Image: facebook.com/kvsumeshofficial

Image: facebook.com/kvsumeshofficial

കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ഥിച്ച് ചലച്ചിത്ര താരം നിഖില വിമല്‍. തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ.ശ്യാമളയ്ക്കും അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി കെ.വി.സുമേഷിനുമാണ് നിഖില വോട്ടഭ്യര്‍ഥിച്ചെത്തിയത്. നിഖിലയുമൊത്തുള്ള ചിത്രങ്ങള്‍ ഇരു സ്ഥാനാര്‍ഥികളും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

പി.കെ.ശ്യാമളയുടെ രാഷ്ട്രീയ പാരമ്പര്യവും പ്രവര്‍ത്തന പാരമ്പര്യവും സ്നേഹവും കരുതലുമെല്ലാം അനുഭവിച്ചറിയാന്‍ ഭാഗ്യമുണ്ടായ ആളാണ് താനെന്നും ചെറുപ്പം മുതലേ പരിചയമുണ്ടെന്നും അതുകൊണ്ടാണ് പ്രചാരണത്തിനായി എത്തിയതെന്നും നിഖില പറയുന്നു. ‘ടീച്ചര്‍’ എന്ന് സ്നേഹത്തോടെ വിശേഷിപ്പിച്ചായിരുന്നു നിഖിലയുടെ പ്രസംഗം. വലിയ വികസനങ്ങളാണ് കഴിഞ്ഞ പത്ത് വര്‍ഷം നാട്ടിലുണ്ടായെന്നും വികസനങ്ങള്‍ തുടരാന്‍ ശ്യാമള ടീച്ചര്‍ക്ക് വോട്ട് ചെയ്യേണമെന്നും നിഖില പറഞ്ഞു. ടീച്ചര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയം ഉണ്ടാകട്ടെ എന്നും നിഖില ആശംസിച്ചു.

‘കഴിഞ്ഞ പത്ത് വര്‍ഷമായി നമ്മുടെ നാട്ടിലുണ്ടായ വികസനങ്ങള്‍ എല്ലാവരും കണ്ടതാണ്. കലാസാംസ്കാരിക രംഗത്ത്, തളിപ്പറമ്പില്‍ തന്നെ ഒരുപാട് വികസനങ്ങള്‍ വന്നിട്ടുണ്ട്. ഉദാഹരണമാണ് ഹാപ്പിനസ് സ്ക്വയർ. ഇനി ധർമശാലയിൽ ഒരു തിയറ്റർ കോംപ്ലക്സ് വരാൻ പോകുന്നു. തളിപ്പറമ്പില്‍ മാത്രം ഇത്രയധികം വികസനങ്ങള്‍ ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ തുടര്‍ച്ചയുണ്ടാകാന്‍ ശ്യാമള ടീച്ചര്‍ക്ക് വോട്ട് ചെയ്യുക’– നിഖില പറഞ്ഞു.

അതേസമയം, അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി കെ.വി.സുമേഷിനായും നിഖില വോട്ട് അഭ്യർഥിച്ചു. അഴീക്കോട്‌ അഭിമാനം സാംസ്കാരിക സന്ധ്യയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു നിഖില. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സുമേഷ് മല്‍സരിച്ചപ്പോളും താന്‍ വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു.

‘ഇത്തവണയും സുമേഷേട്ടന്‍ ജയിക്കണമെന്നാണ് എന്‍റെ പ്രാർഥന. കഴിഞ്ഞ പത്ത് വർഷത്തിൽ നാട്ടിൽ ഒരുപാട് വികസനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍. നമുക്ക് അറിയാവുന്നവരാണ് അതിന് പിന്നിൽ എന്ന് അറിയുന്നത് അഭിമാനവും സന്തോഷവുമുള്ള കാര്യമാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും സുമേഷേട്ടൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു’- നിഖില പറഞ്ഞു. എഴുത്തുകാരി കെ.ആർ.മീരയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ENGLISH SUMMARY:

Popular actress Nikhila Vimal has joined the election campaign for LDF candidates in Kannur. Campaigning for PK Shyamala in Taliparamba, Nikhila highlighted the developmental strides like Happiness Square and upcoming theater complexes. She also sought votes for KV Sumesh in Azhikode during the 'Azhikode Abhimanam' cultural event, which was inaugurated by writer KR Meera. Nikhila expressed her personal bond with the candidates and urged voters to ensure the continuity of development in the region.