മൂന്നുമാസമായി ‘ദുരന്തര്‍’ സിനിമ ഇറങ്ങിയിട്ട്. ബോളിവുഡിലെ ഏറ്റവും പണംവാരിപ്പടമെന്ന ഖ്യാതി ‘ദുരന്തര്‍’ നേടിക്കഴിഞ്ഞു. സിനിമയുടെ രണ്ടാം ഭാഗം ദുരന്തര്‍: ദ് റിവഞ്ചിന്‍റെ റിലീസ് ഈ മാസം പത്തൊന്‍പതിനാണ്. അതിനുമുന്നേ ഒരുവട്ടം കൂടി ഒന്നാംഭാഗം കണ്ട് നിര്‍വൃതി അടയാനിരുന്ന ആരാധകര്‍ ചിത്രത്തില്‍ കണ്ടെത്തിയ പിശകുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കോടികള്‍ വാരിയ സിനിമ കണ്‍മുന്നില്‍ ഒളിപ്പിച്ച വീഴ്ചകള്‍ തങ്ങള്‍ക്ക് എങ്ങനെ മിസ്സായി എന്ന് സ്വയം ചോദിക്കുകയാണ് ആരാധകര്‍.
സിനിമയിലെ ‘ഗെഹ്‍രാ ഹുവാ’ എന്ന ഗാനത്തിനെതിരെയാണ് ആദ്യം പരിഹാസങ്ങളുയര്‍ന്നത്. പാക്കിസ്ഥാനില്‍ എങ്ങനെയാണ് ഒരു പെണ്‍കുട്ടിക്ക് ശിരോവസ്ത്രമില്ലാതെ മോഡേണ്‍ ഡ്രസ് ധരിച്ച് പുറത്തിറങ്ങാനാകുക എന്നതായിരുന്നു ആരാധകരുടെ അന്നത്തെ സംശയം. പാക്കിസ്ഥാനിലെ സിവില്‍ സൊസൈറ്റിയെക്കുറിച്ചറിയാവുന്നവര്‍ ആ ചോദ്യത്തെ പുച്ഛിച്ചു. സിനിമയുടെ വിജയത്തില്‍ ആ ചോദ്യം മാഞ്ഞുപോവുകയും ചെയ്തു. എന്നാല്‍ സിനിമ വീണ്ടും കണ്ടവര്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങള്‍ തള്ളിക്കളയാനാവില്ല.
പാട്ടില്‍ കാണുന്ന മാള്‍ കറാച്ചിയിലാണെന്നാണ് സിനിമയില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് മുംബൈ മലാഡ് വെസ്റ്റിലെ ഇനോര്‍ബിറ്റ് മാളാണെന്ന് ആരാധകര്‍ കണ്ടെത്തി. ഇത്രയും നന്നായി ഷൂട്ട് ചെയ്ത ഒരു ചിത്രത്തിന് പാക്കിസ്ഥാനിലെന്ന് തോന്നിപ്പിക്കുന്ന നല്ലൊരു മാള്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ലേ എന്നാണ് ഒരുകൂട്ടരുടെ വിമര്‍ശനം. മാളിലെ ചില രംഗങ്ങളില്‍ ഒരു കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന നടരാജ, ഗണേശ വിഗ്രഹങ്ങളും കാണാം. ബുദ്ധവിഗ്രഹങ്ങളുമുണ്ട്. വിദേശരാജ്യങ്ങളിലെ സീനുകളെന്ന് പറഞ്ഞ് രാജ്യത്തെ സ്ഥലങ്ങളില്‍ തന്നെ ലൊക്കേഷനിടുന്നത് സാധാരണയാണ്. എന്നാല്‍ ലൊക്കേഷന്‍ തിരിച്ചറിയാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവിടെയും ദുരന്തര്‍ ടീം പരാജയപ്പെട്ടെന്നാണ് ആരാധകര്‍ പറയുന്നത്.