രണ്‍വീര്‍ സിങ് നായകനയെത്തിയ 'ധുരന്ധർ' എന്ന ചിത്രത്തിലെ 'ശരാരത്' എന്ന ഗാനത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കൊറിയോഗ്രാഫർ വിജയ് ഗാംഗുലി. സൂപ്പര്‍ താരം തമന്ന ഭാട്ടിയയെ ഈ പാട്ടിൽ നിന്നും ഒഴിവാക്കി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും, താരത്തെ ഈ പാട്ടിനായി ഒരിക്കലും പരിഗണിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ കഥാസന്ദർഭത്തിന് തമന്നയെപ്പോലൊരു വലിയ താരത്തിന്‍റെ സാന്നിധ്യം അനുയോജ്യമാകില്ല എന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
തുടക്കത്തിൽ തന്‍റെ മനസില്‍ തമന്നയുടെ പേര് ഉണ്ടായിരുന്നെങ്കിലും, സംവിധായകൻ ആദിത്യ ധർ തീരുമാനത്തില്‍ ഉറച്ചുനിൽക്കുകയായിരുന്നു എന്നും വിജയ് വെളിപ്പെടുത്തി. ഈ ഗാനം കേവലം ഒരു 'ഐറ്റം ഡാൻസ്' ആയി മാറരുതെന്നും സിനിമയുടെ കഥാഗതിയുമായി ചേർന്നുനിൽക്കണമെന്നും സംവിധായകന് നിർബന്ധമുണ്ടായിരുന്നു. തമന്നയെപ്പോലൊരു സൂപ്പർ താരം നൃത്തം ചെയ്യുമ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവൻ ആ വ്യക്തിയിലേക്ക് മാറുമെന്നും, അത് ആ രംഗത്തെ ഗൗരവത്തെ ബാധിക്കുമെന്നും അണിയറപ്രവർത്തകർ ഒന്നടങ്കം വിലയിരുത്തുകയുണ്ടായി. അതുകൊണ്ടാണ് ക്രിസ്റ്റൈൽ ഡിസൂസ, അയേഷ ഖാൻ എന്നീ രണ്ട് പെർഫോമർമാരെ ഈ ഗാനത്തിനായി തിരഞ്ഞെടുത്തത്.
യഥാർത്ഥ സംഭവങ്ങളെയും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെയും ആസ്പദമാക്കി ആദിത്യ ധർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് 'ധുരന്ധർ'. റോ നടത്തിയ രഹസ്യ ഓപ്പറേഷനുകളിൽ നിന്നും, പാകിസ്ഥാനിലെ ലയാരി മേഖലയിലെ ക്രിമിനൽ സംഘങ്ങൾക്കെതിരെ നടന്ന 'ഓപ്പറേഷൻ ലയാരി'യിൽ നിന്നുമാണ് ഈ സിനിമ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ രണ്‍വീറിന് പുറമെ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, മാധവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.'ഉറി ദ് സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. അതേസമയം ഇതിനോടകം ഇന്ത്യന്‍ ബോക്സ് ഓഫിസില്‍ നിന്ന് 500 കോടി കളക്ഷന്‍ ചിത്രം സ്വന്തമാക്കി ആഗോള ബോക്സ് ഓഫിസില്‍ നിന്നും 700 കോടിയ്ക്കും മുകളിലാണ് ചിത്രം നേടിയത്.അടുത്ത് തന്നെ 1000 കോടി ക്ലബില്‍ കേറാനും സാധ്യതയുണ്ട്.