കാത്തിരിപ്പിനൊടുവില്‍ ജയസൂര്യയുടെ 'കത്തനാര്‍' ട്രെയിലര്‍ പുറത്ത്. പ്രതീക്ഷകള്‍ക്കും അപ്പുറം പോയിരിക്കുന്ന ദൃശ്യ മികവാണ് ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മൂന്ന് മിനിട്ടോളം നീളുന്ന ട്രെയിലറില്‍ മനോഹാരിതയും സാങ്കേതിക മികവും കൊണ്ട് മുന്നിട്ടുനില്‍ക്കുകയാണ് ദൃശ്യങ്ങള്‍. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

കത്തനാരിന്‍റേയും കള്ളിയങ്കാട്ട് നീലിയുടേയും മാന്ത്രിക ലോകത്തേക്ക് കൊണ്ടുപോകുന്ന ട്രെയിലറിലെ കാസ്റ്റിങും ശ്രദ്ധ നേടുകയാണ്. അനുഷ്ക ഷെട്ടി, പ്രഭുദേവ, സാന്‍ഡി മാസ്റ്റര്‍ എന്നിങ്ങനെ തെന്നിന്ത്യന്‍ താരങ്ങള്‍ മുതല്‍ ദേവിക സഞ്ജയ്, ഹരീഷ് ഉത്തമന്‍,  വിനീത് എന്നിങ്ങനെ വലിയ താരനിരയാണ് എത്തുന്നത്. മലയാളികളുടെ 'ഗന്ധര്‍വന്‍' നിതീഷ് ഭരദ്വാജിന്‍റെ സാന്നിധ്യവും ശ്രദ്ധേയമാണ്. 

'ഹോം', 'ഫിലിപ്സ് ആൻഡ് ദ മങ്കി പെൻ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോജിൻ തോമസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ഏകദേശം 100 കോടിയിലധികം രൂപ മുടക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒന്നര വർഷം നീണ്ട കത്തനാറിന്റെ ചിത്രീകരണം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പൂർത്തിയായത്.