ഇന്ത്യയാകെ സെന്‍സേഷനായിരിക്കുകയാണ് രണ്‍വീര്‍ സിങ് ചിത്രം 'ധുരന്ധര്‍'. അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും വന്‍ ഹിറ്റായി. പാക്കിസ്ഥാനില്‍ പോയി ഭീകരരെയും അവരെ അയക്കുന്നവരെയും ഒറ്റയ്ക്ക് തകര്‍ത്ത ഇന്ത്യന്‍ ചാരന്‍റെ കഥയാണ് 'ധുരന്ധര്‍' പറഞ്ഞത്. സിനിമയില്‍ രണ്‍വീര്‍ സിങ്ങിന്‍റെ പ്രകടനം കണ്ട് കണ്ണഞ്ചിയവരില്‍ ഹോളിവുഡ് താരങ്ങളും സംവിധായകരും വരെയുണ്ട്.

ഇപ്പോഴിതാ ‘ധുരന്ധര്‍’ വെറും സാങ്കല്‍പ്പിക സൃഷ്ടിയല്ലെന്ന് പറയുകയാണ് മുന്‍ സൈനിക ഉദ്യോഗസ്ഥനും സംവിധായകനുമായ മേജര്‍ രവി. യഥാര്‍ഥ ‘ധുരന്ധറി’നെ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും തനിക്കുപോലും ആരാധന തോന്നിപ്പോയെന്നും മേജര്‍ രവി പറഞ്ഞു. അദ്ദേഹത്തിന്‍റെ കഥ ആസ്പദമാക്കിയാണ് 'ധുരന്ധര്‍' ചിത്രം ഉണ്ടായതെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞു. 

'ആ മനുഷ്യന്‍ പാക്കിസ്ഥാനില്‍ പോയിട്ടുണ്ട്. അവിടെ ഒരു ക്യാംപ് മുഴുവന്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. ആ ദൗത്യത്തിനുവേണ്ടി അദ്ദേഹം വിശുദ്ധ ഖുറാന്‍ പഠിച്ചിട്ടുണ്ട്, സുന്നത്ത് ചെയ്തിട്ടുണ്ട്. അതൊരു ധൈര്യമല്ലേ, ഞാന്‍ പോലും അവനെ ആരാധിക്കും. ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഒരു മണിക്കൂര്‍ സംസാരിച്ചിട്ടുണ്ട്. എന്ത് ക്യൂട്ടായിട്ടാണ് അവന്‍ സംസാരിക്കുന്നത് എന്ന് അറിയാമോ? മോഹിത് ശര്‍മ എന്നാണ് പേര്. എന്നെ കാണാന്‍ വന്നിരുന്നു. മോഹിതിന്‍റെ കമാന്‍റിങ് ഓഫീസര്‍ ഇപ്പോള്‍ ജനറല്‍ ആയിരിക്കുന്ന കണ്ണൂരുകാരന്‍ വേണു ആണ്. അന്ന് അവന്‍ കേണലായിരുന്നു. അദ്ദേഹം വിളിച്ചിട്ടാണ് ശ്രീനഗറിലെ ഇവരുടെ യൂണിറ്റില്‍ ഒരു ദിവസം ‍ഞാന്‍ താമസിച്ചത്. 

‘അന്ന് രാത്രി ഒരു 11 മണിയൊക്കെ ആയപ്പോള്‍ മോഹിത് വന്നു വാതിലില്‍ മുട്ടി. കതക് തുറന്നപ്പോള്‍ സ്വയം പരിചയപ്പെടുത്തി, എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. മറ്റൊരാള്‍ കൂടി ഒപ്പമുണ്ടായിരുന്നു. അന്നൊന്നും അവന്‍ പാകിസ്ഥാനില്‍ പോയ കാര്യം എന്നോട് പറഞ്ഞിട്ടില്ല. അതുകഴിഞ്ഞ് വേണു വിളിച്ചുപറയുമ്പോഴാണ് അവന്‍ മരിച്ചുപോയെന്ന് ഞാന്‍ അറിയുന്നത്. അവന്‍റെ ചുറ്റും 12 മൃതദേഹങ്ങളുണ്ടായിരുന്നു. അവനും മറ്റൊരു കശ്മീരി നായിക്കും കൂടി ചേര്‍ന്നാണ് അവരെ നേരിട്ടത്. രണ്ട് പേരും മരിച്ചുപോയി. അവന്‍ പാക്കിസ്ഥാനില്‍ തന്നെ നിന്ന് കല്യാണമൊന്നും കഴിച്ചിട്ടില്ല. പക്ഷേ ആ ഓപ്പറേഷന്‍റെ ബേസിലാണ് അവര്‍ 'ധുരന്ധര്‍' സിനിമ എടുത്തത്. സിനിമാറ്റിക്കായി പോകുമ്പോള്‍ വേറെ ഒരു ലുക്കാണ്. അങ്ങനെയുള്ള വ്യക്തികളുണ്ട്. അവരൊരിക്കലും പറയില്ല, ഞാന്‍ അതാണ് ഇതാണെന്ന്,' മേജര്‍ രവി പറഞ്ഞു.

ENGLISH SUMMARY:

Dhurandhar movie has become a sensation across India, with its second part also becoming a major hit. This film tells the story of an Indian spy who single-handedly defeated terrorists and their handlers in Pakistan. Major Ravi, a former military officer and director, has revealed that the inspiration behind Dhurandhar is not entirely fictional, as he met the real-life hero himself.