സ്ത്രീപീഡന പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെതിരെ ആലപ്പി അഷറഫ്. സിനിമ മാത്രമല്ല പീഡനവും ര‍‍‍ഞ്ജിത്തിന് വിനോദോപാധിയാണെന്ന് ആലപ്പി അഷറഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘മലയാള സിനിമയിലെ മാടമ്പി’ എന്നാണ് രഞ്ജിത്തിനെ ആലപ്പി അഷ്റഫ് വിശേഷിപ്പിച്ചത്. ഇന്നലെ അറസ്റ്റിലായ രഞ്ജിത്തിനെ എറണാകുളം ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

''സിനിമ മാത്രമല്ല വിനോദോപാധി. പീഡനവും വിനോദോപാധിയാക്കി മാറ്റിയ സംവിധയകൻ. മലയാള സിനിമയിലെ മാടമ്പി. ഇന്നയാൾ അഴിയെണ്ണുന്നു. ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ, അതോ നിസ്സഹായകരായ സ്ത്രീകളുടെ കണ്ണുനീരിൻ ഫലമോ..'' എന്നാണ് കുറിപ്പ്. 

യുവനടിയുടെ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്ത് പീഡനപരാതി വ്യാജമെന്നാണ് ആരോപിക്കുന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബലപ്രയോഗത്തിനുള്ള ശാരീരികശേഷി ഇല്ലെന്നും ഒട്ടേറെ ശത്രുക്കള്‍ ഉണ്ടെന്നും ജാമ്യാപേക്ഷയില്‍ രഞ്ജിത്ത് പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ര‍ഞ്ജിത് വ്യക്തമാക്കി.

കാരവാനിൽ വച്ചാണ് അതിക്രമം നടത്തിയതെന്നും, രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി. ജനുവരി 30 നാണ് കേസിന് ആസ്പദമായ കൃത്യം നടന്നത്. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ തൊടുപുഴയിൽ നിന്നും അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ രാവിലെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

ENGLISH SUMMARY:

Director Ranjith's arrest has sparked significant debate, with Alappuzha Ashraf making strong accusations on Facebook regarding his alleged involvement in sexual assault. The controversy surrounding the Malayalam film director continues to unfold as he faces remand and allegations that extend beyond his cinematic work.