Image Credit : Instagram

രണ്‍വീര്‍ സിങ് നായകനായെത്തിയ ധുരന്ധര്‍: ദ് റിവഞ്ച് തിയറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. റിലീസായി 3 ദിവസത്തിനകം ചിത്രം 500 കോടിക്ക് മുകളിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും പവൻ കല്യാണിന്റെ മുൻഭാര്യയുമായ രേണു ദേശായി.  രാജ്യത്തോട് സ്നേഹമുളളവര്‍ തീര്‍ച്ചയായും ധുരന്ധര്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ കണ്ടിരിക്കണമെന്നും രേണു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താന്‍ മോദിയുടെയും ബിജെപിയുടെയും അന്ധഭക്തയാണെന്നും രേണു ദേശായി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച 2 സ്റ്റോറികളിലൂടെയാണ് രേണു ചിത്രത്തെക്കുറിച്ചും മോദിയെക്കുറിച്ചും പരാമര്‍ശിച്ചത്.

രേണുവിന്‍റെ കുറിപ്പ് ഇങ്ങനെ: 'ഇന്ത്യന്‍ സൈന്യത്തോടും രഹസ്യാന്വേഷണ ഏജന്‍സികളോടും അല്‍പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ധുരന്ധര്‍ 2 ഭാഗങ്ങളും കണ്ടിരിക്കണം. ഇവരെല്ലാം കാരണമാണ് നമ്മള്‍ വീടുകളില്‍ സമാധാനമായി കിടന്നുറങ്ങുന്നതും വീട്ടിലിരുന്ന് രാജ്യത്തെ തന്നെ കുറ്റം പറയാനും സാധിക്കുന്നതും' രേണു കുറിച്ചു. ചിത്രത്തില്‍ ഭവഗവത് ഗീതയെ ഉദ്ധരിക്കുന്ന ഭാഗത്തിന്‍റെ ചിത്രത്തിനൊപ്പം രേണു കുറിപ്പ് പങ്കുവച്ചത്. 

രണ്ടാമതായി പങ്കുവച്ച സ്റ്റോറിയിലാണ് രേണു മോദിയെക്കുറിച്ചും ബിജെപിയെക്കുറിച്ചും പരാമര്‍ശിച്ചിരിക്കുന്നത്. ചിത്രത്തിലെ ദാവൂദ് ഇബ്രാഹിമിന്‍റെ സംഭാഷണരംഗം കൂടി രേണു സ്റ്റോറിയില്‍ പങ്കുവച്ചിരുന്നു.  'ചായവില്‍പ്പനക്കാരന്‍ അധികാരത്തില്‍ വന്നതുമുതല്‍ ഞങ്ങളുടെ ആളുകളുടെ ഉളളില്‍ പേടിയാണ്' എന്നുളളതാണ് സംഭാഷണം. ഇതോടൊപ്പമാണ് ബിജെപിയുടെ അന്ധഭക്തയാണ് താനെന്നും മോദി അടിപൊളിയാണെന്നും രേണു ദേശായി കുറിച്ചത്. 

അതേസമയം ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍: ദ് റിവഞ്ച് ഒന്നാം ഭാഗം പോലെ തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്. ബോളിവുഡ് സ്പൈ ത്രില്ലർ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങിന് പുറമെ സാറ അര്‍ജുന്‍,  ആര്‍ മാധവന്‍, അക്ഷയ് ഖന്ന, സഞ്‍ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ENGLISH SUMMARY:

Dhurandhar The Revenge is a cinematic triumph, with Ranveer Singh leading the charge. The film has surpassed 500 crore at the box office within just three days of its release, garnering widespread acclaim.