പതര്‍ച്ചകളും ഇടര്‍ച്ചകളുമില്ലാതെ മികച്ച പ്രകടനമാണ് ഹാഷിറും അലനും അജിനും വിനായകും അഭിനയിച്ചത്. 

കണ്‍മുന്നില്‍ വളര്‍ന്ന യുവാക്കളുടെ വിജയം സ്വന്തം വിജയമായാണ് മലയാളികളും കാണുന്നത്, പ്രത്യേകിച്ചും സിനിമാ പശ്ചാത്തലമില്ലാതെ സ്വന്തം കഴിവില്‍ കയറി വന്നവരാവുമ്പോള്‍. വാഴ 2 തിയേറ്ററിനകത്തും പുറത്തും ചര്‍ച്ചയാവുമ്പോള്‍ ഹാഷിര്‍ പങ്കുവച്ച വിഡിയോയും ശ്രദ്ധ നേടുകയാണ്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് കൊച്ചിയിലേക്ക് പോകുന്നതിന് മുന്‍പ് ഉമ്മയോട് യാത്ര പറയുന്ന വിഡിയോ ആണ് ഹാഷിര്‍ പങ്കുവച്ചത്. ഉമ്മ വളര്‍ത്തിയ മോന്‍റെ സിനിമ ഇറങ്ങാന്‍ പോവുകയാണെന്ന് പറയുമ്പോള്‍ കഴി‍ച്ചിട്ട് പോകാനാണ് ഉമ്മ പറയുന്നത്. ഈ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആണ്. 

ചിത്രത്തിന്‍റെ ആദ്യഷോ കഴിഞ്ഞ് കണ്ണ് നിറഞ്ഞാണ് ഹാഷിറും സുഹൃത്തുക്കളും തിയേറ്ററില്‍ നിന്നും ഇറങ്ങിവന്നത്. ആദ്യ ഷോ കഴിയുമ്പോൾ തന്നെ ഈ വർഷത്തെ മറ്റൊരു ഹിറ്റാണ് സിനിമ എന്ന് ഏറെക്കുറേ ഉറപ്പായി കഴിഞ്ഞിരുന്നു. സിവിന്‍ എസ്.എ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് വിപിന്‍ ദാസാണ്. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം എന്നിവരും പ്രധാനവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Vaazha 2 Malayalam Movie is creating a significant buzz on social media, marking the successful cinematic debut of Hashir and his team. This film, driven by popular Reels artists, is receiving excellent reviews and is being celebrated by audiences as a personal triumph.