മലയാളികളുടെ പ്രിയപ്പെട്ട 'ലാലേട്ടൻ' എന്ന ബ്രാൻഡിനെ സംരക്ഷിക്കാൻ മോഹൻലാൽ തന്നെ നേരിട്ട് രംഗത്തെത്തി.അനുമതിയില്ലാതെ തന്റെ ശബ്ദം, ചിത്രം, തനതായ സംഭാഷണശൈലി എന്നിവ പരസ്യങ്ങളിലും എഐ വിഡിയോകളിലും ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.  ഹർജി ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷയായ ബെഞ്ച് ഇന്ന് പരിഗണിക്കും.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വിഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ, അനുവാദമില്ലാത്ത പരസ്യങ്ങൾ എന്നിവ തന്റെ വ്യക്തിത്വത്തെ നശിപ്പിക്കുന്നുവെന്ന് താരം ചൂണ്ടിക്കാട്ടുന്നു. അനുമതിയില്ലാതെ നടത്തുന്ന ഇത്തരം വാണിജ്യ നീക്കങ്ങൾ വലിയ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഇതിൽ നിന്ന് സംരക്ഷണം വേണമെന്നും ഹർജിയിൽ പറയുന്നു.

നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനിൽ കപുർ, സൊണാക്ഷി സിൻഹ തുടങ്ങിയവരും ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ശബ്ദമോ ചിത്രമോ മിമിക്രി കാണിക്കാനോ പാരഡി ചെയ്യാനോ അല്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ശക്തമായ നിയമ പരിരക്ഷയാണ് ഇവർക്ക് ലഭിച്ചത്.

നിയമപ്പോരാട്ടത്തിനൊപ്പം തന്നെ വെള്ളിത്തിരയിലും മോഹൻലാൽ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'എൽ 360' എന്ന ചിത്രത്തിൽ എസ്ഐ ലവ്ലജനായി താരം എത്തുമ്പോൾ മീര ജാസ്മിൻ നായികയാകുന്നു. പ്രിയദർശന്റെ നൂറാമത്തെ ചിത്രം, ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 'ദൃശ്യം 3', മമ്മൂട്ടിക്കൊപ്പമുള്ള മഹേഷ് നാരായണൻ ചിത്രം, രജനികാന്തിന്റെ 'ജയിലർ 2'ലെ അതിഥിവേഷം എന്നിങ്ങനെ താരത്തിന്‍റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

ENGLISH SUMMARY:

Malayalam superstar Mohanlal has approached the Delhi High Court seeking protection of his personality rights. The actor requested a stay on the unauthorized use of his voice, image, and signature dialogues in AI-generated content and advertisements. While legally guarding his brand, Mohanlal is also gearing up for big projects like Drishyam 3 and a mega collaboration with Mammootty.