രണ്‍വീര്‍ സിങ്ങും അക്ഷയ് ഖന്നയും തകര്‍ത്തഭിനയിച്ച ധുരന്ദര്‍ സിനിമയുടെ ഗംഭീര വിജയം സമീപകാലത്ത് ബോളിവുഡ് ലോകം നേരിട്ട എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള മികച്ച മറുപടിയായിരുന്നു. ചിത്രത്തിന്റെ 37 ദിവസത്തെ വേള്‍ഡ് വൈഡ് കലക്ഷന്‍ 1245.75 കോടിയാണ്. സംവിധായകന്‍ പ്രിയദര്‍ശന്റെ പ്രിയ ശിഷ്യന്‍ കൂടിയാണ് ധുരന്ദര്‍ സിനിമയുടെ സംവിധായകന്‍ ആദിത്യ ധര്‍. ആദിത്യയായിരുന്നു പ്രിയദര്‍ശന്റെ ആദ്യകാല ചിത്രങ്ങളുടെ സംഭാഷണം നിര്‍വഹിച്ചിരുന്നത്.
പ്രിയദര്‍ശന്റെ ആക്രോശിലൂടെയും തേസിലൂടെയും ആദിത്യ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ആദിത്യയുടെ വിജയത്തില്‍ തനിക്ക് അങ്ങേയറ്റം സന്തോഷമുണ്ടെന്ന് പ്രിയദര്‍ശന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ‘എന്റെ ശിഷ്യന്‍ ഇത്രയും വലിയ ഉയരത്തിലെത്തിയത് കാണുന്നതിനേക്കാള്‍ വലിയ സന്തോഷമില്ല, ധുരന്ദറിന് ഹൃദയം നിറഞ്ഞ ആശംസകള്‍’ എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്. പ്രിയദര്‍ശന്റെ പോസ്റ്റില്‍ നന്ദിയറിയിച്ച ആദിത്യ സോഷ്യല്‍മീഡിയയില്‍ വികാരനിര്‍ഭരമായ ഒരു മറുപടി പോസ്റ്റും പങ്കുവച്ചു. ‘താന്‍ ആരുമല്ലാതിരുന്ന കാലത്തും തന്നെയൊപ്പം കൂട്ടി തന്നില്‍ വിശ്വാസമര്‍പ്പിച്ച് പല ഉത്തരവാദിത്തമേറിയ ജോലികളും ഏല്‍പ്പിച്ച ഗുരുവാണ് പ്രിയദര്‍ശനെന്നും വിലപ്പെട്ട പലതും തനിക്ക് നല്‍കിയെന്നും ആദിത്യ കുറിക്കുന്നു. കലാകാരന്‍ എന്ന നിലയില്‍ തന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നല്‍കിയ ധൈര്യത്തിനും പകര്‍ന്നു നല്‍കിയ അറിവുകള്‍ക്കും നന്ദിയെന്ന് കുറിപ്പില്‍ ആദിത്യ കൂട്ടിച്ചേര്‍ത്തു.
‘ഒരു സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല ഒരു മനുഷ്യന്‍ എന്ന നിലയിലും വലിയ പാഠങ്ങള്‍ അങ്ങ് പകര്‍ന്നു നല്‍കി. എന്റെ ഓരോ ചുവടുകളിലും പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ മുദ്രയുണ്ട്, ഞാന്‍ എപ്പോഴും അങ്ങയുടെ ശിഷ്യനായിരിക്കും. ഈ വിജയം എന്റേതും അങ്ങയുടേതുമാണ്’ എന്നുകൂടി പറയുന്നു ആദിത്യ. അക്ഷയ് കുമാർ, പരേഷ് റാവൽ, വാമിഖ ഗബ്ബി, തബു എന്നിവർ അഭിനയിക്കുന്ന ഭൂത് ബംഗ്ല എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് പ്രിയദര്‍ശന്‍.