• ബോളിവുഡ് ചിത്രം ധുരന്ധറിലെ ഗാനങ്ങൾ പാടി ശ്രദ്ധേയനായ സുധീർ യദുവൻഷിയാണ് 'ജയ് ഹോ' ഗാനം ആലപിച്ചിരിക്കുന്നത്

ജയ് ഹോ എന്നാല്‍ വിജയം ഉണ്ടാകട്ടെ എന്നാണ്. ഇന്ത്യന്‍ ജനതയ്ക്ക് അത് ദേശഭക്തിയുടെയും വിജയത്തിന്‍റെയും ആവേശത്തിന്‍റെയും ഓർമ്മകൾ സമ്മാനിക്കുന്നതാണ്. എ.ആര്‍. റഹ്മാന്‍ ഓസ്കാര്‍ പുരസ്കാരം ഇന്ത്യന്‍ മണ്ണിലേക്ക് എത്തിച്ചതും ലോകമെമ്പാടും തരംഗമായതും ജയ് ഹോ എന്ന ഗാനത്തിലൂടെയാണ്. ഇപ്പോള്‍ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തിന് ഊര്‍ജം പകര്‍ന്ന് മലയാളത്തില്‍ നിന്നും മറ്റൊരു 'ജയ് ഹോ' ഗാനം എത്തിയിരിക്കുന്നു. ജയസൂര്യ നായകനാകുന്ന ഓപറേഷന്‍ ത്രാളിലെ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. 

ബോളിവുഡ് ചിത്രം ധുരന്ധറിലെ ഗാനങ്ങൾ പാടി ശ്രദ്ധേയനായ സുധീർ യദുവൻഷിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. യദുവൻഷി പാടുന്നതിന്‍റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യ, തെന്നിന്ത്യന്‍ താരങ്ങളായ റിതിക സിംഗ്, മുരളി ശര്‍മ തുടങ്ങിയവരുടെ പോസ്റ്ററുകളും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. സംഗീത സംവിധായകന്‍ രതീഷ് വേഗ രചന നിര്‍വഹിച്ച് ആദ്യമായി സംവിധാനം നിർവഹിക്കു ‘ഓപ്പറേഷൻ ത്രാൾ’  പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് തിയറ്ററിലേക്കെത്തുന്നത്. 

'ധുരന്ധർ: ദി റിവഞ്ച്' സിനിമയിലെ 'ആരി ആരി...' ഉൾപ്പെടെയുള്ള ഗാനങ്ങളിലൂടെ തരംഗമായ സുധീർ യദുവൻഷി ആദ്യമായി മലയാള സിനിമയ്ക്കു വേണ്ടി പാടുകയാണ്. സിനിമ സംവിധാനം ചെയ്യുന്നതിനൊപ്പം സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും രതീഷ് വേഗയാണ്. ഇർഷാദ് ദലാലാണ് ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത്. 

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ എന്‍ഐഎ ഓഫീസറായിട്ടാണ് ജയസൂര്യ എത്തുന്നത്. തമിഴിലും തെലുങ്കിലും തിളങ്ങിയ റിതിക സിംഗിന്‍റെ നായികയായിട്ടുളള മലയാള അരങ്ങേറ്റം കൂടിയാണ് ചിത്രം. നേരത്തെ ദുല്‍ഖറിനൊപ്പം കിംഗ് ഓഫ് കൊത്തയിലെ ഗാനരംഗത്ത് റിതിക പ്രത്യക്ഷപ്പെട്ടിരുന്നു. ഗുഡ്‌വിൽ എന്‍റര്‍ടെയ്ൻമെന്‍റിന്‍റെ ബാനറിൽ ജോബി ജോര്‍ജ് തടത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. 

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ പ്രമേയമായാണ് ചിത്രം ഒരുക്കുന്നതായാണ് സൂചന. ഹൈ- ഒക്ടേൻ ആക്ഷൻ ത്രില്ലറായെത്തുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറെ കരുത്തുറ്റ വേഷമാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ചിത്രം ക്രിസ്മസിന് തിയറ്ററിലെത്തും.

ENGLISH SUMMARY:

Operation Thraal, a new Malayalam song inspired by the patriotic spirit of 'Jai Ho', has been released to energize India's 80th Independence Day. This song from Jayasurya's upcoming film features Bollywood singer Sudheer Yadvanshi and marks a significant collaboration in Malayalam cinema.