Image Credit FOCUS MEDIA
പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയുടെ പ്രചാരണ പരിപാടിയില്‍ സിനിമാ–മിമിക്രി മേഖലയിലെ താരങ്ങള്‍ അണി നിരന്നു. ധർമ്മജൻ ബോൾഗാട്ടി, നാദിർഷാ, നോബി, ഷാജോണ്‍ തുടങ്ങിയ നിരവധി താരങ്ങൾ പാലക്കാട്ടെ പ്രചാരണ വേദിയിൽ എത്തി.
വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികൾ ഉള്ളവരാണെങ്കിലും 20 വർഷത്തിലധികമായുള്ള സൗഹൃദത്തിന്റെ പുറത്താണ് തങ്ങൾ പിഷാരടിക്കായി വോട്ട് ചോദിക്കാൻ എത്തിയതെന്ന് താരങ്ങൾ വ്യക്തമാക്കി. അതേ സമയം രമേഷ് പിഷാരടിക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ട് ധർമ്മജൻ സംസാരിക്കുകയും, പാലക്കാടിന് പിഷാരടി ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
എന്നാല്‍ തന്റ ഭാര്യയെ ആദ്യമായി വേദിയില്‍ പരിചയപ്പെടുത്തിയ പിഷാരടി ഭാര്യയ്ക്ക് മൈക്ക് നല്‍കുന്നില്ല എന്നും, നല്‍കിയാല്‍ ട്രോളന്‍മാര്‍ക്ക് തീറ്റയാകുമെന്നും പറഞ്ഞ് സദസിനെ പൊട്ടിച്ചിരിപ്പിച്ചു.
ഇവിടെ കാണുന്നവരെല്ലാം കുടുംബക്കാരാണ് എന്നാല്‍ ഒറിജിനല്‍ കുടുംബത്തെക്കൂടി പരിചയപ്പെടുത്താം എന്നു പറഞ്ഞായിരുന്നു പിഷാരടി ഭാര്യയെ വേദിയിലേക്ക് വിളിച്ചത്. 2011ല്‍ വിവാഹിതരായ പിഷാരടിക്കും ഭാര്യ സൗമ്യയ്ക്കും മൂന്ന് മക്കളാണ്.
മിമിക്രി കലാകാരന്മാർക്കിടയിൽ ഏറ്റവും കൂടുതൽ ഐക്യുവും ഓർമ്മശക്തിയുമുള്ള വ്യക്തിയാണ് പിഷാരടിയെന്നും, ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നത് വരെ അദ്ദേഹത്തിന് അത് ഓർമ്മയുണ്ടാകുമെന്നുമായിരുന്നു ബിബിന്‍ ജോര്‍ജ് പറഞ്ഞത്. മിമിക്രി അവതരിപ്പിച്ചും പാട്ടുപാടിയും പിഷാരടിയും കൂട്ടരും പാലക്കാട്ടെ സദസിനെ കയ്യിലെടുത്തു.